മൊറട്ടോറിയം കാലയളവിലെ പലിശ ഈടാക്കുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

മൊറട്ടോറിയം കാലയളവിലെ പലിശ ഈടാക്കുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. കോടികൾ കിട്ടാക്കടം ഉള്ളപ്പോഴാണ് വായ്പകൾക്ക് സർക്കാർ പലിശ ഈടാക്കുന്നത്.

ഇത് വിരോധാഭാസമാണെന്ന് കോടതി. തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രത്തിനും ആർ.ബി.ഐക്കും സുപ്രീംകോടതി സമയം അനുവദിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

കൊവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലയളവിലെ പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൈകൊണ്ട സമീപനത്തെ വിമർശിച്ചുകൊണ്ടാണ് സുപ്രീംകോടതി രംഗത്തെത്തിയത്.

മുഴുവൻ പലിശ ഒഴിവാക്കുന്ന കാര്യമല്ല, പലിശയ്ക്ക് മേൽ പലിശയിലാണ് ആശങ്കയെന്ന മുൻ നിലപാട് ആവർത്തിച്ച കോടതി പലിശ പിരിക്കാൻ സർക്കാർ കാട്ടുന്ന വ്യഗ്രതയെ വിമർശിച്ചു. ആയിരക്കണക്കിന് കോടി രൂപ നിഷ്‌ക്രിയ ആസ്തികളായി തിരിച്ചടവ് ഇല്ലാതെ നിൽക്കുമ്പോഴാണ് സർക്കാർ വായ്പകൾക്ക് പലിശ ഈടാക്കുന്നതെന്ന് ബഞ്ച് അംഗമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചൂണ്ടിക്കാട്ടി.

ഇത് വിരോധാഭാസമാണെന്നും കോടതി കുറ്റപ്പെടുത്തി. ബാങ്കുകൾ പലിശ ഈടാക്കിയില്ലെങ്കിൽ അവർക്ക് ഉണ്ടാകുന്ന പ്രശ്‌നം കോടതിക്ക് അറിയാം. എന്നാൽ മഹാമാരി ഒരു സാധാരണ സാഹചര്യം അല്ലെന്ന് കോടതി ഓർമിപ്പിച്ചു.

പലിശ വിഷയം ബാങ്കും ഉപഭോക്താവും തമ്മിലുള്ള പ്രശ്‌നമെന്ന നിലപാട് സ്വീകരിച്ചതിനും കേന്ദ്രത്തിന് പഴി കേൾക്കേണ്ടി വന്നു. സർക്കാരാണ് മൊറാട്ടോറിയം പ്രഖ്യാപിച്ചത് അതിന്റെ ഗുണം ജനങ്ങൾക്ക് ഉറപ്പാക്കേണ്ടത് സർക്കാരാണ്.

അതിനാൽ നിസാഹയാവസ്ഥ പറഞ്ഞ് കൈ മലർത്താൻ സർക്കാരിന് ആവില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ അന്തിമ ഉത്തരവ് പറയുന്നത് കോടതി വീണ്ടും നീട്ടി. തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിനും ആർ.ബി. ഐക്കും സമയം അനുവദിച്ച കോടതി ആഗസ്റ്റ് ആദ്യ ആഴ്ച കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News