
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍.
വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച കോണ്‍ഗ്രസ് നടത്തിയ ധര്‍ണയില്‍ ഉമ്മന്‍ചാണ്ടിക്ക് 27,000 രൂപ ബില്‍ വന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ഇബി നടത്തിയ പരിശോധനയിലാണ് യാഥാര്‍ഥ്യം പുറത്തായത്.
പൂജപ്പുര സെക്ഷനു കീഴിലാണ് ഉമ്മന്‍ചാണ്ടിയുടെ തലസ്ഥാനത്തെ വസതി. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിലാണ് കണക്ഷന്‍. ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും നല്‍കിയതുപോലെ ഉമ്മന്‍ചാണ്ടിക്കും ഉപയോഗത്തിന്റെ ശരാശരി കണക്കാക്കി ബില്‍ നല്‍കി. 8195 രൂപയായിരുന്നു ബില്‍ത്തുക. എന്നാല്‍, ഉമ്മന്‍ചാണ്ടി ഇതടച്ചില്ല.
ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കെഎസ്ഇബി റീഡിങ് പുനരാരംഭിച്ചു. ജൂണ്‍ ആറിന് യഥാര്‍ഥ റീഡിങ്ങിനെ അടിസ്ഥാനമാക്കി പുതിയ ബില്‍ നല്‍കി. അടയ്ക്കാതിരുന്ന രണ്ടു മാസങ്ങളിലേതടക്കം ഉപയോഗം കണക്കാക്കി റീഡിങ് എടുത്തപ്പോള്‍ ഉപയോഗം വര്‍ധിച്ചതായും തെളിഞ്ഞു.
നാലു മാസത്തെ ആകെ ഉപയോഗം 3119 യൂണിറ്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നിക്ഷേപത്തിന് ഉപയോക്താവിനു നല്‍കേണ്ട 879 രൂപ കുറച്ച് 27,176 രൂപയുടെ പുതിയ ബില്‍ നല്‍കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here