
തിരൂര്‍: എസ്എഫ്ഐ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചു. അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനുവിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളി വീടുകളില്‍ സന്ദര്‍ശനം നടത്തിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം സംഘം ചോദിച്ചു മനസ്സിലാക്കുകയും കോവിഡ് ജാഗ്രതാ സന്ദേശം കൈമാറുകയും ചെയ്തു. വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഫസ്റ്റ് ബെല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഭൗതിക സാഹചര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ ആ പ്രദേശത്തുണ്ട് എന്ന് മനസ്സിലാക്കി തൊട്ടടുത്ത അങ്കണവാടിയില്‍
പുതിയ ടെലിവിഷന്‍ സ്ഥാപിച്ച് സമൂഹ പാഠശാല ഒരുക്കിയാണ് സാനുവും സംഘവും മടങ്ങിയത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ. സക്കീര്‍, ജില്ലാ പ്രസിഡണ്ട് ഇ. അഫ്സല്‍, ജില്ലാ കമ്മിറ്റിയംഗം ടി. ഷിനി എന്നിവരും ഹോ വിസിറ്റില്‍ പങ്കെടുത്തു.
വിദ്യാഭ്യാസമേഖലയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും കോവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ ചെറുതല്ല. അദ്ധ്യയനം എന്ന് പുനരാരംഭിക്കും എന്ന അനിശ്ചിതത്വം മുതല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളെ അലട്ടുന്നുണ്ട്. പഠനാന്തരീക്ഷം വീടുകളില്‍ ഇല്ലാത്തതും മറ്റ് സാമ്പത്തിക പ്രയാസങ്ങളും മാനസികപിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുന്നതിനും കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ വീടുകളിലേക്കെത്തിക്കുന്നതിനും എസ്. എഫ്. ഐ സംസ്ഥാന വ്യാപകമായി ഹോം വിസിറ്റുകള്‍ സംഘടിപ്പിക്കുകയാണ്. ജൂണ്‍ 27 വരെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹോം വിസിറ്റുകള്‍ നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here