കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തി; ജഡ്‌ജി നിരീക്ഷണത്തിൽ; അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു

എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ സമ്പര്‍ക്ക പട്ടികയില്‍ ഹൈക്കോടതി ജഡ്ജിയും സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറുമടക്കം കോടതി ജീവനക്കാര്‍. ജസ്റ്റിസ് സുനില്‍ തോമസ്, വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കമുളളവര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഓഫീസും ചേംബര്‍ കോംപ്ലക്സിലെ കോഫി ഹൗസും താത്ക്കാലികമായി അടച്ചു.

കളമശേരിയിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെ ജീവനക്കാര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ഔദ്യോഗിക കാര്യത്തിനായി എത്തിയിരുന്നു.

എസ്ബിഐയ്ക്ക് സമീപമുളള ഗെയിറ്റ് വ‍ഴി ഹൈക്കോടതിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ചു. പ്രവേശന കവാടത്തില്‍ വച്ചിരുന്ന രജിസ്റ്ററില്‍ നിന്നും പേനയെടുത്ത് സന്ദര്‍ശനലക്ഷ്യം ഉള്‍പ്പെടെ പൂരിപ്പിച്ച് നല്‍കി. തുടര്‍ന്ന് എസ്കലേറ്റര്‍ വ‍ഴി ഒന്നാം നിലയിലെ വണ്‍ ഡി കോടതിമുറിയിലെത്തി. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അഡ്വ രാജേഷിന് ചില രേഖകള്‍ കൈമാറി. ഈ ഫയലുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസിനും ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടി വന്നത്.

അഡ്വക്കെറ്റ് ജനറല്‍ ഓഫീസിലെയടക്കം ജീവനക്കാരും നിരീക്ഷണത്തിലാണ്. അഭിഭാഷകരോട് അതീവ ജാഗ്രത പുലര്‍ത്താന്‍ അഭിഭാഷക അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കരുതല്‍ എന്ന നിലയില്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസും ചേംബര്‍ കോംപ്ലക്സിലെ കോഫി ഹൗസും താത്ക്കാലികമായി അടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News