കെ കെ ശൈലജയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മുല്ലപ്പള്ളി കേരളത്തോട് മാപ്പ് പറയണം: കോടിയേരി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ നടത്തിയ അങ്ങേയറ്റം ഹീനമായ പരാമര്‍ശം ഉടനടി പിന്‍വലിച്ച് കേരളത്തോട് മാപ്പ് പറയാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനും അതുവഴി രോഗവ്യാപനത്തിന് വഴിതുറക്കാനുമാണ് ആരോഗ്യമന്ത്രിയെ അധിക്ഷേപിക്കുന്നത്.

വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകാതെ മന്ത്രിയെ വീണ്ടും ആക്ഷേപിക്കുകയാണ് മുല്ലപ്പള്ളി ചെയ്തത്. മന്ത്രിക്കെതിരെ നടത്തിയ നിന്ദ്യമായ വാക്കുകള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

ഒരു പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നിലപാടാണ് മുല്ലപ്പള്ളിയുടേത്. ഇത് തെറ്റാണെന്ന് പറയാന്‍ മറ്റ് നേതാക്കളും കോണ്‍ഗ്രസ്സ് പാര്‍ടിയും തയ്യറാകാത്തത് ദുരൂഹമാണ്.

രോഗപ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീരകരിച്ച നടപടികള്‍ ഫലം കണ്ടതാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ വിറളിപിടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ തിമിരം ബാധിച്ച ഇത്തരം നേതാക്കളെ സമൂഹം തിരസ്‌കരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വനിത എന്ന പരിഗണനയുടെ പേരിലെങ്കിലും മുല്ലപ്പള്ളിയെ തിരുത്താന്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം മുന്നോട്ട് വരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News