തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം: ചെന്നൈ അടക്കം നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; രോഗം ബാധിച്ച 277 പേരെ കാണാനില്ല; തെലങ്കാനയിലും സ്ഥിതി രൂക്ഷം; ദില്ലിയില്‍ ദിവസം 18,000 ടെസ്റ്റ് നടത്താന്‍ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 19 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്‍കിയ ശുപാര്‍ശപ്രകാരമാണ് തീരുമാനം.

വൈറസ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പൊലീസ് സഹായം തേടിയിരിക്കുകയാണ്.

തെലങ്കാനയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പുതുതായി 237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4957 ആയി. ജന്‍ഗാവോണ്‍ എംഎല്‍എ മുതിറെഡ്ഢി യാദഗിരി റെഡ്ഢി, ടിആര്‍എസ് നേതാവും നിസാമാബാദ് റൂറല്‍ എംഎല്‍എയുമായ ബാജിറെഡ്ഢി ഗോവര്‍ധനും കൊവിഡ് സ്ഥിരീകരിച്ചത്. യാദഗിരി റെഡ്ഢിയുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഭാര്യക്കും ഗണ്‍മാനും ഉള്‍പ്പടെ നാലുപേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ദില്ലിയില്‍ ഒരു ദിവസം 18000 കൊവിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം. ദില്ലിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News