തുടരുന്ന കൊള്ള: തുടര്‍ച്ചയായി എട്ടാം ദിവസവും ഇന്ധന വില കൂട്ടി; പെട്രോളിന് 4.51 രൂപയുടെയും ഡീസലിന് 4.40 രൂപയുടെയും വര്‍ധന

കോവിഡിലും അടച്ചിടലിലും രാജ്യം നട്ടംതിരിയവെ, തുടർച്ചയായി എട്ടാംദിനവും നിർദയം ഇന്ധനവില കൂട്ടി കേന്ദ്രം. ഒരാഴ്‌ചക്കിടെ പെട്രോൾ ലിറ്ററിന് 4.51 രൂപയും ഡീസലിന് 4.40 രൂപയും കൂട്ടി.

ശനിയാഴ്‌ച രാത്രി ഡീസലിന്‌ 60 പൈസയും പെട്രോളിന്‌ 62 പൈസയുമണ്‌ വർധിപ്പിച്ചത്‌. ഇതോടെ തിരുവനന്തപുരത്ത്‌ പെട്രോളിന്‌ ലിറ്ററിന്‌ 76.82 രൂപയും ഡീസലിന്‌ 70.91 രൂപയുമായി.

രാജ്യാന്തരവിപണിയിൽ എണ്ണവിലകൂടിയെന്ന പേരിൽ ഈ മാസം ഏഴുമുതലാണ് വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽവില അനുദിനം കൂട്ടി.

കഴിഞ്ഞ മെയ്‌ അഞ്ചിനു എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറായി ഇടിഞ്ഞപ്പോൾ രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയ്യാറായില്ല. പകരം പ്രത്യേക അധിക എക്‌സൈസ്‌ തീരുവയും റോഡ് സെസും കൂട്ടി ഇന്ധനവില താഴാതെ നിലനിർത്തി.

വിലക്കുറവ് ജനങ്ങളിൽ എത്താതിരിക്കാൻ അന്ന് പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയുമാണ് കൂട്ടിയത്. ‌മാർച്ച്‌ 14നു പെട്രോളിന്റെയും ഡീസലിന്റെയും തീരുവകൾ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു.

ഈ രണ്ട്‌ ‌വർധന വഴി രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ്‌ കേന്ദ്രം നേടിയത്. പ്രത്യേക അധിക എക്‌സൈസ്‌ തീരുവ വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല.

മോഡിസർക്കാർ 2014ൽ അധികാരത്തിൽവരുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം തീരുവ യഥാക്രമം 9.48 രൂപ, 3.56 രൂപ വീതമായിരുന്നു.

ഇപ്പോൾ 32.98 രൂപ, 31.83 രൂപ എന്ന നിലയിൽ. 2014–-17ൽ ‌ എക്‌സൈസ്‌ തീരുവ 10 തവണ കൂട്ടി. അതുവഴി അഞ്ചര ലക്ഷം കോടി രൂപയാണ് പിഴിഞ്ഞെടുത്തത്‌. റിലയൻസ്‌, എസ്സാർ, ഷെൽ ഇന്ത്യ എന്നീ സ്വകാര്യകമ്പനികളും ഇതിലൂടെ കൊള്ളലാഭം കൊയ്യുന്നു.

ഇന്ധനവില കുറയ്ക്കണം : കേരളം

ഇന്ധനവില കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രാധാന് കത്തയച്ചു‌.

കോവിഡ്- പടരുന്ന സമയത്തും പെട്രോൾ, ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രനടപടിയിൽ പ്രതിഷേധവും അറിയിച്ചു. കഴിഞ്ഞ എട്ട്‌ ദിവസമായി തുടർച്ചയായുള്ള വിലവർധന ഗതാഗതമേഖലയെയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുകയാണ്‌.

ക്രൂഡോയിലിന് വിലകുറയുമ്പോൾ മറുഭാഗത്ത്‌ വില വർധിപ്പിക്കുന്നത് വിരോധാഭാസമാണ്‌. ഡീസലിനും പെട്രോളിനും എക്സൈസ് തീരുവ വൻതോതിൽ വർധിപ്പിച്ച കേന്ദ്ര നടപടി അമ്പരപ്പ് ഉണ്ടാക്കുന്നു.

ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ച്‌ ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണമെന്നും വർധിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറയ്‌ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News