കാവിനാവും ത്രിവർണ ഉച്ചഭാഷിണിയും- കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 16ന് രാജ്യമാകെ അലയടിച്ച പ്രക്ഷോഭം കൊറോണ കാരണം ദുരിതത്തിലായ ജനങ്ങളെ രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. സമരങ്ങളുടെ ചരിത്രത്തിൽ പുതിയ ഏടുകൾ തീർക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കാലാകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്.

പട്ടിണിജാഥമുതൽ മനുഷ്യച്ചങ്ങലവരെയും അയിത്തോച്ചാടന സമരംമുതൽ ഉദാരവൽക്കരണ വിരുദ്ധസമരംവരെയും ദീർഘമായി നീളുന്നു ആ പട്ടിക. അക്കൂട്ടത്തിൽ സിപിഐ എമ്മിന്റെ ദേശീയപ്രക്ഷോഭംകൂടി സ്ഥാനം നേടിയിരിക്കുന്നു. ആർഎസ്എസ് നയിക്കുന്ന ബിജെപിയുടെ കേന്ദ്ര സർക്കാരിന്റെ കോവിഡ്കാല നയവും സാമ്പത്തിക നടപടികളും തിരുത്തിക്കാൻ വേണ്ടിയായിരുന്നു സമരം.

മഹാമാരി കാലത്ത് ഇന്ത്യകണ്ട ഏറ്റവുംവലിയ ജനപങ്കാളിത്ത സമരമായി ഇതുമാറി. സാമൂഹ്യ അകലം പാലിച്ചും പകർച്ചവ്യാധി നിയന്ത്രണ നിബന്ധനകൾക്ക്‌ വിധേയമായുമാണ് സമരം നടത്തിയത്. കേരളത്തിൽമാത്രം പത്തുലക്ഷം പേർ പങ്കെടുത്തു. കുറഞ്ഞത് അഞ്ചുപേർവീതം രണ്ടുലക്ഷം കേന്ദ്രത്തിൽ പകൽ 11 മുതൽ 12 വരെ ധർണ നടത്തി.

പിബി അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ളയും എം എ ബേബിയും ഞാനും പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിലെ സമരത്തിന് നേതൃത്വം നൽകി. ഈ സമരത്തിന് ഒരു സാർവദേശീയ പശ്ചാത്തലമുണ്ട്. കോവിഡ്–-19 ന്റെ വ്യാപനഘട്ടത്തിൽത്തന്നെ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ലാറ്റിനമേരിക്ക തുടങ്ങിയ വിവിധ ഭൂഖണ്ഡങ്ങളിലെ പ്രദേശങ്ങളിൽ ആയിരങ്ങൾ പ്രക്ഷോഭത്തിലാണ്.

കോവിഡ് നേരിടുന്നതിൽ പരാജയപ്പെട്ട ഭരണത്തലവനായ ഡോണൾഡ് ട്രംപിനെതിരായ രോഷം അമേരിക്കയിൽ അണപൊട്ടുന്നതായി ജോർജ് ഫ്ളോയിഡ് എന്ന കറുത്തവംശജന്റെ കൊലപാതകത്തിനെതിരായ പ്രക്ഷോഭം. ഇതിൽ അണിനിരക്കുന്നവരിൽ മൂന്നിലൊന്നിലധികം അമേരിക്കയിലെ വെള്ളക്കാരാണ്.

കഴുത്തിൽ മുട്ട് അമർത്തി ശ്വാസംമുട്ടിച്ചാണ് പൊലീസ് ജോർജ് ഫ്ളോയിഡിനെ കൊന്നത്. “നിങ്ങൾ ഞങ്ങളുടെ കഴുത്തിൽനിന്ന്‌ കാൽമുട്ട്‌ മാറ്റുക, ഞങ്ങളെ ശ്വസിക്കാൻ അനുവദിക്കുക’ എന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. ഇതുതന്നെ മറ്റൊരു രൂപത്തിൽ മോഡിസർക്കാരിന് മുന്നിൽ ഇന്ത്യയിലെ സമരോത്സുകരായ ജനത സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഉയർത്തിയിരിക്കുകയാണ്. “കൊറോണമൂലം ദുരിതത്തിലായ ജനങ്ങളെ ശ്വാസം മുട്ടിക്കാതിരിക്കൂ മോഡി സർക്കാർ’ എന്നാണ് ആവശ്യപ്പെട്ടത്.

ഏതൊക്കെ തലത്തിലാണ് ദുരിതത്തിലായ ജനങ്ങളെ മോഡിസർക്കാർ ശ്വാസംമുട്ടിക്കുന്നതെന്ന് നോക്കൂ. കൊറോണ കാരണം ഈവർഷം എഴുപതുമുതൽ നൂറു ദശലക്ഷംവരെ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കുകീഴേക്ക്‌ വീഴുമെന്ന ലോകബാങ്കിന്റെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ടുണ്ട്.

നിലവിലുള്ള പട്ടിണിപ്പാവങ്ങൾക്ക് പുറമെയാണിത്. ലോകത്ത് ഇത്രയധികം രാജ്യങ്ങൾ ഒരുമിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് ലോകമഹായുദ്ധങ്ങൾക്കുശേഷം ഇതാദ്യമായാണ്. ഇന്ത്യൻ സമ്പദ്ഘടന ഈവർഷം 3.2 ശതമാനം തകർച്ച നേരിടും. അടച്ചിടലും കയറ്റുമതി–-ഇറക്കുമതി വ്യാപാരത്തിലെ കുറവുമാണ് ഗുരുതരമായ ഇടിവിന് കാരണമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം മുന്നറിയിപ്പുകളെ കണക്കിലെടുത്ത് നടപടിയെടുക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമാണ്. 20 ലക്ഷംകോടി രൂപയുടെ ഉത്തേജക പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയവരുമാനത്തിന്റെ പത്ത്‌ ശതമാനമെന്ന് അവകാശപ്പെട്ടു. എന്നാൽ, ഇതിൽ ഒരുലക്ഷം കോടി രൂപപോലും ജനങ്ങളുടെ കൈയിൽ നേരിട്ട് പണമായി കിട്ടുന്നില്ല. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പോക്കറ്റിൽ പണം വന്നാലേ പട്ടിണി അകറ്റാനും ക്രയശേഷി ഉയർത്താനും കഴിയൂ.

സമ്പദ്ഘടന മെച്ചപ്പെടാനും അതുവേണം. സ്വന്തമായി നോട്ട് അച്ചടിക്കാൻ അധികാരമില്ലാത്ത സംസ്ഥാനം കൊറോണയുടെ ദുരിതമകറ്റാൻ ഇരുപതിനായിരം കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഒരു സംസ്ഥാന സർക്കാർ ഇങ്ങനെയൊരു കാര്യംചെയ്തത് അത്ഭുതത്തോടെയാണ്‌ ലോകം വീക്ഷിച്ചത്. ഈ പാക്കേജിലെ സിംഹഭാഗവും ജനങ്ങൾക്ക് നേരിട്ട് കിട്ടുന്നതാണ്.

നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജി മുതൽ പോൾ ക്രൂഗ്‌മാൻവരെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻമാർ നിർദേശിക്കുന്നത്, ഇന്നത്തെ ഘട്ടത്തിൽ ജനങ്ങൾക്ക് പണം എത്തിക്കുന്നതിന് മുൻഗണന നൽകണമെന്നാണ്. യാഥാസ്ഥിതികത്വം മുറുകെ പിടിക്കുന്ന ട്രംപ്‌പോലും അമേരിക്കൻ പൗരൻമാർക്ക് ഒരുലക്ഷം രൂപവീതം അവരുടെ അക്കൗണ്ടിലിട്ടു കൊടുത്തു. ഇരുപത് ലക്ഷം കോടിരൂപയുടെ മോഡി പാക്കേജ് ആകട്ടെ കോർപറേറ്റ്‌ വൽക്കരണത്തിലും സ്വകാര്യവൽക്കരണത്തിലും ശ്രദ്ധയൂന്നി.

അതിൽ കണക്കിന്റെ പകിടകളിയാണ്. മനുഷ്യജീവനുകളുടെ സംരക്ഷണവും രക്ഷയും ഇല്ല. എന്നാൽ, കേരള പാക്കേജിലെ ഇരുപതിനായിരംകോടി രൂപയിൽ കുടികൊള്ളുന്നത് സാധാരണക്കാരോടുള്ള കാരുണ്യവും കരുതലുമാണ്. എല്ലാവർക്കും സൗജന്യ റേഷൻ, ക്ഷേമപെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കെല്ലാമായിമാത്രം 8500 കോടിരൂപ ചെലവാക്കി.

കൊറോണ ദുരിതമകറ്റാൻ കേരളം വെട്ടിത്തെളിച്ച ഈ പാത കേന്ദ്ര സർക്കാർ സ്വീകരിക്കുകയാണ്‌ വേണ്ടത്. അതുകൊണ്ടാണ് ആദായനികുതി അടയ്ക്കാത്ത എല്ലാവർക്കും ആറുമാസത്തേക്ക്‌ പ്രതിമാസം 7500 രൂപവീതം നൽകണമെന്ന് ദേശീയ പ്രക്ഷോഭത്തിൽ അണിചേർന്ന ജനലക്ഷങ്ങൾ ആവശ്യപ്പെട്ടത്.

അതിഥിത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സംഖ്യ ഇന്ത്യയിൽ 14 കോടിയിലേറെയാണ്. ഇവരെയുൾപ്പെടെ പട്ടിണിയിൽനിന്ന്‌ രക്ഷിക്കാൻ ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകാൻ സിപിഐ എം ആവശ്യപ്പെട്ടു. തൊഴിലുറപ്പുപദ്ധതിക്ക് കൂടുതൽ തുക വകയിരുത്താനും ഗ്രാമ സ്വഭാവമുള്ള നഗരങ്ങളിൽക്കൂടി വ്യാപിപ്പിക്കാനും നിർദേശിച്ചു.

ഇതൊന്നും നടപ്പാക്കുന്നതിന് കണ്ണുതുറക്കാത്ത കേന്ദ്ര സർക്കാർ ജനങ്ങളുടെ നട്ടെല്ലൊടിക്കുംവിധം നികുതിഭാരം കൂട്ടുകയാണ്. ഇന്ധനവില തുടർച്ചയായി പതിനൊന്ന് ദിവസം വർധിപ്പിച്ചു. തീരുവ കൂട്ടിയ കേന്ദ്ര നടപടിക്ക് ഒരു ന്യായവുമില്ല. ഇങ്ങനെയൊരു കൊള്ള ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. പതിനൊന്ന് ദിവസത്തിനുള്ളിൽ ഡീസൽ, പെട്രോൾ നികുതി 6.15 രൂപയാണ് വർധിപ്പിച്ചത്. മോഡി അധികാരത്തിൽ വരുമ്പോൾ 2014 മേയിൽ ക്രൂഡ്‌ ഓയിൽ വില ബാരലിന് 105 ഡോളറായിരുന്നു. കഴിഞ്ഞ ജൂൺ 12ന് 38 ഡോളർ. ഈ വിലയിടിവിന്റെ ഗുണം കിട്ടാത്ത ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്.

ഇതിന്റെ ഫലമായി ചരക്കുഗതാഗതത്തിന് ചെലവ് കൂടുന്നു. ഫലമോ, നിത്യോപയോഗ സാധന വിലക്കയറ്റവും. പകർച്ചവ്യാധിക്കാലത്തെ കേന്ദ്ര സർക്കാരിന്റെ ‘മാസ്‌കിട്ട ഈ ഇന്ധന തീരുവ കൊള്ള’ യ്ക്കെതിരെ സമരം ചെയ്യാൻ കോൺഗ്രസിന് താൽപ്പര്യമില്ല. മറിച്ച് സംസ്ഥാനത്ത് വൈദ്യുതി ബില്ലിന്റെ പേരിൽ പുകമറ സൃഷ്ടിച്ച്‌ വെളിച്ചം കെടുത്തൽ സമരം നടത്തുകയായിരുന്നു. വൈദ്യുതി ചാർജ് വർധിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോൺഗ്രസ് നേതാക്കളുടെ സമരം.

എന്നാൽ, വൈദ്യുതിചാർജ് വർധിപ്പിച്ചിട്ടേയില്ല. മറ്റുസംസ്ഥാനങ്ങളേക്കാൾ കുറവാണ് കേരളത്തിലെ വൈദ്യുതി നിരക്ക്. ബിജെപിയുടെയും കോൺഗ്രസിന്റെയും ഭരണങ്ങളുള്ള സംസ്ഥാനങ്ങളിലേക്കാൾ എത്രയോ കുറഞ്ഞ നിരക്കാണ്. കോവിഡ്കാരണം വീടുകളിൽനിന്ന്‌ മീറ്റർറീഡിങ്‌ എടുക്കാൻ കഴിയാത്ത വിഷയം കെഎസ്ഇബിക്ക് ഉണ്ടായിട്ടുണ്ട്. അതിനുശേഷം നൽകിയ വൈദ്യുതി ബില്ലിനെപ്പറ്റി ഒട്ടനേകം പരാതികൾ വന്നിട്ടുണ്ട്. ഇവ പരിഹരിക്കാൻ വൈദ്യുതി ബോർഡ്‌ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു.

കോവിഡ്കാലത്തടക്കം പവർകട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ലാതെ കേരളത്തിന് വെളിച്ചം നൽകിയ സ്ഥാപനമാണ്‌ വൈദ്യുതി ബോർഡ്. ബോർഡിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിപക്ഷത്തിന്റെ സമരം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണ്.പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളിൽ ബിജെപി മുന്നിലാണ്.

അതിന്റെ പ്രഖ്യാപനമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പങ്കെടുത്ത കേരള ഘടകത്തിന്റെ വെർച്വൽ റാലി. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സ്വന്തമാക്കി പിണറായി സർക്കാർ മേനിനടിക്കുന്നു എന്ന നഡ്ഡയുടെ ആക്ഷേപത്തിൽ കഴമ്പില്ല.

ജനങ്ങൾക്ക് ഗുണം കിട്ടുന്ന കേന്ദ്രപദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരിന് ഒരു മനസ്സമ്മതക്കേടും ഇല്ല. കേന്ദ്രപദ്ധതികളാണ് കേരളത്തിൽ നടപ്പാക്കിയതെങ്കിൽ, മറ്റ്സംസ്ഥാനങ്ങളിൽ ഇല്ലാത്തത് എന്തുകൊണ്ടെന്ന് ബിജെപി വിശദീകരിക്കണം. എന്നാൽ, ജനദ്രോഹത്തിലേക്കാണ്‌ മോഡി സർക്കാരിന്റെ ഒട്ടുമുക്കാലും പോക്ക്. അതാണ് ദേശീയ പ്രക്ഷോഭത്തിൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, എൽഡിഎഫ് സർക്കാരിനെ ഇകഴ്‌ത്തിക്കാട്ടാൻ ബിജെപി നാവായും കോൺഗ്രസ് ഉച്ചഭാഷിണിയായും പ്രവർത്തിക്കുകയാണ് കേരളത്തിൽ.

കേന്ദ്രസർക്കാരിന്റെ തെറ്റുതിരുത്തിക്കാനായി പ്രക്ഷോഭം നടത്തിയ ദിനത്തിൽത്തന്നെ പ്രധാനമന്ത്രി കേരളത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നടപടിയുണ്ടായി. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‌ സമയം അനുവദിക്കാതിരുന്നത് പ്രതിഷേധാർഹമാണ്. ലക്ഷത്തിലേറെ പ്രവാസികളുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവ് ഉൾപ്പെടെയുള്ള കാതലായ കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് പ്രധാനമാണ്.

ഇതടക്കം ചർച്ച ചെയ്യാനുള്ള അവസരമായിരുന്നു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ആശയവിനിമയം. എന്നിട്ടും കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാനുള്ള അവസരം കേന്ദ്രം നിഷേധിച്ചത് പ്രബുദ്ധകേരളത്തെ അവഹേളിക്കലാണ്. രാഷ്ട്രീയവിവേചനത്തോടെ കേന്ദ്രഭരണ ചക്രംതിരിക്കുന്നത് ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കലാണ്.കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾ തിരുത്തിക്കാൻ പ്രക്ഷോഭ സമരങ്ങൾ ഇനിയും വളർത്തേണ്ടതുണ്ട്.

സിപിഐ എമ്മിന്റെ മാത്രമല്ല, ഇടതുപക്ഷത്തിന്റെയും എൽഡിഎഫിന്റെയും നേതൃത്വത്തിൽ അതിനുള്ള സമരപരിപാടികൾ വരുംനാളുകളിൽ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel