കൊല്ലം കടയ്ക്കലിലെ പൊലീസുകാരന്‍റെ മരണം: സുഹൃത്ത് വിഷ്ണു അറസ്റ്റില്‍; അഖിലിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

കൊല്ലം കടയ്ക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ പൊലീസുകാരന്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കല്‍ പൊലീസാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. അഖില്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം കുടിച്ചത് ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് ആണെന്നാണ് പൊലീസിന്‍റെ നിഗമനം.

വിഷ്ണുവും ഇവര്‍ക്കൊപ്പം മദ്യപിച്ചെങ്കിലും വിഷ്ണുവിന് മാത്രമാണ് അസ്വസ്ഥതകള്‍ അനുഭവപ്പെടാതിരുന്നത്. അഖിലിൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

കൊവിഡ് പരിശോധന ഫലം കൂടി ലഭിച്ച ശേഷമാകും പോസ്റ്റുമോർട്ടം. വെള്ളിയാഴ്ച്ച രാത്രി അഖിലിനൊപ്പം മദ്യപിച്ച മൂന്ന് സുഹൃത്തുക്കൾ പൊലീസ് നിരീക്ഷണത്തിലാണ്.

മലപ്പുറം എം.എസ്.പി ക്യാംപിലെ കമാൻ്റോയായിരുന്നു മരിച്ച അഖിൽ. ശനിയാഴ്ച്ച രാവിലെ മുതൽ അഖിലിന് ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു.

ചികിത്സയ്ക്കായി ഞായറാഴ്ച്ച പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെട്ടു. അഖിലും മൂന്ന് സുഹൃത്തുക്കളും വെള്ളിയാഴ്ച്ച രാത്രി മദ്യപിച്ചിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മദ്യത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ഉണ്ടായ വിഷബാധ മരണത്തിന് കാരണമായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അഖിലിൻ്റെ രണ്ട് സുഹൃത്തുക്കളും സമാന രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.

ഈ രണ്ടു പേരടക്കം മൂന്ന് സുഹൃത്തുക്കൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവർ മദ്യപിച്ചെന്ന് കരുതുന്ന പാറക്വാറിയിൽ എക്സൈസും പൊലീസും പരിശോധന നടത്തി.

പ്രദേശത്തെ വ്യാജവാറ്റുകാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.കൊവിഡ് പരിശോധന ഫലം ലഭിച്ച ശേഷമേ അഖിലിൻ്റെ പോസ്റ്റുമോർട്ടം ചെയ്യു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here