ചെന്നൈയില്‍ നിന്ന് കൂട്ടപ്പലായനം; രാജ്യത്ത് സാമൂഹ്യവ്യാപന ആശങ്കയേറുന്നു

രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ ബാധിതര്‍ തുടർച്ചയായി മൂന്നാം ദിവസവും 13000 കടന്നു. പോസിറ്റിവിറ്റി നിരക്ക്‌ (പരിശോധിക്കുന്ന സാമ്പിളുകളിൽ പോസിറ്റീവാകുന്ന കേസുകൾ) എട്ട്‌ ശതമാനത്തിലേക്ക്‌ അടുത്തതോടെ സമൂഹവ്യാപനമെന്ന ആശങ്ക ശക്തമായി.

മുംബൈ, ഡൽഹി, ചെന്നൈ, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ സമൂഹവ്യാപനം സംഭവിക്കുന്നതിന്റെ സൂചനയാണ്‌ ഉയർന്ന പോസിറ്റിവിറ്റി നിരക്കെന്ന്‌ വിദഗ്‌ധർ. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്‌ മെയ്‌ 17 ന്‌ 4.6 ശതമാനമായിരുന്നത്‌ ജൂൺ 17ന്‌ 7.8 ശതമാനമായി.

മഹാരാഷ്ട്രയിൽ 21.2, ഡൽഹിയിൽ 31.3, ഗുജറാത്തിൽ 10.2, ഹരിയാനയിൽ 10.1, തമിഴ്‌നാട്ടിൽ 10 ശതമാനം എന്നിങ്ങനെയാണ്‌ പോസിറ്റിവിറ്റി നിരക്ക്‌.

രാജ്യത്ത്‌ രോ​ഗികള്‍ 3.90 ലക്ഷം കടന്നു. മരണം 13000ലേക്ക്. 24 മണിക്കൂറിൽ 13586 രോഗികൾ. മരണം336. സംസ്ഥാനങ്ങളിലെ കണക്കുപ്രകാരം വ്യാഴാഴ്‌ച 13893 രോഗികള്‍, 346 മരണം. ഡൽഹിയിൽ രോഗികൾ അമ്പതിനായിരം കടന്നു.

കോവിഡ്‌ ചികിത്സയ്‌ക്കായുള്ള ഫാവിപിരവിർ, ഉമിഫെനൊവിർ എന്നീ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണത്തിന്‌ ഡിജിസിഐയുടെ അനുമതി. സിഎസ്‌ഐആറാണ്‌ ഈ മരുന്നുകൾ വികസിപ്പിക്കുന്നത്‌.

ചെന്നൈയിൽനിന്ന്‌ കൂട്ടപ്പലായനം

കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി നാലു ജില്ലയിൽ സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ചെന്നൈയിൽനിന്ന്‌ മൂന്നുലക്ഷം പേർ സ്വന്തം നാടുകളിലേക്ക്‌ മടങ്ങി. ചെന്നൈയിൽമാത്രം 36,000 പേർ കോവിഡ്‌ രോ​ഗബാധിതരായി. സമൂഹവ്യാപനമാണോ എന്നറിയാൻ കഴിയാത്ത സ്ഥിതി ആയപ്പോഴാണ് നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നിർദേശങ്ങൾ അനുസരിക്കാൻ ആളുകൾ കൂട്ടാക്കാത്തതും തിരിച്ചടിയായി.

ചെന്നൈയിൽ കോയമ്പേട്‌ മാർക്കറ്റായിരുന്നു കോവിഡ്‌ പ്രഭവകേന്ദ്രം. കാഞ്ചീപുരം, ചെങ്കൽപേട്ട്‌, തിരുവള്ളൂർ ജില്ലകളിലാണ്‌ ഏറ്റവുമധികം രോ​ഗ‌ബാധിതരുള്ളത്‌. തമിഴ്‌നാട്ടിലെ 20 ജില്ലയിൽ നൂറിലധികം കോവിഡ്‌ രോഗികളുണ്ട്‌.

അടച്ചിട്ട് 4 ജില്ല

കോവിഡ് വ്യാപനത്തെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്‌, കാഞ്ചീപുരം ജില്ലകളിൽ സമ്പൂർണ അടച്ചിടല്‍ തുടങ്ങി. 12 ദിവസം ലോക്‌ഡൗൺ കർശനമായി പാലിക്കാൻ അയ്യായിരത്തിലധികം പൊലീസിനെയും വിന്യസിച്ചു. ചെക്ക്‌പോസ്‌റ്റുകളിൽ ശക്തമായ പരിശോധന തുടരുന്നു. ചെന്നൈയിൽ നിയന്ത്രണാതീതമായ രീതിയിലാണ് ‌രോ​ഗം വ്യാപിക്കുന്നത്‌. വ്യാഴാഴ്‌ച മരിച്ച 49 പേരിൽ നാൽപ്പതും ചെന്നൈയിൽ ഉള്ളവരാണ്‌. ദിവസേന രണ്ടായിരത്തിലധികം രോ​ഗികള്‍‌.

ചെന്നൈയിൽ അണ്ണാ സർവകലാശാലയുടെ കെട്ടിടങ്ങൾ കോവിഡ്‌ ചികിത്സാ കേന്ദ്രങ്ങളാക്കി. നിയമസഭാ സെക്രട്ടറിയറ്റിൽ 200 ഓളം പേർക്ക്‌ രോ​ഗം. തുടർന്ന്‌ സെക്രട്ടറിയറ്റ്‌ അടച്ചിട്ടു.

മന്ത്രിക്ക് ‌കോവിഡ്

തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകന്‌ ‌ കോവിഡ്‌. മന്ത്രിയുടെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. ചെന്നൈയിൽ രോ​ഗവ്യാപനം നിയന്ത്രിക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി അംഗമാണ്‌ ‌അൻപഴകൻ.

ചെന്നൈ കോർപറേഷനിലെ കോവിഡ്‌ പ്രതിരോധയോഗത്തിൽ പങ്കെടുത്തിരുന്നു. അൻപഴകന്റെ കാർ ഡ്രൈവർ വിവേകാനന്ദൻ, തൊഴിൽ മന്ത്രി ബെഞ്ചമിന്റെ ഡ്രൈവർ, ഭക്ഷ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവർക്ക് നേരത്തെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ശ്രീപെരുംപുതുർ എംഎൽഎ പഴനിയും കോവിഡ് ബാധിച്ചുചികിത്സയിലാണ്‌.

മഹാരാഷ്ട്രയിൽ ഒറ്റദിനം 3827രോ​ഗികള്‍

കോവിഡ്‌ സ്ഥിതി രൂക്ഷമായ മഹാരാഷ്ട്രയിൽ വെള്ളിയാഴ്‌ച 3827 പേർക്ക്‌ കൂടി കോവിഡ്. 142 പേർ മരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന രോ​ഗ‌ നിരക്കാണിത്‌. ആകെ രോഗികൾ 124331 ആയി. മരണം 5893. മുംബൈയിൽ മാത്രം 1264 പേർക്ക്‌ രോ​ഗം. 114 മരണം.മുംബൈയില്‍ ആകെ രോഗികൾ 64139. മരണം 3425 ആയി.

ഡല്‍ഹി ആരോഗ്യ മന്ത്രി ഗുരുതരാവസ്ഥയില്‍

കോവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ ഗുരുതരാവസ്ഥയിൽ. ശ്വാസതടസ്സവും കടുത്ത പനിയും രൂക്ഷമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കുമെന്ന്‌ ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി.

ഡൽഹിയിലെ കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിൽ ലെഫ്. ഗവർണർ അനിൽ ബൈജാലിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഒപ്പം പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News