സിനിമാ നിർമാതാക്കളുടെയും സംഘടനാ വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ ചേരും

മലയാള സിനിമാ നിർമാതാക്കളുടെയും സംഘടനാ വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം. വരും ദിവസങ്ങളിൽ അമ്മ, ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും. എന്നാൽ അടുത്ത ദിവസം ചേരാനിരിക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാത്രമേ ചർച്ചയ്ക്ക് ഉള്ളൂ എന്ന നിലപാട് തുടരുകയാണ് താര സംഘടന.

കോവിഡും ലോക് ഡൗണും സിനിമാ മേഖലയിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് നിർമാതാക്കൾ മുൻകൈ എടുത്ത് കൂടിയാലോചനകൾ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ഇന്ന് തിയ്യേറ്റർ വിതരണക്കാരുമായി ചർച്ച നടക്കും. തിയ്യേറ്റർ ഉടമകളുമായി നിർമാതാക്കളുടെ ചർച്ച നാളെയാണ് നടക്കുക.

സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകൾ വഴി ഓൺലൈൻ ആയി റിലീസ് ചെയ്യുന്നതിലെ വിവാദങ്ങൾക്ക് ഇത് വരെയും പരിഹാരമായിട്ടില്ല. അത് കൊണ്ട് തന്നെ തിയ്യേറ്റർ ഉടമകളുമായി നിർമാതാക്കൾ നടത്തുന്ന ചർച്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. സിനിമകൾ ഓൺലൈൻ ആയി റിലീസ് ചെയ്യുന്നതിനെ നിർമാതാക്കളിൽ ഒരു വിഭാഗം പിന്തുണയ്ക്കുന്നുണ്ടെങ്കിലും തിയ്യേറ്റർ ഉടമകൾ കടുത്ത എതിർപ്പിലാണ്. ഇതിനു പുറമെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും നിർമാതാക്കൾ ഉന്നയിച്ചിരുന്നു.

എന്നാൽ താര സംഘടനാ ആയ അമ്മ ഇക്കാര്യത്തിൽ ഇത് വരെയും ഒരു മറുപടിയും നൽകിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ അമ്മയുമായി നടത്തുന്ന ചർച്ചയിൽ നിർമാതാക്കളുടെ സംഘടനാ ഇക്കാര്യം ഉന്നയിക്കും. എന്നാൽ അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്ന ശേഷം മാത്രമേ ചർച്ചയ്ക്ക് ഉള്ളൂ എന്ന നിലപാട് തുടരുകയാണ് താര സംഘടന. അമ്മ ഓൺലൈൻ എക്സിക്യൂട്ടീവ് അടുത്ത ദിവസം ചേരുന്നുണ്ട്.

അത് കൊണ്ട് തന്നെ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാത്രമായിരിക്കും നിർമാതാക്കളുടെ സംഘടനയുമായി ഉള്ള അമ്മയുടെ ചർച്ച നടക്കുന്നത്. സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുമായുള്ള നിർമാതാക്കളുടെ ചർച്ചയും വരും ദിവസങ്ങളിൽ നടക്കും. കോവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാൻ എല്ലാ സംഘടനകളും ഒരുമിച്ച് നിൽക്കണമെന്ന അഭിപ്രായമാണ് നിർമാതാക്കളുടെ സംഘടനാ മുന്നോട്ട് വെയ്ക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here