ഉത്ര കൊലപാതകം; പ്രതികളായ സൂരജിനും സുരേഷിനുമെതിരെ ഒരു കേസ് കൂടി

ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജ്, സുരേഷ് എന്നിവർക്കെതിരെ ഒരു കേസ് കൂടി വനംവകുപ്പ് രജിസ്റ്റർ ചെയ്തു. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ കൈമാറ്റം ചെയ്തതിനാണ് കേസ്. ഇരുപ്രതികളേയും വിവിധ സ്ഥലങ്ങളിലെത്തിച്ച് വനംവകുപ്പ് തെളിവെടുത്തു.

ഉത്ര വധക്കേസിൽ ഇന്നലെയാണ് സൂരജിനേയും സുരേഷിനേയും വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ ലഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിർണായകവിവരങ്ങൾ വനംവകുപ്പിന് ലഭിച്ചു. സുരേഷ് മൂർഖനെ പിടിച്ച ഇളംകുളത്തെ വീട്ടിൽ എത്തിച്ചാണ് ആദ്യം തെളിവുകൾ ശേഖരിച്ചത്.

പാമ്പിനെ പിടികൂടിയ വീട്ടിലെ ഗൃഹനാഥനും മകനും സുരേഷിനെ തിരിച്ചറിഞ്ഞു. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ പിടികൂടിയ കല്ലുവാതുക്കളെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സുരേഷിനെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെ അണലിയെ കൈമാറിതിന് മറ്റൊരു കേസ് കൂടി ഇരുവർക്കുമെതിരെ ചുമത്തി.

ഇരുവർക്കുമെതിരെ വനംവകുപ്പ് രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. സുരേഷിന്‍റെ വീട്ടിൽ നിന്ന് പാമ്പിനെ പിടിക്കാൻ ഉപയോഗിക്കുന്ന പൈപ്പ്, കമ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു.

സുരേഷ് പാമ്പുകളെ വിറ്റിട്ടുണ്ടെന്ന സംശയവും വനംവകുപ്പിന് ബലപ്പെട്ടു. മൂർഖൻ പാമ്പിന്‍റെ മുട്ട ഇയാൾ വിരിയിച്ചിരുന്നു. ഈ പാമ്പുകളെ ജനവാസകേന്ദ്രത്തില്‍ വിട്ടു എന്നാണ് സുരേഷി‍‌ന്‍റെ മൊഴി. ഈ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. സൂരജിന്‍റെ പറക്കേട്ടെ വീട്ടിലും ഉത്രയുടെ അഞ്ചലിലെ വീട്ടിലും പ്രതികളെ എത്തിച്ച് വനംവകുപ്പ് തെളിവെടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here