നീരജ് മാധവിന്റെ വെളിപ്പെടുത്തല്‍; സത്യാവസ്ഥ അന്വേഷിക്കണമെന്ന് ഫെഫ്ക, അമ്മയ്ക്ക് കത്ത്

കൊച്ചി: നടന്‍ നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ സത്യാവസ്ഥ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഫെഫ്ക, താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കി. ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് കത്ത് നല്‍കിയത്. മലയാള സിനിമയില്‍ വിവേചനം ഉണ്ടെന്നാണ് നടന്‍ നീരജ് മാധവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത്.

സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യക്ക് പിന്നാലെ ജൂണ്‍ പതിനാറിനായിരുന്നു നടന്‍ നീരജ് മാധവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മലയാള സിനിമയില്‍ ചില വേര്‍തിരിവുകള്‍ ഉണ്ടെന്ന സൂചനയാണ് നീരജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ഫെഫ്ക രംഗത്ത് വന്നിരിക്കുന്നത്.

സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും നീരജിനോടു പറഞ്ഞ ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരെന്നും ഏതു സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നും നീരജ് വ്യക്തമാക്കണം. നീരജിന്റെ വിമര്‍ശനങ്ങള്‍ എല്ലാവരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ആണെന്നും ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ താര സംഘടനയായ അമ്മയ്ക്ക് അയച്ച കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന സംഘം മലയാളസിനിമയിലുണ്ടെന്നും നീരജ് പറഞ്ഞിരുന്നു. എന്നാല്‍ മലയാള സിനിമാ മേഖലയില്‍ ഇത്തരം ഗൂഢ സംഘങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കണമെന്ന നിലപാടാണ് ഫെഫ്കയ്ക്ക് ഉള്ളത്. ഇതിനായി സിനിമ രംഗത്തെ ട്രേഡ് യൂണിയനുകളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഫെഫ്ക അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel