മുംബൈയിൽ കൊവിഡ്‌ വ്യാപനം അതിരൂക്ഷം; കണക്കിൽപ്പെടാതെ 451 മരണം

കൊവിഡ്‌ വ്യാപനം ഏറ്റവും രൂക്ഷമായ മുംബൈ നഗരത്തിൽ കോവിഡ്‌ മരണസംഖ്യയിൽ ക്രമക്കേട്‌. ഇതുവരെ റിപ്പോർട്ട്‌ ചെയ്യാത്തത്‌ 451 മരണം.

തിങ്കളാഴ്‌ചവരെ മുംബൈയിൽ 59,293 പേർക്ക്‌ രോഗം സ്ഥിരീകരിക്കുകയും 2250 പേർ മരിക്കുകയും ചെയ്‌തുവെന്നാണ്‌ ബൃഹൻ മുംബൈ കോർപറേഷന്റെ കണക്ക്‌. ഐസിഎംആറിന്റെ കൈവശമുള്ള കണക്കും മഹാരാഷ്‌ട്ര സർക്കാർ പറയുന്ന കണക്കും പൊരുത്തപ്പെടാതെ വന്നപ്പോഴാണ്‌ വിഷയം പുറത്തുവന്നത്‌. ജൂൺ ആറിന്‌ നടന്ന യോഗത്തിലാണ്‌ സംഭവം കണ്ടെത്തിയത്‌‌.

ഇതിനെത്തുടർന്ന്‌ ‌ എല്ലാ ജില്ലകളും മരണം റിപ്പോർട്ട്‌ ചെയ്യുന്നതിലെ അപാകത പരിഹരിച്ച്‌ ജൂൺ 15നകം റിപ്പോർട്ട്‌ നൽകാൻ സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. പ്രദീപ്‌ വ്യാസ്‌ ആവശ്യപ്പെട്ടിരുന്നു. 451 രോഗികളെക്കുറിച്ച്‌ വിവരമില്ലെന്ന്‌ കണ്ടെത്തിയെന്ന്‌ അദ്ദേഹം പറഞ്ഞു.

രോഗവിവരങ്ങളും മരണസംഖ്യയും സുതാര്യമായി കൈകാര്യം ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ചീഫ്‌ സെക്രട്ടറി അജോയ്‌ മേത്ത പറഞ്ഞു. മുഴുവൻ വിവരങ്ങളും സൂക്ഷ്മപരിശോധന നടത്തി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. സംഭവത്തിൽ അന്വേഷണം നടത്തും.

മാനുഷികമായ പിശകാണെങ്കിൽ ക്ഷമിക്കും, അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആഴ്‌ചയിൽ 57 മരണം കോർപറേഷൻ കൂട്ടിച്ചേർക്കുകയും ചെയ്‌തു. മൂന്നുപേർ മരിച്ചത്‌ ആത്മഹത്യ/ അപകടമോ ആണെന്നും 20 പേരുകൾ ആവർത്തിച്ചതാണെന്നും അധികൃതർ പറഞ്ഞു.

ഇനിയും 371 മരണത്തിന്റെ വിവരം ലഭിക്കാനുണ്ട്‌. നിലവിൽ മുംബൈയിലെ മരണനിരക്ക്‌ 3.7ശതമാനമാണ്‌. കണക്കുകൾ കൃത്യമാക്കിയാൽ ഇത്‌ 4.5ശതമാനമായി ഉയരും. ദേശീയ ശരാശരി 2.8മാത്രമാണ്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News