പി. കേശവദേവ് പുരസ്‌കാരം: വിജയകൃഷ്ണനും ഡോ. അരുണ്‍ ബി. നായരും ജേതാക്കള്‍

പതിനാറാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിനു വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ് സ്‌ക്രീന്‍ കേരള കേശവദേവ് പുരസ്‌കാരത്തിനു ഡോ. അരുണ്‍ ബി. നായരും (ആരോഗ്യ വിദ്യാഭ്യാസം) അര്‍ഹരായി.

50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ കേശവദേവ് ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി നടന്ന പത്രസമ്മേളനത്തില്‍ കേശവദേവ് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. പി.ജി. ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണു ജേതാക്കളെ പ്രഖ്യാപിച്ചത്.

30നു വൈകീട്ട് അഞ്ചിനു തിരുവനന്തപുരം പി. കേശവദേവ് ഹാളില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സണ്‍ സീതാലക്ഷ്മി ദേവ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 10 പേര്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുക്കുക.

ഡോ. ജോര്‍ജ് ഓണക്കൂര്‍, സീതാലക്ഷ്മി ദേവ്, കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. എന്‍. അഹമ്മദ് പിള്ള എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണു പുരസ്‌കാര ജേതാവായി വിജയകൃഷ്ണനെ തെരഞ്ഞെടുത്തത്.

ഡോ. ബാലഗോപാല്‍, ഡോ. അരുണ്‍ ശങ്കര്‍, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണു ഡോ. അരുണ്‍ ബി. നായരെ പുരസ്‌കാരത്തിനുവേണ്ടി തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here