മുസ്ലീം തീവ്രവാദ സംഘടനകളുമായുള്ള ലീഗിന്റെ കൂട്ട്: കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

മുസ്ലീം തീവ്രവാദ സംഘനകളുമായി കൂട്ടുചേർന്ന് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നേരിടാനുള്ള മുസ്ലീംഗ് പ്രഖ്യാപനത്തോട് കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പകർച്ചവ്യാധി കാലഘട്ടത്തിലും വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്നതിലാണ് മോദിസർക്കാരും ആർഎസ്എസും ഒരു ഭാഗത്ത് ശ്രമിക്കുന്നത്.

ഇതിന്റെ മറുപുറമാണ് ലീഗ് പ്രഖ്യാപിച്ചിരിക്കുന്ന തീവ്രവാദസംഘടനകളുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട്. ഇത് ഫലത്തിൽ സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെ പരോക്ഷമായി ശക്തിപ്പെടുത്തുന്നതാണെന്നും കോടിയേരി പറഞ്ഞു.

ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കി എൽഡിഎഫിനെ നേരിടുകയായെന്നതാണ് ലീഗിന്റെ നയമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വെളിപ്പെടുത്തുന്നത്.

കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ അറിവും പിന്തുണയും ഇതിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് മഹാമാരിയെ തടയുന്നതിലും പകർച്ചവ്യാധി ഘട്ടത്തിൽ ജനങ്ങൾക്ക് ക്ഷേമം ഉറപ്പാക്കുന്നതിലും എൽഡിഎഫ് സർക്കാർ ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നതിനാൽ ജനങ്ങൾ വർദ്ധിച്ച തോതിൽ എൽഡിഎഫിനെ പിന്തുണയ്ക്കും.

ഇതിനെ മറികടക്കുന്നതിനാണ് തീവ്രവാദി സംഘടനകളുമായി ഉൾപ്പെടെ പ്രാദേശിക തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ടുണ്ടാക്കാൻ ലീഗ് മുൻകൈ എടുത്തിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിനെയും എൽഡിഎഫിനെയും എതിർക്കുന്നതിൽ ബിജെപിയും, യുഡിഎഫും ഒരേ നാവായാണ് ഇന്ന് പ്രവർത്തിക്കുന്നത്.

ഇടതുപക്ഷത്തെ തോൽപ്പിക്കാൻ രാഷ്ട്രീയ മഹാസംഖ്യം ഉണ്ടാക്കുന്നതിലും ഇക്കൂട്ടർക്ക് മടിയുണ്ടാകില്ല. മതനിരപേക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന്റെ രക്ഷക്ക് ഇന്ന് ആവശ്യം.

അതിന് നിരക്കാത്ത ലീഗിന്റെ പ്രഖ്യാപനത്തോട്കോൺഗ്രസ്സ് സംഘടനയും മതനിരപേക്ഷതയിൽ വിശ്വാസമുള്ള കോൺഗ്രസ്സുകാരും നിലപാട് വ്യക്തമാക്കണം എന്നും കോടിയേരി പ്രസ്താവനയിൽ ആരാഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News