സംവിധായകന്‍ സച്ചിയുടെ മരണം നികത്താനാകാത്ത നഷ്ടം: മന്ത്രി എ കെ ബാലന്‍

സംവിധായകന്‍ സച്ചിയുടെ ആകസ്മിക നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സച്ചിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

സിനിമയുടെ കച്ചവട സാധ്യതകളുടെ ചേരുവകള്‍ മനോഹരമായി കൂട്ടിക്കലര്‍ത്തുന്ന തിരക്കഥാകൃത്തെന്ന നിലയില്‍ സച്ചി അറിയപ്പെട്ടിരുന്നു. സംവിധാന രംഗത്ത് കൈവെച്ചപ്പോഴും ഈ വിശേഷണം അര്‍ത്ഥവത്താക്കും വിധമുള്ള സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

മാനുഷിക വികാരങ്ങളും സമൂഹത്തിലെ ചില പ്രശ്‌നങ്ങളും മാത്രം പറഞ്ഞുകൊണ്ട് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. കച്ചവട സാധ്യതകളെ ഉപയോഗിക്കുമ്പോഴും സാമൂഹത്തിലെ പ്രശ്‌നങ്ങളിലേക്കും വിരല്‍ചൂണ്ടാന്‍ സച്ചി ശ്രദ്ധിച്ചിട്ടുണ്ട്.

അവസാനം സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി അടയാളപ്പെടുത്താന്‍ സച്ചി ശ്രദ്ധിച്ചിരുന്നു. മലയാള സിനിമയില്‍ ഒരു ആദിവാസി സ്ത്രീയെ കൊണ്ട് അവരുടെ തന്നെ ഭാഷയില്‍ പാട്ട് പാടിക്കുകയും അത് കേരളം ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തത് സച്ചിയിലൂടെയാണ്.

ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ ഈ ഗാനമുണ്ട്. നികത്താനാകാത്ത നഷ്ടമാണ് ഈ അതുല്യപ്രതിഭയുടെ വിയോഗത്തിലൂടെ മലയാള സിനിമയില്‍ ഉണ്ടായിരിക്കുന്നത്. സച്ചിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. – അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here