കെഎസ്ഇബിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ വിലപ്പോകില്ല; മന്ത്രി എംഎം മണി

കെ എസ് ഇ ബിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ വിലപ്പോകില്ലെന്ന് മന്ത്രി എംഎം മണി. വൈദ്യുതി ആവശ്യകതയുടെ കേവലം 30 ശതമാനത്തോളം മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്തുനിന്ന് വാങ്ങുന്നതാണ്.

എന്നാലും നിലവിൽ സംസ്ഥാനത്ത് വൈദ്യുതി താരിഫ് ഘടനയിലോ നിരക്കുകളിലോ വ്യത്യാസം വരുത്തിയിട്ടില്ല. ഇതാണ് വസ്തുതയെന്നിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ വ്യാജ പ്രചരണങ്ങളെന്നും മന്ത്രി ലേഖനത്തിൽ പ്രതികരിച്ചു.

ലോക്ഡൗൺ കാലത്തെ വൈദ്യുതി ഉപയോഗവും നിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയാണ് വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രതികരണം. ലോക്‌ഡൗണിൽ കുടുംബാംഗങ്ങളെല്ലാം വീടുകളിൽ ഉണ്ടായിരുന്നു. വൈദ്യുതി ഉപയോഗം വർധിച്ചു.

മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ കർശനമായ അടച്ചുപൂട്ടലായതിനാൽ മീറ്റർ റീഡിങ്‌ എടുക്കാൻ കഴിഞ്ഞില്ല. മുൻകാലങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയാണ് ‍ബിൽ നൽകിയത്.

ഏപ്രിൽ 20നു ശേഷം റീഡിങ്‌ എടുത്തപ്പോഴാണ് യഥാർഥ ഉപയോഗം വ്യക്തമായത്. അതനുസരിച്ച് പൊതുവെ ഉയർന്ന ബില്ലാണ് പലർക്കും ലഭിച്ചത്. എന്നാൽ വൈദ്യുതി താരിഫ് ഘടനയിലോ നിരക്കുകളിലോ വ്യത്യാസം വരുത്തിയതിനാലല്ല ഇത് സംഭവിച്ചത്.

ഇതാണ് വസ്തുതയെങ്കിലും വൈദ്യുതിനിരക്ക് വർധിപ്പിച്ചു, കെഎസ്ഇബി കൊള്ളയടിക്കുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങളുമായി സർക്കാരിനെ മോശമാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്. ഇടുക്കി അടക്കമുള്ള ജലവൈദ്യുത പദ്ധതികളിൽനിന്നും ആവശ്യാനുസരണം വൈദ്യുതി കിട്ടുന്നുണ്ടെന്നും അങ്ങനെ ചെലവുകുറഞ്ഞു കിട്ടിയിട്ടും വലിയ ബിൽ നൽകി ബുദ്ധിമുട്ടിലാക്കുന്നുവെന്ന പ്രചാരണങ്ങളും നടക്കുകയുണ്ടായി.

വൈദ്യുതി ആവശ്യകതയുടെ കേവലം 30 ശതമാനത്തോളം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്തുനിന്ന് വാങ്ങിക്കുന്നതാണ്. ബോർഡിന്‍റെ ചെലവിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇങ്ങനെ പുറത്തുനിന്നു വാങ്ങുന്നതിനാണ്. ഇതിന്‌ വർഷം 8000 കോടി രൂപ വരും. 550 കോടിയോളം രൂപ പ്രസരണ ചാർജും നൽകണം.

പ്രസരണ – വിതരണ നഷ്ടം, ശമ്പളം, അറ്റകുറ്റപ്പണികൾ തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി ജനങ്ങളിലെത്തുമ്പോൾ ശരാശരി ചെലവ് 6 രൂപ14 പൈസയാണ്.

നാലുമാസത്തെ റീഡിങ്‌ ഒരുമിച്ച് എടുത്തതുകൊണ്ട് അർഹതപ്പെട്ട ടെലസ്കോപ്പിക് ആനുകൂല്യം ഇല്ലാതാകുന്നു എന്നാണ്‌ പ്രചാരണം. പ്രതിമാസം 250 യൂണിറ്റിനാണ് ആനുകൂല്യം. അതായത് നാലു മാസത്തെ റീഡിങ്‌ ഒരുമിച്ചെടുക്കേണ്ടിവന്നിടത്ത് 1000 യൂണിറ്റ് വരെ ആനുകൂല്യം നൽകിക്കൊണ്ടാണ് ബിൽ ചെയ്യുന്നത്.

2013 വരെ പ്രതിമാസം 500 യൂണിറ്റ്‌ വരെ ഉപയോഗിച്ചവർക്ക് ലഭിച്ചിരുന്നു. 2013ൽ അത് 300 യൂണിറ്റിലേക്കും 2014ൽ 250 യൂണിറ്റിലേക്കും പരിമിതപ്പെടുത്തിയത് യുഡിഎഫ് ഭരണത്തിലാണ്.

ലോക്‌ഡൗണിൽ ഉപയോഗം പലമടങ്ങായി വർധിച്ച് ടെലസ്കോപ്പിക് ആനുകൂല്യം ലഭിക്കുന്ന പരിധിക്ക് പുറത്തേക്കും താരിഫിലെ ഉയർന്ന നിരക്കുകളിലേക്കും പോയി. മുമ്പ് എത്രയായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നത് നോക്കാതെ ബില്ലിൽ തെറ്റുപറ്റിയെന്ന നിഗമനത്തിൽ എത്തുകയാണ് ചിലർ ചെയ്തത്.

എല്ലാ പരാതിയും വിശദമായി പരിശോധിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ലേഖനത്തിൽ വ്യക്തമാക്കി. 200 കോടി രൂപ ബാധ്യതയുള്ള ഇളവുകളുടെ ഒരു പാക്കേജാണ് ബോർഡ് അംഗീകരിച്ചത്. ഇതിലൂടെ ബോർഡിന്റെ ബാധ്യത വർധിക്കുമെങ്കിലും ജനങ്ങളുടെ പ്രയാസം ഏറെക്കുറെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here