അതിര്‍ത്തി സംഘര്‍ഷം; കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്

അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തില്‍ ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇന്ത്യൻ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ട്.

ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നുമുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.

ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമേഖലയിലെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസമായതാണ് കൂടുതല്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ചൈന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തെന്നാണു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്.

അതേസമയം ഇന്ത്യ–ചൈന അതിർത്തിയിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് കര, വ്യോമ സേനകൾ ഏത്‌ സാഹചര്യവും നേരിടാൻ കനത്ത ജാഗ്രതയിലാണ്. 3488 കിലോമീറ്റർ അതിർത്തിയിൽ കരസേനയുടെ അഞ്ച്‌ കോർ കമാൻഡുകൾക്കാണ്‌ ചുമതല. മൂന്ന്‌ ലക്ഷത്തോളം സൈനികരാണ്‌ ഈ കമാൻഡുകളുടെ ഭാഗമായുള്ളത്‌.

വ്യോമസേനയുടെ കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകൾക്കാണ്‌ ചുമതല. ടി 90 എംഎസ്‌, ടി 72 എം1 ടാങ്കുകൾ അതിർത്തിമേഖലയിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മെയ്‌ തുടക്കത്തിൽ ലഡാക്ക്‌ അതിർത്തിയിലേക്ക്‌ വൻ സന്നാഹങ്ങൾ ചൈന എത്തിച്ചിരുന്നു.

വലിയ വാഹനങ്ങൾ, ടാങ്കുകൾ, പീരങ്കികൾ, 6,000 ട്രൂപ്പ്‌ സൈനികർ എന്നിവ ഉൾപ്പെടുന്നതാണിത്‌. വെല്ലുവിളി നേരിടുന്നതിന്‌ ആവശ്യമായ സന്നാഹം ഇന്ത്യയും അതിർത്തിയിൽ സജ്ജമാക്കി‌. ചൈനയുടെ എതിർപ്പുകാരണം പ്രതിരോധസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നത്‌ നിർത്തിവയ്‌ക്കേണ്ടെന്നും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News