രാജ്യസഭാ തിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി ബിജെപി; എൻഡിഎ മുന്നണിക്ക് 10 സീറ്റ്

എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി പത്ത് സീറ്റും കോൺഗ്രസ് 4 സീറ്റിലും ജയിച്ചു.

ചഭൂരിപക്ഷം ഇല്ലാതിരുന്ന മണിപ്പൂരിൽ സ്പീക്കറെ ഉപയോഗിച്ച് ബിജെപി സീറ്റ് പിടിച്ചു. ഗുജറാത്തിൽ നാലിൽ 3 സീറ്റും ബിജെപി വിജയിച്ചു. രണ്ട് നേടാനുള്ള കോൺഗ്രസ് ശ്രമങ്ങൾ ഫലം കണ്ടില്ല. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിൽ എത്തി.

മണിപ്പൂരിനെ ഒഴിച്ചു നിർത്തിയാൽ ആന്റി ക്ലൈമാക്‌സുകളില്ലാതെയാണ് 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും പൂർത്തിയായത്. ഗുജറാത്തിൽ എട്ട് പാർട്ടി എം എൽ എമാരുടെ രാജിയോടെ 2 സീറ്റെന്ന മോഹം മങ്ങിയ കോൺഗ്രസിന് ഭാരതീയ ട്രൈബൽ പാർട്ടിയുടെ 2 വോട്ടുകൾ രക്ഷയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ ഉണ്ടായിരുന്നു.

എന്നാൽ ബി ടി പി വിട്ട് നിന്നു. രണ്ട് ബിജെപി അംഗങ്ങളുടെ വോട്ട് അസാധു ആക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളിയതോടെ നാലിൽ മൂന്ന് സീറ്റുകളും ബിജെപി കൊണ്ടുപോയി.

മണിപ്പൂരിൽ സ്പീക്കറെ ഉപയോഗിച്ച് കോടതി വിധി പോലും കാറ്റിൽ പറത്തിയാണ് ഏക സീറ്റ് ബിജെപി പിടിച്ചത്. നിയമസഭയിൽ കയറാൻ വിലക്കുള്ളവർക്ക് സ്പീക്കർ വോട്ടവകാശം നൽകി. അതും ബിജെപിക്ക് വോട്ട് ചെയ്യാൻ സമ്മതിച്ച 3 പേർക്ക് മാത്രം.

കോൺഗ്രസിന് വോട്ട് ചെയ്യാൻ തീരുമാനിച്ച 4 അംഗങ്ങൾക്കും ഏക തൃണമൂൽ അംഗത്തിനും വോട്ടവകാശം നിഷേധിച്ചു. സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്നിരിക്കെയാണ് ബിജെപിയുടെ പരസ്യമായ അധികാര ദുർ വിനിയോഗം. സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.

കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിലൂടെ ആദ്യമായി രാജ്യസഭയിൽ എത്തി. കോൺഗ്രസ് രണ്ട് സീറ്റിലും ബിജെപി ഒന്നിലും ജയിച്ചു. മധ്യപ്രദേശിൽ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും സുമേർ സിങ് സോളങ്കിയും ജയിച്ചു. ദിഗ് വിജയ് സിംഗ് ആണ് കോൺഗ്രസ് പ്രതിനിധി.

ജാർഖണ്ഡിൽ ജെഎംഎമ്മും ബിജെപിയും ഓരോ സീറ്റ് പങ്കിട്ടു. ഷിബു സോറനാണ് ജയിച്ച പ്രമുഖൻ. എൻഡിഎ ഘടകകക്ഷികളായ എംഎൻഎഫ് മിസോറാമിലും എൻ പി പി മേഘാലയയിലും വിജയിച്ചു. ആന്ധ്രയിലെ നാല് സീറ്റും വൈ എസ് ആർ കോൺഗ്രസ് തൂത്തുവാരി. 19ൽ എട്ട് സീറ്റുകളും ജയിച്ച ബിജെപി സഭയിലെ അംഗബലം 83 ആയി ഉയർത്തി. 39 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിനാകട്ടെ സീറ്റ് എണ്ണം 43 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News