‘ലിനിയും കുടുംബവും കേരളത്തിന്‍റെ സ്വത്ത് അവര്‍ നമ്മുടെ കുടുംബം’; അവരെ അക്രമിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമെങ്കില്‍ എല്ലാരീതിയിലും ചെറുക്കും: മുഖ്യമന്ത്രി

സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിനെതിരായ കോണ്‍ഗ്രസ് ആക്രമണത്തിലും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ മുല്ലപ്പള്ളി നടത്തിയ പ്രസ്ഥാവനയിലും രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്.

ഇതുവരെ പത്രസമ്മേളനത്തില്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ല ഇന്ന് അതില്‍ മാറ്റം വേണം എന്ന് തോന്നുന്നു. ഇന്ന് ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ലിനിയുടെ ഭര്‍ത്താവിനെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു ആ സമരത്തിന്‍റെ മുദ്രാവാക്യം.

ആ കുടുംബത്തെ നമ്മുടെ കുടുംബമായാണ് എല്ലാരും കാണുന്നത് അതിനെ അംഗീകരിച്ചില്ലെങ്കിലും വേട്ടയാടാതിരിക്കണം. എന്തിനാണ് ഈ വേട്ടയാടല്‍ എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. ജീവിതത്തിന്റെ പ്രയാസ ഘട്ടത്തില്‍ കൂടെനിന്നവരെ കുറിച്ച് സജീഷ് പറഞ്ഞതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.

നിപക്കെതിരായ പോരാട്ടത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുക ലിനിയെയാണ്. നിപ പ്രതിരോധത്തില്‍ ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് മനസിലാക്കിയതാണ് അവരെ അധിക്ഷേപിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യ പ്രതികരണം ലിനിയുടെ കുടുംബത്തില്‍ നിന്നുമുണ്ടാവും.

അവരെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ ഒരു കാരണവശാലും അതിന് അനുവദിക്കില്ല. സിസ്റ്റര്‍ ലിനി ഈനാടിന്റെ സ്വത്താണ് അവര്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കും അവര്‍ക്കൊപ്പമാണ് ഈ നാട്.

കേരളത്തിന്റെ ആരോഗ്യമന്ത്രി എന്തിന്റെ പേരിലാണ് ആക്രമിക്കപ്പെടുന്നത് എന്നതാണ് നമ്മള്‍ ആലോചിക്കേണ്ടത്. തന്നില്‍ അര്‍പ്പിതമായ കടമ പക്ഷഭേദമില്ലാതെ നടത്തിയെന്നതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധ സമരത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡണ്ട് നടത്തിയത് അപഹാസ്യകരമായ പ്രസ്ഥാവനയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലയാളമനോരമ പത്രത്തില്‍ കെപിസിസി പ്രസിഡണ്ടിനെതിരെ വന്ന മുഖപ്രസംഗത്തെയും എടുത്തുപറഞ്ഞു.

തന്റെ നാടിനെക്കുറിച്ച് ലോകം നല്ലത് പറയുന്നുവെന്നത് അസ്വസ്ഥതപ്പെടുത്തുന്നു എന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവിന്റെ മനോനില എത്ര നികൃഷ്ടമാണ്. ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപം അണികളുടെ കയ്യടിനേടാനാണെങ്കില്‍ അത് അങ്ങേയറ്റം അപഹാസ്യമാണ്.

ലോകം ശ്രദ്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവഹേളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ അത് അവരുടെ പേശികള്‍ക്ക് അല്‍പം വ്യായാമം കൂട്ടും എന്നതല്ലാതെ നാട്ടില്‍ ഒരു മാറ്റവും ഉണ്ടാവില്ല ജനങ്ങള്‍ ഇതെല്ലാം കാണുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിനെയാകെ അധിക്ഷേപിക്കുന്നവരുടെ രാഷ്ട്രീയ മനശാസ്ത്രം ജനങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News