കഴിഞ്ഞ രണ്ടാഴ്‌ചയായി ലോകത്താകെ ദിവസവും ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടനാ തലവൻ തെദ്രോസ് അധാനം ഗെബ്രിയേസസ് അറിയിച്ചു.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദക്ഷിണേഷ്യയിലുമാണ് ഇതിലധികവും. രോഗം നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങൾ ജാഗ്രത തുടരണമെന്നും ഡബ്ല്യുഎച്ച്‌ഒ തലവൻ പറഞ്ഞു.
50 ദിവസത്തിലേറെ ഒരാൾക്ക് പോലും രോഗം സ്ഥിരീകരിക്കാതിരുന്ന ബീജിങ്ങിൽ പുതിയ രോഗബാധകൾ സ്ഥിരീകരിക്കുന്നത് ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഉറവിടം അന്വേഷിക്കുകയാണ്.
ഇതിന്റെ ജനിതകഘടന ചൈന പങ്കുവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ല്യുഎച്ച്‌ഒയുടെ അടിയന്തരകാര്യ മേധാവി ഡോ. മൈക്കേൽ റയാൻ പറഞ്ഞു.
അവ യൂറോപ്പിൽ ഉത്ഭവിച്ചതാണെന്നാണ് തങ്ങളുടെ പരിശോധനയിൽ കണ്ടതെന്ന് ചൈനീസ് ഗവേഷകർ അറിയിച്ചിരുന്നു.
ബീജിങ്ങിൽ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106 ആയി. 22 മണിക്കൂറിനിടെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
നഗരത്തിൽ 90000 പേരുടെ കൂട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. പുതുതായി രോഗബാധ കണ്ട ഷിൻഫാദി മൊത്തവിൽപ്പന ചന്തയുടെ ചുറ്റും അടച്ചിടൽ ഏർപ്പെടുത്തി.
ബീജിങ്ങിൽ 27 പേർ അടക്കം ചൈനയിൽ 24 മണിക്കൂറിനിടെ 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചത്.
● കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഉക്രെയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ ഭാര്യ ഒലേന സെലെൻസ്‌കിയെ രണ്ടു ശ്വാസകോശത്തിനും ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● പാകിസ്ഥാനിൽ 4443 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
Get real time update about this post categories directly on your device, subscribe now.