സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചോ? പൊലീസ് പിന്നാലെയുണ്ട്

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരുടെ പിന്നാലെ മഹാരാഷ്ട്ര സൈബര്‍ സെല്‍.

സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിയായ മഹാരാഷ്ട്ര സൈബറാണ് ചിത്രം പ്രചരിപ്പിച്ചവരെ അന്വേഷിച്ചിറങ്ങിയത്.

സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മഹാരാഷ്ട്ര സൈബര്‍ യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

”അന്തരിച്ച നടന്‍ സുശാന്ത് സിംഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഒരു പ്രവണത മഹാരാഷ്ട്ര സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ചിത്രങ്ങള്‍ നിയമപരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും കോടതി നിര്‍ദ്ദേശങ്ങള്‍ക്കും എതിരാണെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരും.”

അതേസമയം, സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയേയും നടന്‍ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

മരണദിവസത്തിന്റെ തലേന്ന് സുശാന്ത് ഇവര്‍ രണ്ടു പേരെയും ഫോണില്‍ വിളിച്ചതായി പൊലീസ് കണ്ടെത്തി. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇരുവരുടെയും മൊഴിയെടുത്ത ശേഷം അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സുശാന്തിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍ ഇന്നലെയാണ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

സംസ്‌കാര ചടങ്ങുകള്‍ക്കായി പാട്‌നയിലെ കുടുബ വീട്ടിലെത്തിയപ്പോഴാണ് സുശാന്തിന്റെ അമ്മാവന്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് അറിയില്ലെന്നും സുശാന്തിന്റെ അമ്മാവന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

അതേസമയം, സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയില്‍ നിന്ന് കുറിപ്പുകളോ മറ്റു സൂചനകളോം കണ്ടെടുത്തിയിട്ടില്ല. അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും പൊലീസ് ചോദ്യം ചെയ്യും.

ഈ മാസം ആറാം തീയതിയാണ് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്‍ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News