സിപിഐഎം പ്രതിഷേധ സമരത്തില്‍ അണിനിരന്നത് 10 ലക്ഷത്തിലധികംപേര്‍; പാര്‍ടി പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും അഭിനന്ദിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ചരിത്ര വിജയമാക്കിയ പാര്‍ടി പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും സിപിഐഎം അഭിനന്ദിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ്. രണ്ട് ലക്ഷത്തില്‍പരം കേന്ദ്രങ്ങളില്‍ 10ലക്ഷത്തിലധികംപേരാണ് ഇന്നത്തെ സമരത്തില്‍ അണിനിരന്നത്.

ആദായനികുതിക്കുപുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേയ്ക്ക് നല്‍കുക, ഒരാള്‍ക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പുവേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക – നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലി ഇല്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക, ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് സമരം സംഘടിപ്പിച്ചത്്.

കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തിയ സമരം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ബഹുജനമുന്നേറ്റമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ വാഴ്ചയ്ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ഈ സമരത്തില്‍ പ്രതിഫലിച്ചു.

മഹാമാരിയുടെ കാലത്തും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനും വര്‍ഗ്ഗീയത ശക്തിപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്തുമെന്ന നിശ്ചദാര്‍ഢ്യമാണ് ഈ പുതിയ സമരരൂപത്തിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ചത്. കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് രാജ്യത്തെ ജനങ്ങള്‍ നീങ്ങുമെന്നതിന്റ പ്രഖ്യാപനം കൂടിയായി ഈ സമരം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here