കേന്ദ്രത്തിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി 16-ന്‌ നടക്കുന്ന പ്രതിഷേധദിനം വന്‍വിജയമാക്കണമെന്ന് കോടിയേരി

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി ജൂണ്‍ 16-ന്‌ നടക്കുന്ന പ്രതിഷേധദിനം വന്‍വിജയമാക്കാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു. രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തില്‍ പത്ത്‌ ലക്ഷം പേര്‍ അണിനിരക്കും. രാവിലെ 11 മുതല്‍ 12 വരെയാണ്‌ സമരം സംഘടിപ്പിക്കുക.

കൊവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില ദിവസേന വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പത്‌ ദിവസമായി തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു. ക്രൂഡ്‌ ഓയിലിന്റെ വില വന്‍തോതില്‍ കുറഞ്ഞപ്പോഴാണ്‌ തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ ജനങ്ങളെ കൊള്ളയടിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നത്‌.

അത്യന്തം പ്രതിഷേധാര്‍ഹമായ സമീപനമാണിത്‌. ഇതിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതിന്റെ ഭാഗമായി കൂടിയാണ്‌ ജൂണ്‍ 16-ന്‌ കേരളത്തില്‍ ജനലക്ഷങ്ങള്‍ ധര്‍ണ്ണാസമരം സംഘടിപ്പിക്കുന്നത്‌.

ആദായനികുതിക്കുപുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേയ്‌ക്ക്‌ നല്‍കുക, ഒരാള്‍ക്ക്‌ 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പുവേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക – നഗരങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, ജോലി ഇല്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക, ഇന്ധനവില വര്‍ദ്ധനവ്‌ പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്‌ സമരം സംഘടിപ്പിക്കുന്നത്‌.

കൊവിഡ്‌ മഹാമാരിയേയെയും ദേശീയ ലോക്‌ഡൗണിനെയും ഹിന്ദുത്വ അജണ്ട തീവ്രമാക്കാനും, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ശക്തിപ്പെടുത്താനും ഉപയോഗിക്കുകയാണ്‌. ജനങ്ങളില്‍ നിന്നും പല നിലയില്‍ നികുതി പിഴിഞ്ഞെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്‌.

വരുമാനം മുഴുവന്‍ കേന്ദ്രത്തിന്റെ കൈപ്പിടിയിലൊതുക്കുകയും ഉത്തരവാദിത്തങ്ങള്‍ സംസ്ഥാനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുകയുമാണ്‌. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളെയും ഫെഡറല്‍ തത്വങ്ങളെയും പൂര്‍ണ്ണമായും നിരാകരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്‌.

ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുകയും, ബഹുജനങ്ങളെ അവഗണിക്കുകയുമാണ്‌ ചെയ്യുന്നത്‌. രാജ്യത്തെ പൊതു ആരോഗ്യരക്ഷാ സംവിധാനങ്ങളാകെ കേന്ദ്ര സര്‍ക്കാര്‍ നയം കാരണം ദുര്‍ബലപ്പെടുകയാണ്‌. പൗരന്മാരുടെ ജീവന്‍ തന്നെ അത്‌ അപകടപ്പെടുത്തിയിരിക്കുകയാണ്‌. തൊഴിലാളിവര്‍ഗ്ഗം പൊരുതിനേടിയ അവകാശങ്ങളും എല്ലാ തൊഴില്‍ നിയമങ്ങളും റദ്ദാക്കപ്പെടുകയാണ്‌.

മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു. ഇതിലെല്ലാമുള്ള ശക്തമായ പ്രതിഷേധം രാജ്യത്താകെ അലയടിക്കും. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ ഈ സമരം വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News