കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസ്; പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസില്‍ പ്രതികളെ 7 ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.പ്രതികളുടേത് ദേശ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയാണൊയെന്ന് പരിശോധിക്കുകയാണെന്ന് എന്‍ ഐ എ കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിലിരുന്ന കപ്പലില്‍ നിന്ന് മോഷ്ടിച്ച കംപ്യൂട്ടര്‍ പ്രൊസസ്സര്‍ പ്രതികള്‍ ഒ എല്‍ എക്സിലൂടെ വിറ്റുവെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

കപ്പലില്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകളും പ്രോസസ്സറുകളും മോഷഷം പോയത് ദേശസുരക്ഷയെ ബാധിച്ചിട്ടുണ്ടൊയെന്ന് പരിശോധിച്ച് വരികയാണെന്ന് എന്‍ ഐ എ വിശദീകരിച്ചു.മോഷണം കൊച്ചി കപ്പല്‍ശാലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും എന്‍ ഐ എ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

ഹാര്‍ഡ് ഡിസ്ക്കുകള്‍ ഉള്‍പ്പടെ മോഷണം പോയ 20 സാമഗ്രികളില്‍ 19 എണ്ണം പ്രതികളെ അറസ്റ്റ് ചെയ്ത ദിവസംതന്നെ കണ്ടെത്തിയിട്ടുണ്ട്.അവശേഷിക്കുന്ന ഒരു പ്രൊസസ്സര്‍ പ്രതികള്‍ ഒ എല്‍ എക്സ് വ‍ഴി വിറ്റുവെന്നും ഇത് റിക്കവര്‍ ചെയ്യണമെന്നും എന്‍ ഐ എ അറിയിച്ചു.

കപ്പിലിലെ പെയിന്‍റിംഗ് കരാര്‍ തൊ‍ഴിലാളികളായ രാജസ്ഥാന്‍ ബീഹാര്‍ സ്വദേശികള്‍ മോഷണം നടത്തിയതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നറിയാന്‍ ഇരുവരെയും ശാസ്ത്രീയമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനായി പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നുമായിരുന്നു എന്‍ ഐ എയുടെ ആവശ്യം.

അപേക്ഷ പരിഗണിച്ച കോടതി ഇരുവരെയും 7 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിടുകയായിരുന്നു.ക‍ഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കപ്പലില്‍ മോഷണം നടത്തിയ പ്രതികളെ ബീഹാറില്‍ നിന്ന് ഇക്ക‍ഴിഞ്ഞ 10നാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്.

കരാറുകാരന്‍ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ട വൈരാഗ്യത്തെത്തുടര്‍ന്നാണ് കപ്പലില്‍ മോഷണം നടത്തിയതെന്നാണ് പ്രതികളായ ദയറാം,സുമിത്കുമാര്‍ സിംഗ് എന്നിവര്‍ എന്‍ ഐ എയ്ക്ക് നല്‍കിയിരിക്കുന്ന മൊ‍ഴി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here