നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി മണിക്കൂറുകള്‍ കിടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി മണിക്കൂറുകള്‍ കിടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍.

ഓപറേറ്റര്‍ക്ക് ലിഫ്റ്റ് തുറക്കാനുള്ള സമയം മാത്രമാണ് എടുത്തത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ നഴ്‌സിനെ വീട്ടിലേക്ക് വിടുകയുമായിരുന്നുവെന്നും നാല് ദിവസത്തെ വിശ്രമവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി മണിക്കൂറുകള്‍ കിടന്നുവെന്നും അവശനിലയിലായെന്നുമായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അറ്റന്‍ഡര്‍ 3.37 നാണ് ലിഫ്റ്റില്‍ പ്രവേശിച്ചത്. ലിഫ്റ്റ് തകരാറായതോടെ കുടുങ്ങിയെങ്കിലും ഓപ്പറേറ്റര്‍ എത്തി നാലു മണിക്ക് തന്നെ പുറത്തു കടത്തി. അതായത് ഓപറേറ്റര്‍ക്ക് ലിഫ്റ്റ് തുറക്കാനുള്ള സമയം മാത്രമാണ് എടുത്തതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു.

നഴ്‌സിനെ ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ച് പരിശോധനകള്‍ നടത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് വിടുകയും ചെയ്തു. പിന്നീട് നാലു ദിവസത്തെ വിശ്രമവും നല്‍കി. പല നിലകളിലായി പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പി.പി.ഇ കിറ്റ് ധരിച്ചു വേണം ലിഫ്റ്റ് ഓപറേറ്റര്‍ ജോലി ചെയ്യാന്‍.

അതിനാല്‍ തന്നെ മുഴുവന്‍ സമയ ലിഫ്റ്റ് ഓപറേറ്ററെ ഇവിടെ ഇപ്പോള്‍ നിയമിക്കാറില്ല. ആവശ്യമെങ്കില്‍ ഓപറേറ്ററെ എത്തിക്കുകയാണ് ചെയ്യുന്നതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here