കേരള നീം ജി ഇ ഓട്ടോയുടെ നിർമാണം ഊർജ്ജിതം; 9 വിൽപന-സേവന കേന്ദ്രങ്ങൾ ഒരുങ്ങി

ലോക്ഡൗണിന് ശേഷം അസംസ്‌കൃതവസ്തുക്കൾ എത്തിയതോടെ കേരള നീം ജി ഇ ഓട്ടോയുടെ നിർമാണം ഊർജ്ജിതമായി. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണം പുരോഗമിക്കുകയാണ്. ഓട്ടോയുടെ വിൽപനയും ബുക്കിങ്ങും നേരത്തെ ആരംഭിച്ചിരുന്നു.

ഓട്ടോയുടെ ബാറ്ററികൾ ചൈനയിൽ നിന്നാണെത്തുന്നത്. മാർച്ചിൽ ചൈനയിൽ നിന്നും ഡൽഹിയിലെത്തിയ ബാറ്ററികൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കേരളത്തിൽ എത്തിക്കാനായിരുന്നില്ല. ലോക്ഡൌൺ ഇളവുകൾ വരികയും ചൈനയിൽ സ്ഥിഗതികൾ ശാന്തമാകുകയും ചെയ്ത സാഹചര്യത്തിൽ ബാറ്ററിയുടെ വരവ് പുനരാരംഭിച്ചു.

ഇതോടെ ഓട്ടോ നിർമാണം ഊർജ്ജിതമായി. പ്രതിമാസം 200 ഓട്ടോകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പൂർണതോതിൽ നിർമാണം നടത്താനായി അസംബ്ലി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്താകെ 9 വിൽപന-സേവന കേന്ദ്രങ്ങൾ ഒരുങ്ങിയിട്ടുണ്ട്. ആറ്റിങ്ങൽ, അടൂർ, ചിങ്ങവനം, ഷൊർണൂർ എന്നിവിടങ്ങളിൽ ഇതിനോടകം പ്രവർത്തനമാരംഭിച്ചു. വിൽപന, സർവീസ്, ചാർജ്ജിങ് ഉൾപ്പെടെ എല്ലാവിധ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ചിങ്ങവനം ഷോറൂമിലേക്ക് 9 വണ്ടികൾ വിതരണം ചെയ്തു. ഇതിന്റെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ചങ്ങനാശേരി, എറണാകുളം, മൂവാറ്റുപുഴ, തൃശൂർ, തിരൂർ ഷോറൂമുകൾ ഉടൻ ആരംഭിക്കും. രാജ്യത്തിന് പുറത്ത് നേപ്പാളിലും ഉടൻ ഷോറൂം തുടങ്ങും.

ആന്ധപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രങ്ങൾ ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. കോവിഡ് ഭീഷണി ഒഴിവാകുന്ന മുറയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഷോറൂമുകൾ തുടങ്ങും.

വിൽപന കേന്ദ്രങ്ങൾ വഴിയും കമ്പനിയിൽ നേരിട്ടും ബുക്കിങ് സ്വീകരിക്കും. നേരിട്ടുള്ള ബുക്കിങ്ങുകളുടെ വിൽപന അതത് മേഖലകളിലെ വില്പനകേന്ദ്രങ്ങൾ വഴി നടത്തും. 2017-18 സാമ്പത്തിക വർഷത്തിൽ 80 ലക്ഷം രൂപ മാത്രം വിറ്റുവരവുണ്ടായിരുന്ന സ്ഥാപനം 2020-21 ൽ 25 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

ഇ ഓട്ടോയ്ക്ക് ആവശ്യമായ ബാറ്ററികൾ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ് ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് നിർമിച്ചു. ബാറ്ററി നിർമാണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സ്ഥാപനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News