പാളിയത് വിദേശ നയമോ?; ഇന്ത്യാ-ചൈന അതിർത്തി അശാന്തമാകുമ്പോൾ

ഒരു മഹാവ്യാധിയുടെ കാലത്ത് ആക്രമിക്കണമെന്നോ തിരിച്ചടിക്കണമെന്നോ ഉളള ആഹ്വാനം വെറും ട്രോളാണ്.മനുഷ്യൻ അവന്‍റെ ജീവന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ആര് ആരെ കൊന്നാണ് നേട്ടമുണ്ടാക്കുക?

ലഡാക്ക് അതിർത്തിയിലെ സംഘർഷത്തെ വൈകാരികമല്ലാതെ വസ്തു നിഷ്ഠമായി തന്നെ വിലയിരുത്തണം.അതിർത്തിയിൽ ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ഉണ്ടായി.നാൽപ്പത്തിയഞ്ച് വർഷത്തിനു ശേഷം ആദ്യമായാണ് ചൈനയുമായുളള അതിർത്തിയിൽ ഇന്ത്യൻ സൈനികർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നത്.

കി‍ഴക്കൻ ലഡാക്കിലും സിക്കിമിലെ നക്കുലായിയുമാണ് ചൈനീസ് സേന കടന്നുകയറിയതെന്നാണ് റിപ്പോർട്ടുകൾ.2013ൽ ഡെസ്പാങ് താ‍ഴ്വരയിലും 2014ൽ ചുമാറിലും 2017ൽ ഡോക്ലാമിലും ഇന്ത്യാ-ചൈന തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു.എന്നാൽ സമീപകാല ചരിത്രത്തിൽ വ്യത്യസ്ത പ്രദേശങ്ങളിൽ ചൈനീസ് സൈന്യം കടന്നുകയറുന്നത് ഇതാദ്യമായാണ്.

യുദ്ധം ഒന്നിനും പരിഹാരമല്ല.ഇത് 1962ലെ ചൈനയുമായുളള യുദ്ധത്തിൽ നിന്ന് തന്നെ നാം പഠിച്ചതാണ്.അതിർത്തിയിലെ സംഘർഷങ്ങളിൽ ഉന്മാദം കൊളളുന്നവർ തന്നെയാണ് 1960ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും ചൈനീസ് പ്രധാനമന്ത്രി ചൗഇൻ ലായിയും തമ്മിൽ തർക്കപരിഹാരത്തിന്‍റെ അടുത്തെത്തിയപ്പോൾ പാരവച്ചത്.

നെഹ്രുവിന്‍റെ ചേരിചേരാനയം ഉപേക്ഷിച്ച് ഇന്ത്യപൂർണമായി അമേരിക്കൻ പക്ഷത്തേക്ക് ചാഞ്ഞത് ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധത്തെ പൂർണമായും ഉലച്ചിട്ടുണ്ട്.ചൈനയോടും അമേരിക്കയോടും തുല്യ അകലം പാലിച്ചു കൊണ്ടുളള വിദേശനയമാണ് ഇന്ത്യയ്ക്ക് അഭികാമ്യമെന്ന് പരിണത പ്രജ്ഞരായ പല വിദേശ കാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് പക്ഷെ മോഡി സർക്കാർ കണ്ട മട്ടില്ല.

അതിർത്തികൾ അശാന്തമാകുന്നത് ഒരു രാജ്യത്തിനും നല്ലതല്ല.അതിർത്തികളിലെ സമാധാനം തന്നെയാണ് ഒരു ഭരണ തന്ത്രജ്ഞനെ നിർണയിക്കുന്നതും.അയൽരാജ്യങ്ങളെ പിണക്കിക്കൊണ്ട് ഒരു രാജ്യത്തിന് എത്രകാലം സമാധാനത്തോടെ മുന്നോട്ട് പോകാനാകും.ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈനയോ പാക്കിസ്ഥാനോ നേപ്പാളോ ബംഗ്ലാദേശോ മ്യാൻമാറോ എന്തിന് ശ്രീലങ്കയും മാലദ്വീപും പോലും ഇപ്പോൾ ഇന്ത്യയുമായി നല്ല ബന്ധത്തിലല്ല.കൊച്ചുരാജ്യമായ നേപ്പാൾ പോലും ഇന്ത്യയ്ക്കെതിരെ മസിലു പെരുപ്പിക്കുന്നു.ഇത് ഇന്ത്യയുടെ വിദേശനയത്തിന്‍റെ തന്നെ വീ‍ഴ്ചയാണെന്ന് വിലയിരുത്തുന്നവർ ധാരാളമുണ്ട്.

യുദ്ധം ഒരു രാജ്യത്തും സമാധാനം കൊണ്ടുവന്നിട്ടില്ല.സമാധാനമില്ലാത്ത ഒരു രാജ്യത്തും സമൂഹം നന്നായി ജീവിക്കില്ല.അതുകൊണ്ട് അതിർത്തിയിൽ നമ്മുക്ക് വേണ്ടത് സമാധാനമാണ്.അതുകൊണ്ടാണ് ആക്രമണത്തിനും തിരിച്ചടിയ്ക്കും വേണ്ടിയുളള ആഹ്വാനങ്ങൾ സ്വയം ട്രോൾ ആകുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News