മംഗലാപുരത്ത് നിന്നെത്തിയ വിദ്യാര്‍ഥിക്ക് യുഡിഎഫ് ഭരിക്കുന്ന ഉദയംപേരൂര്‍ പഞ്ചായത്ത് ക്വാറന്‍റീന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപം

മംഗലാപുരത്ത് നിന്നെത്തിയ വിദ്യാര്‍ഥിക്ക്, പഞ്ചായത്ത് ക്വാറന്‍റീന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപം. യു ഡി എഫ് ഭരിക്കുന്ന കൊച്ചി ഉദയംപേരൂര്‍ പഞ്ചായത്ത് ക്വാറന്‍റീന്‍ സൗകര്യമൊരുക്കാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിക്ക് മണിക്കൂറുകളോളം ഓട്ടോറിക്ഷയില്‍ ക‍ഴിയേണ്ടിവന്നു.

പിന്നീട് എം സ്വരാജ് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം ജില്ലാകളക്ടര്‍ ഇടപെട്ട് യുവാവിനെ സര്‍ക്കാരിന്‍റെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. മംഗലാപുരത്ത് ന‍ഴ്സിങ്ങ് വിദ്യാര്‍ഥിയായ യുവാവ് രാവിലെ 10മണിയോടെയാണ് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനിലെത്തിയത്.തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ എത്തുകയായിരുന്നു.

എന്നാല്‍ റോഡ്സൈഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും ക്വാറന്‍റീന്‍ സൗകര്യം ഒരുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല.വീട്ടില്‍ ക്വാറന്‍റീനില്‍ ക‍ഴിയാനുള്ള സാഹചര്യമില്ലാത്തത് സംബന്ധിച്ച് യാത്രപുറപ്പെടും മുമ്പ് പഞ്ചായത്തിനെ അറിയിച്ചിരുന്നതാണെന്ന് വിദ്യാര്‍ഥി പറഞ്ഞു.പെയ്ഡ് ക്വാറന്‍റീന്‍ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും അതിനുള്ള സാമ്പത്തിക ശേഷി തന്‍റെ കുടുംബത്തിനില്ലെന്നും വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അധികൃതരോട് പറഞ്ഞിരുന്നു.

അനിശ്ചിതത്വം തുടരുന്നതിനിടെ വിവരമറിഞ്ഞ എം സ്വരാജ് എം എല്‍ എ ഇടപെട്ട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ് യുവാവിനെ പുതിയകാവ് ഗവ ആയുര്‍വേദ കോളേജിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

അതേസമയം പഞ്ചായത്തിന്‍റെ അനാസ്ഥക്കെതിരെ സി പി ഐ എം പ്രവര്‍ത്തകര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് തുടരുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി സിപിഐഎം ക‍ഴിഞ്ഞ ദിവസം കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

പഞ്ചായത്ത് പരിധിയില്‍ ക‍ഴിഞ്ഞ ദിവസം മറ്റൊരു യുവാവിന് കോവിഡ് സ്ഥിരീകരിച്ചിട്ടും വാര്‍ഡ്തല ജാഗ്രതാ സമിതി രൂപീകരിക്കാന്‍ പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News