19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ എന്നീ 4 സംസ്ഥാനങ്ങളാണ് ശ്രദ്ധാകേന്ദ്രം. രാജസ്ഥാനിലെയും മണിപ്പൂരിലെയും തെരഞ്ഞെടുപ്പ് ഫലം ഇരു സർക്കാരുകളുടെയും ഭാവി നിശ്ചയിക്കും.

ബിജെപിയും കോൺഗ്രസും സീറ്റുകൾ നിലനിർത്താനും പിടിച്ചെടുക്കാനും തിരക്കിട്ട നീക്കങ്ങളിലാണ്. 19ൽ ഏഴ് സീറ്റുകൾ ബിജെപിയും അഞ്ച് സീറ്റുകൾ കോൺഗ്രസും നേടാനാണ് സാധ്യത. വൈകുന്നേരം അഞ്ച് മണിയോടെ ഫലം പ്രഖ്യാപിക്കും.

രണ്ട് ഘട്ടങ്ങളിലായി 20 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 61 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ നാല്പത്തി രണ്ട് സീറ്റുകളിൽ മത്സരമുണ്ടായില്ല. ഇതോടെയാണ് എട്ട് സംസ്ഥാനങ്ങളിലെ 19 സീറ്റുകളിലേക്ക് മാത്രം തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ഗുജറാത്ത് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ 4 സീറ്റുകൾ വീതം; മധ്യപ്രദേശിലും,രാജസ്ഥാനിലും മൂന്ന്. ജാർഖണ്ഡിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം.

മേഘാലയ, മിസോറാം, മണിപ്പൂർ എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളാണ് ബാക്കിയുള്ളവ. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് ശ്രദ്ധാ കേന്ദ്രം. എട്ട് എംഎൽഎമാരുടെ രാജിയോടെ ഗുജറാത്തിൽ കോൺഗ്രസിന് ഉറപ്പായ ഒരു സീറ്റ് നഷ്ടമാകും.

ഭാരത് സോളങ്കി, ശക്തി സിംഗ് ഗോഹിൽ എന്നിവരിൽ ആരെ കോൺഗ്രസ് വിജയിപ്പിക്കുമെന്ന് വ്യക്തമല്ല. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ പതനം ഉറപ്പാക്കിയ 22 പാർട്ടി എംഎൽഎമാരുടെ രാജിയോടെ ബിജെപി മൂന്നിൽ രണ്ട് സീറ്റും ഉറപ്പാക്കി.

പക്ഷെ അട്ടിമറി പ്രതീക്ഷയിൽ കോൺഗ്രസ് രണ്ടാം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. 9 എംഎൽഎമാരുടെ പിന്തുണ നഷ്ടമായ ബിജെപിക്ക് മണിപ്പൂരിൽ സീറ്റ് നഷ്ടമാകാൻ തന്നെയാണ് സാധ്യത. ന്യുനപക്ഷമായി മാറിയ സർക്കാരിന് തെരഞ്ഞെടുപ്പ് ഫ്ലോർ ടെസ്റ്റ് ആയി മാറും. ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് രണ്ട് സീറ്റ് ഏറെക്കുറെ ഉറപ്പ്. എന്നാൽ അതൃപ്തരായ കോൺഗ്രസ് എംഎൽഎഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാനിടയുണ്ട്.

ബിജെപിയും രണ്ട് സ്ഥാനാർത്ഥികളെ നിർത്തിയത് ഇതിന്റെ ഭാഗമാണ്. ജാർഖണ്ഡിൽ ജെ.എം.എം നേതാവ് ഷിബു സോറൻ വിജയം ഉറപ്പാക്കി. ബാക്കി ഒരു സീറ്റിനാണ് കോൺഗ്രസ് – ബിജെപി മത്സരം. ഈ സീറ്റ് ബിജെപി നേടാനാണ് സാധ്യതയേറെ. ആന്ധ്രയിലെ നാല് സീറ്റുകളും വൈ.എസ്.ആർ കോൺഗ്രസ് നേടും. ജ്യോതിരാദിത്യ സിന്ധ്യ , ദിഗ്‌വിജയ് സിംഗ്, കെ സി വേണുഗോപാൽ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ.

19ൽ 7 സീറ്റുകൾ ബിജെപിയും അഞ്ച് സീറ്റുകൾ കോൺഗ്രസും നേടുമെന്നാണ് കണക്ക് കൂട്ടൽ. തെരഞ്ഞെടുപ്പ് ഫലം രാജ്യസഭയിലെ അംഗബലത്തിൽ പ്രകടമായ മാറ്റമുണ്ടാക്കും. അടിയൊഴുക്കുകൾ പ്രതീക്ഷിക്കുന്നതിനാൽ സഭയിലെ ബലാബലത്തിന്റെ കണക്ക് വ്യക്തമാകാൻ അന്തിമ ഫലം വരെ കാത്ത് നിൽക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News