പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിട്ടയച്ചു

കാണാതായ രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെയും വിട്ടയച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് പേരും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്ത് തിരികെ എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താൻ പ്രതിനിധിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.

ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിൽ നിയോഗിച്ചിരുന്ന രണ്ട് സിഐഎസ്എഫ് ജീവനക്കാരെ ഇന്ന് രാവിലെ മുതലാണ് കാണാതായത്.
രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്. ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാതായത്. ദില്ലിയിൽ വിസ സെക്ഷനിലാണ് നാടുകടത്തപ്പെട്ടവർ ജോലി ചെയ്തിരുന്നത്.

അതേസമയം ഇരുവരും പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെ കസ്റ്റഡിയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ പാകിസ്താൻ പ്രതിനിധിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐഎസ്ഐ പിന്തുടരുന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐഎസ്ഐ അംഗം സ‌ഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതമാണ് ഇന്ത്യ പുറത്തുവിട്ടത്. ബൈക്കിലാണ് ഇയാൾ വാഹനത്തെ പിന്തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News