ഇന്ന് വായന ദിനം; പി അപ്പുക്കുട്ടന്റെ വായന ദിന സന്ദേശം

ജൂൺ 19 മുതൽ ജൂലൈ 7 വരെയുള്ള ദിവസങ്ങളിൽ ഈവർഷവും വായനപക്ഷമായി ആചരിക്കുന്നതിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് –19 വ്യാപനത്തെ ചെറുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾക്കിടയിലും വായനയുടെ പ്രാധാന്യം ജനമനസ്സുകളിൽ ഉണർത്തേണ്ടതുണ്ട്.

വായിച്ചുവളരുക എന്ന സന്ദേശം മലയാളി മനസ്സുകളിൽ പടർത്തിയ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക സ്ഥാനീയനായ പി എൻ പണിക്കരുടെ ചരമദിനത്തിൽ (ജൂൺ 19) ആരംഭിച്ച് ആദ്യ പത്തുവർഷം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ഐ വി ദാസിന്റെ ജന്മദിന (ജൂലൈ 7)ത്തിൽ സമാപിക്കുന്ന നിലയിലാണ് വായനപക്ഷ പരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്.

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പോയകാലത്ത് നയിച്ച നേതാക്കളുടെ സ്മരണയിലൂടെ പ്രസ്ഥാനത്തിന്റെ ചരിത്രം ജനമനസ്സുകളിൽ എത്തിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. മലബാർ വായനശാല സംഘത്തിന്റെ സംഘാടകരായ കെ ദാമോദരൻ, കെ കേളപ്പൻ, മധുരവനം കൃഷ്ണക്കുറുപ്പ് എന്നിവരും സ്മരണീയരാണ്.

തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ സംഘാടകനായി തുടങ്ങി, കേരള ഗ്രന്ഥശാലാ സംഘം നിലവിൽ വന്നതിനുശേഷം പിരിച്ചുവിടുന്നതുവരെ സെക്രട്ടറിയായി പ്രവർത്തിച്ച പി എൻ പണിക്കരുടെ കൂടെ അധ്യക്ഷപദവി അലങ്കരിച്ച പനമ്പിള്ളി ഗോവിന്ദമേനോൻ, ആർ ശങ്കർ, പി ടി ഭാസ്കരപ്പണിക്കർ, തായാട്ട് ശങ്കരൻ എന്നിവരും ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായി പ്രവർത്തിച്ച എസ് ഗുപ്തൻനായർ, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പുരോഗതിയിൽ വലിയ സംഭാവന ചെയ്ത ജോസഫ് മുണ്ടശ്ശേരി, പി ഗോവിന്ദപിള്ള എന്നിവരുൾപ്പെടെയുള്ള മറ്റു നേതാക്കളെയും അനുസ്മരിക്കുകയാണ്.

പക്ഷാചരണത്തിന്റെ ഇടയിൽ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാരുടെ ഓർമദിനങ്ങളും കടന്നുവരുന്നുണ്ട്. ഈ ദിനങ്ങൾ അവരുടെ സാഹിത്യകൃതികൾ വായിക്കാനും ചർച്ച ചെയ്യാനും പ്രയോജനപ്പെടുത്തണം. സ്കൂൾ തുറക്കാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ്‌ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് 20 മുതൽ 24 വരെയുള്ള ദിവസങ്ങൾ ഉപയോഗിക്കണം.

വായിച്ച പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി വായനശാലയുടെ വാട്സാപ്ഗ്രൂപ്പിലോ നിർദേശിക്കപ്പെട്ട നമ്പരിലോ അയക്കേണ്ടത് 29 നകമാണ്. കുറിപ്പുകൾ വിലയിരുത്തി, നല്ല കുറിപ്പുകൾക്ക് വായനശാല ഏർപ്പെടുത്തുന്ന സമ്മാനങ്ങൾ പ്രവർത്തകർ വീട്ടിലെത്തി നൽകുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്യണം. 19ന് പി എൻ പണിക്കർ അനുസ്മരണവും ജൂലൈ ഏഴിന് ഐ വി ദാസ് അനുസ്മരണവും ഗ്രന്ഥശാലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണം. സോഷ്യൽ മീഡിയയിൽ അതിന്റെ ചിത്രീകരണവും നൽകണം.

നാം അഹങ്കരിക്കുന്ന ആ വായന സംസ്കാരത്തിൽ വിള്ളൽ വീഴുന്നുണ്ടോ എന്ന ആശങ്കയുണർത്തുന്നതാണ് ലൈബ്രറി കൗൺസിൽ അടുത്ത് നടത്തിയ വായനസർവേയുടെ ഫലങ്ങൾ. പുസ്തങ്ങളുടെ വായനയിൽ വലിയ തോതിലുള്ള കുറവ് സംഭവിക്കുന്നതായാണ് സർവേയിൽ വെളിപ്പെട്ടിട്ടുള്ളത്. പങ്കെടുത്തവരിൽ 14.75ശതമാനം ആളുകളാണ് സ്ഥിരമായി പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നത്.

ഗ്രന്ഥശാലസേവനം കുറേക്കൂടി ഗൗരവതരമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തകരെ നിർബന്ധിക്കുന്നതാണ് ഇന്നത്തെ സാഹചര്യമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വായനപക്ഷത്തിലെ ദിനങ്ങൾ പുസ്തകങ്ങളുടെ ലോകത്തിലേക്ക് വിദ്യാർഥികളെയും യുവാക്കളെയും ആകർഷിക്കുന്നതിന് പ്രയോജനപ്പെടുത്തണം.

വായനപക്ഷത്തിൽ ഒരാൾ അഞ്ച്‌ പുസ്തകമെങ്കിലും വായിക്കുമെന്നതിന് ഉറപ്പുണ്ടാക്കണം. കൊറോണക്കാലത്ത് പുസ്തകങ്ങളാകട്ടെ ഓരോരുത്തരുടെയും ചങ്ങാതികൾ.
(കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
സെക്രട്ടറിയാണ്‌ ലേഖകൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News