ഇ-വിജ്ഞാന കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ ഉയര്‍ത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ-ബുക്കുകളുടെയും ഇ-വിജ്ഞാനത്തിന്റെയും കേന്ദ്രമായി ഗ്രന്ഥശാലകളെ ഉയര്‍ത്താനുള്ള ഉത്തരവാദിത്തം കേരള ഗ്രന്ഥശാലാസംഘം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന സര്‍ക്കാരും കേരള ഗ്രന്ഥശാലാ സംഘവും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായനയുടെയും പ്രസാധനത്തിന്റെയും നിര്‍വചനങ്ങള്‍ മാറിമറിയുന്ന കാലമാണിത്. വായിക്കാന്‍ പുസ്തകങ്ങള്‍ വേണമെന്നില്ല. കോവിഡ് രോഗം സമൂഹത്തിലാകെ സ്തംഭനമുണ്ടാക്കിയപ്പോള്‍ വിദ്യാഭ്യാസ പ്രക്രിയ നിലച്ചുപോകാതിരിക്കാന്‍ നാം സ്വീകരിച്ച മാര്‍ഗം ഓണ്‍ലൈന്‍ ക്ലാസുകളാണ്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഗ്രാമങ്ങളില്‍ ഗ്രന്ഥശാലകളാണ് അതിനു വേദിയാകുന്നത്. ഇത്തരം സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകള്‍ മാറേണ്ടിവരും.

ഇന്റര്‍നെറ്റിലൂടെ പുതിയ ലോകത്തേക്ക് വാതിലുകള്‍ തുറക്കുകയാണ്. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ പുസ്തകങ്ങളുമായി ഉണ്ടാകേണ്ട ചങ്ങാത്തത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാന്‍ മുതിര്‍ന്നവരും അധ്യാപകരും മുന്‍കൈയെടുക്കണം.

കേരളത്തിലെ വളര്‍ന്നുപന്തലിക്കുന്ന പ്രസാധന മേഖലയും ശക്തമായ പുസ്തക വിപണിയും വ്യക്തമാക്കുന്നത് ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ പുസ്തകങ്ങള്‍ക്ക് പകരമാകില്ല എന്നാണ്. എന്നാല്‍, പുതിയ സങ്കേതങ്ങളോട് നാം മുഖം തിരിക്കരുത്. അതിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തണം. പുസ്തകങ്ങളുടെ രൂപമോ ഭാവമോ മാറിക്കൊള്ളട്ടെ, വായനയുടെ കരുത്ത് നമ്മളില്‍ നിന്ന് ചോര്‍ന്ന് പോകാന്‍ പാടില്ല.

കേരള ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വഴികാട്ടിയാണ് പി.എന്‍ പണിക്കര്‍. ഐ.വി. ദാസ് ആകട്ടെ ഈ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നു. പി.എന്‍ പണിക്കര്‍ ഉയര്‍ത്തിയ ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യത്തിന് എക്കാലവും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷനായിരുന്നു. എന്‍. ബാലഗോപാല്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ എന്നിവരും സംസാരിച്ചു. പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19-ന് തുടങ്ങുന്ന വായനാപക്ഷാചരണ പരിപാടികള്‍ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7-ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News