
മലപ്പുറം താനൂരിൽ പോലീസിനെ ആക്രമിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിയെ മോചിപ്പിച്ചു. ഞായറാഴ്ച പകൽ പതിനൊന്നോടെ താനൂർ ചാപ്പപ്പടിയിലാണ് സംഭവം. ട്രോമാകെയർ വളണ്ടിയർ ജാബിറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനായി എത്തിയപ്പോഴാണ് സംഭവം.
സംഘടിച്ചെത്തിയ മുസ്ലിംലീഗ് അക്രമികൾ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും പൊലീസിനെ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന പ്രതികളിൽ ഒരാളെ അക്രമി സംഘം മോചിപ്പിച്ചു. ആവശ്യത്തിന് ഫോഴ്സ് ഇല്ലാത്തതിനാൽ പൊലീസ് സംഘം പിൻമാറുകയായിരുന്നു.
മുസ്ലിം ലീഗ് അക്രമി സംഘം പ്രദേശത്ത് പതിയിരുന്നാണ് അക്രമം നടത്തിയതെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം പൊലീസിന്
ലഭിച്ചിട്ടുണ്ട്. മാത്രമല്ല സംഘടിച്ച് പോലീസ് വാഹനം തകർക്കുന്ന ദൃശ്യവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
കല്ലേറിൽ പൊലീസ് വാഹനത്തിന് പരിക്കേറ്റു. പോലീസിനെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തതായി താനൂർ സിഐ പി പ്രമോദ് പറഞ്ഞു.
ഒന്നരമാസം മുമ്പാണ് ട്രോമാകെയർ വളണ്ടിയറായ പണ്ടാരക്കടപ്പുറം സ്വദേശി പൗറുക്കടവത്ത് ജാബിറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് താനൂർ നഗരത്തിൽ ട്രോമാകെയർ വളണ്ടിയർമാർ കാവൽ നിന്നിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കെപിസി റോഡിന് സമീപത്തെ ലീഗ് ഓഫീസിനു മുൻ വശത്തു വച്ചാണ് ജാബിറിനെ ആക്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here