മത്സ്യലേലക്കാരുടെ ചൂഷണം ഒഴിവാക്കാൻ ഓർഡിനൻസ്; മീനിന്‌ ന്യായമായ വില നിശ്ചയിക്കാനുള്ള അവകാശം തൊഴിലാളികളിലേക്ക്

കടലിനോട്‌ മല്ലിട്ട് കിട്ടുന്ന‌ മീനുമായി കരയ്‌ക്കെത്തുമ്പോൾ ഇടനിലക്കാരന്റെ നീരാളിക്കൈയിൽ പെടാനാണ്‌ സാധാരണ മത്സ്യത്തൊഴിലാളിയുടെ വിധി. എന്നാൽ, ഇനി കഥ മാറാൻ പോകുന്നു. പിടിക്കുന്ന മീനിന്‌ ന്യായമായ വില നിശ്ചയിക്കാനുള്ള അവകാശം തൊഴിലാളികളിലേക്കെത്തും.

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓർഡിനൻസ് യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ‌ ഇടനിലസമ്പ്രദായം അവസാനിക്കും. നിലവിൽ കരയ്‌ക്കെത്തിക്കുന്ന മത്സ്യങ്ങളുടെ വില നിശ്ചയിക്കുന്നത്‌ ഇടനിലക്കാരാണ്‌.

തരകന്മാർ, ലേലക്കാർ, കമീഷൻ ഏജന്റുമാർ തുടങ്ങി ചൂഷണത്തിന്റെ അനവധി നീരാളിക്കൈകളാണ്‌‌ കടലിൽ പണിയെടുക്കുന്നവരുടെ ചോര കുടിക്കാൻ കരയിലുള്ളത്‌. തുടക്കത്തിൽ നൽകുന്ന വില സമയംകഴിയുതോറും കുറച്ച്‌‌ ഏജന്റുമാരും ലേലക്കാരും തമ്മിൽ ഒത്തുകളിച്ചാണ്‌ ഇവർ കൊഴുക്കുന്നത്‌‌.

വൻകിട ബോട്ടുകളിൽ എത്തുന്ന മീനിന്‌ മികച്ച വില ഇവർ ഉറപ്പാക്കും. എന്നാൽ, ചെറിയ വള്ളങ്ങളിലെയും ബോട്ടുകളിലെയും മീനുകളുടെ വില കുറച്ച്‌ പാവങ്ങളെ ചൂഷണംചെയ്‌ത്‌ പണം വാരും. പരിഷ്‌കൃത സമൂഹത്തിന്‌ ചേരാത്ത കാര്യങ്ങളാണ്‌‌ ഈ മേഖലയിൽ നടക്കുന്നതെന്ന്‌‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറയുന്നു.

മത്സ്യലേലവിലയിൽനിന്ന് 15 ശതമാനംവരെ ലേലക്കിഴിവ് എന്ന പേരിൽ യാന ഉടമകളിൽനിന്ന്‌ ഇവർ കൈക്കലാക്കുന്നു. ലേലക്കാർ, തരകന്മാർ, ഉടമ്പടി കരാറുകാർ തുടങ്ങിയവരുടെ ലേല കമീഷൻ വേറെയും. 22 കിലോയുള്ള 12 കുട്ട മത്സ്യം കരയ്‌ക്കെത്തിയാൽ രണ്ട്‌ കുട്ട ലേലക്കാരന്‌ നൽകേണ്ടതും പതിവ്‌. ഈ വിചിത്രാചാരങ്ങൾക്കാണ്‌ പുതിയ തീരുമാനത്തോടെ അറുതിവരുന്നത്‌.‌

ഇനി സർക്കാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽമാത്രമേ യാനങ്ങൾ അടുപ്പിക്കാനും മത്സ്യം വിൽക്കാനുമാകൂ. ജില്ലാടിസ്ഥാനത്തിൽ അതതു ദിവസത്തെ അടിസ്ഥാന മത്സ്യവില നിശ്ചയിക്കാൻ വ്യവസ്ഥാപിത മാർഗവുമുണ്ടാകും.

ആദ്യ യാനത്തിനും അവസാന യാനത്തിനും അടിസ്ഥാനവില ഉറപ്പാക്കും. ലേലക്കാരനെ വ്യവസ്ഥകളിലൂടെ സർക്കാർ നിശ്ചയിക്കും. മത്സ്യവിലയുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ നഷ്ടം തൊഴിലാളിക്ക്‌ ഉണ്ടാകാത്തവിധം ഇത്‌ ക്രമീകരിക്കും. തെറ്റിച്ചാൽ രണ്ടുമാസം തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കും.ആവർത്തിച്ചാൽ ഒരു വർഷം ജയിലിലും കിടക്കേണ്ടിയും വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News