ഐഎൻറ്റിയുസിയിലെ പടലപിണക്കം കശുവണ്ടി മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നു

ഐഎൻടിയുസിയിലെ പടല പിണക്കം കശുവണ്ടി മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നതായി കാഷ്യു കോർപ്പറേഷൻ ചെയർമാനും ബോർഡ് അംഗങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കശുവണ്ടി കോർപ്പറേഷനിലെ തൊഴിലാളികളെ ബാധിക്കുന്ന ഏതുപ്രശ്‌നവും ബോർഡിൽ ചർച്ച ചെയ്യുന്നതോടൊപ്പം സെട്രൽ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ച് ചേർത്ത് ധാരണ ആക്കിയാണ് നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ 4 യോഗങ്ങൾ ആ നിലയിൽ കൂടിയിട്ടുണ്ട്.

ഈ യോഗങ്ങളിലെല്ലാം ഐ.എൻ.ടി.യു.സിയുടെ 2 പ്രതിനിധികളടക്കം പങ്കെടുത്തിട്ടുമുണ്ട്. അവർകൂടി അംഗീകരിച്ചതാണ് കോർപ്പറേഷൻ നടപ്പിലാക്കിയിട്ടുള്ളത്. കോർപ്പറേഷൻ വിളിക്കുന്ന യോഗത്തിൽ വന്ന് പറയുന്നത് ഒന്നും തൊഴിലാളികളോട് പറയുന്നത് മറ്റൊന്നുമാണ്.

തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ നൽകുക എന്നത് കേന്ദ്രഗവൺമെന്റ് തീരുമാനമാണ്. നോട്ടുകൾ ഫാക്ടറിയിൽ വച്ച് എണ്ണുകയും കൈമാറുകയും ചെയ്യുന്നത് കോവിഡ് കാലത്ത് അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

1 കോടി രൂപയിൽ കൂടുതൽ അക്കൗണ്ട് വഴി അല്ലാതെ പിൻവലിച്ചാൽ 2 ലക്ഷം ബാങ്കിന് നൽകണം. ഈ വർഷം കാഷ്യു കോർപ്പറേഷന് 5 കോടി രൂപയാണ് അതുവഴി നഷ്ടംവരുന്നത്. ഇത് ഒഴിവാക്കാനാണ് ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം നൽകുന്നത്.

തൊഴിലാളികളുടെ യഥാർത്ഥ ശമ്പളവും ആനുകൂല്യങ്ങളും ലിഭിയ്ക്കാനും അക്കൗണ്ടിലൂടെ നൽകുന്നത് സഹായകരമായിരിക്കുമെന്നാണ് തൊഴിലാളി യൂണിയനുകളുടെയും തൊഴിലാളികളുടെയും അഭിപ്രായം. ഡിഗ്രി പാസ്സായ തൊഴിലാളികളെ ഫാക്ടറി ക്ലാർക് ആക്കി എന്നതിനെയും എതിർക്കുന്നത് തൊഴിലാളികളോട് കൂറില്ലാത്തവർക്ക് മാത്രമെ കഴിയു.

ജീവിതദുരിതംമൂലം ഷെല്ലിംഗ്, പീലിംഗ്, ഗ്രേഡിംഗ് തൊഴിലാളികളായി വർഷങ്ങളായി ജോലി ചെയ്ത് വന്ന 20 തൊഴിലാളികളെയും, കായികരംഗത്ത് സാർവ്വദേശീയ ദേശീയ മെഡൽ കരസ്ഥമാക്കിയ 2 തൊഴിലാളികളെയും ഫാക്ടറികളിലെ സ്റ്റാഫ് ആക്കി മാറ്റി. കോർപ്പറേഷൻ രൂപം കൊണ്ടതിന് ശേഷം തൊഴിലാളികൾക്ക് വേണ്ടി സ്വീകരിച്ച ഏറ്റവുംവലിയ നേട്ടമായിട്ടാണ് പൊതുസമൂഹവും തൊഴിലാളികളും ഇതിനെ വിലയിരുത്തുന്നത്. അതിനെതിരെ സമരം നടത്താൻ ഐ.എൻ.ടി.യു.സിയ്ക്കാല്ലാതെ ആർക്കാണ് കഴിയുക.

ഐ.എൻ.ടി.യു.സി തമ്മിലടിമൂലം പരസ്പര ആരോപണങ്ങളുടെ പേരിൽ സിബിഐ അന്വേഷണത്തിൽ വരെ എത്തിനിൽക്കുന്ന വലിയ അഴിമതി നടന്ന കാലമായിരുന്നു യുഡിഎഫ്‌ന്റേതതെന്നും ഐ.എൻ.ടി.യു.സി മറന്നുപോകരുത്.

തൊഴിലാളികൾക്ക് എല്ലാ ദിവസവും തൊഴിലും ആനുകൂല്യങ്ങൾ കൃത്യമായും നൽകിവരുന്ന കോർപ്പറേഷനെയും അതിന് സഹായകരമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിനെയും മോശപ്പെടുത്തുന്ന സമര മാർഗ്ഗങ്ങളിൽ നിന്നും ഐ.എൻ.ടി.യു.സി പിന്തിരിയണമെന്നും കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ജി.ബാബു (എ.ഐ.ടി.യുസി), സജി.ഡി.ആനന്ദ് (യു.ടി.യു.സി), ആർ.സഹദേവൻ (സി.ഐ.ടി.യു) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News