വംശീയതയ്‌ക്കെതിരായ പ്രതിഷേധം ലോകമെങ്ങും പടരുന്നു; ബ്രിട്ടനില്‍ കമ്മീഷന്‍

ബ്രിട്ടനിൽ വംശീയതയും മറ്റുതരം അസമത്വങ്ങളും നേരിടാൻ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമീഷൻ പ്രഖ്യാപിച്ചു.

അമേരിക്കയിൽ ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന്‌ ലോകമെങ്ങും വംശീയതയ്‌ക്കെതിരെ ജനവികാരം ശക്തമാകുന്നതിനോട്‌ പ്രതികരിച്ചാണിത്‌. അമേരിക്കയിൽ ആവർത്തിക്കുന്ന വംശീയ കൊലപാതകങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിൽ പ്രതിഷേധം തുടരുകയാണ്‌.


ആയിരക്കണക്കിനാളുകൾ പ്രതിഷേധത്തിൽ അണിചേരുന്നത്‌ അവഗണിക്കാനാകില്ലെന്ന്‌ ബോറിസ്‌ ജോൺസൺ ‘ദി ഡെയ്‌ലി ടെലിഗ്രാഫ്‌’ പത്രത്തിൽ എഴുതി. വംശീയതയെ നേരിടുന്നതിൽ നമ്മൾ വലിയ പുരോഗതി കൈവരിച്ചു എന്ന്‌ വെറുതെ പറയുന്നതിൽ കാര്യമില്ല.

ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്‌. പ്രതിമകൾ തകർക്കുന്നതിനോട്‌ വിയോജിച്ച ജോൺസൺ ഭൂതകാലത്തെ പുനർരചിക്കുകയല്ല, വർത്തമാനത്തെ അഭിമുഖീകരിക്കുകയാണ്‌ വേണ്ടതെന്ന്‌ അഭിപ്രായപ്പെട്ടു. എന്നാൽ, അവലോകനങ്ങളല്ല നടപടികളാണ്‌ ആവശ്യമെന്ന്‌ പ്രതിപക്ഷ ലേബർ പാർടി പ്രതികരിച്ചു. കമീഷൻ റിപ്പോർട്ടുണ്ടാക്കി ഷെൽഫിൽ വയ്‌ക്കുന്നതിൽ കാര്യമില്ല, നടപടിയാണ്‌ ആവശ്യമെന്ന്‌ ലിബറൽ പാർടിയും പ്രതികരിച്ചു.

ഇതേസമയം, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബ്രിട്ടീഷ്‌ പര്യവേഷകനായിരുന്ന ജെയിംസ്‌ കുക്കിന്റെ രണ്ട്‌ പ്രതിമ പെയിന്റ്‌ ചീറ്റി വികൃതമാക്കി. ജർമൻ തലസ്ഥാനമായ ബെർലിനിൽ ആയിരക്കണക്കിനാളുകൾ വംശീയതയ്‌ക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു.

മറ്റ്‌ ജർമൻ നഗരങ്ങളിലും പ്രതിഷേധ പരിപാടികളുണ്ടായി. വംശീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമാനുവൽ മാക്രോൺ പറഞ്ഞു. എന്നാൽ, കൊളോണിയൽ കാലത്തെ വിവാദ പ്രതിമകൾ നീക്കില്ലെന്ന്‌ മാക്രോൺ പറഞ്ഞു.

ന്യൂസിലൻഡ്‌, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും വിവിധ നഗരങ്ങളിൽ പ്രതിഷേധം തുടരുകയാണ്‌. ജപ്പാനിൽ തലസ്ഥാനമായ ടോക്യോ, ഒസാക എന്നിവിടങ്ങളിൽ പ്രതിഷേധമുയർന്നു. ഫുകുവോക്ക, നഗോയ എന്നിവിടങ്ങളിലും വരുംദിവസങ്ങളിൽ പ്രതിഷേധറാലികൾ നിശ്ചയിച്ചിട്ടുണ്ട്‌.

ലോകത്ത്‌ ഏറ്റവും പ്രതിഫലം പറ്റുന്ന വനിതാ കായികതാരമായ ജാപ്പനീസ്‌ ടെന്നീസ്‌ താരം നവോമി ഒസാക്കയും വംശീയതയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നു. ഹെയ്‌തിയൻ–-ജാപ്പനീസ്‌ ദമ്പതികളുടെ മകളായ ഇവരുടെ നിലപാടിനെ ചിലർ നവമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചു.

‘കളിക്കാർ രാഷ്‌ട്രീയത്തിൽ ഇടപെടരുത്‌, വിനോദിപ്പിച്ചാൽ മതി എന്ന്‌ പറയുന്നവരെ ഞാൻ വെറുക്കുന്നു. ഒന്നാമതായി, ഇതൊരു മനുഷ്യാവകശ പ്രശ്‌നമാണ്‌. രണ്ടാമതായി, നിങ്ങൾക്ക്‌ എന്നെക്കാൾ എന്തവകാശമാണ്‌ കൂടുതലുള്ളത്‌’–-നവോമി ഒസാക്ക ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here