കെ വി പീതാംബരൻ അന്തരിച്ചു

ഡിവൈഎഫ്ഐ ആദ്യ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഐ എം നേതാവുമായ കെ വി പീതാംബരൻ (69) അന്തരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. ശനിയാഴ്ച രാത്രി 1130ന് അമല മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. 69 വയസ്സ് ആയിരുന്നു.

നാട്ടിക കാഞ്ഞിരപ്പറമ്പിൽ വേലായുധൻ–കൗസല്യ ദമ്പതികളുടെ മകനായ പീതാംബരൻ ബീഡിത്തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്. കെഎസ്വൈഎഫ് ബ്ലോക്ക് സെക്രട്ടറിയായിരിക്കെ 1980ൽ ഡിവൈഎഫെ്ഐ രൂപീകരണത്തോടെ ആദ്യ ജില്ലാ സെക്രട്ടറിയായി. 1967ൽ 17–ാം വയസ്സിൽ പാർടി അംഗത്വത്തിലെത്തി. 12 വർഷം ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒമ്പതുവർഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. 1989ൽ റഷ്യ സന്ദർശിച്ച യുവജനസംഘത്തിന്റെ തലവനായിരുന്നു. 1982ലെ കലക്ടറേറ്റ് മാർച്ചിലും 1972ലെ കേരള ബന്ദിലും കയ്പമംഗലം സഹകരണബാങ്ക് തെരഞ്ഞെടുപ്പിലും ക്രൂരമായ പൊലീസ് മർദനത്തിനിരയായി. ജില്ലാപഞ്ചായത്ത് അംഗം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിൽ പാർലമെന്ററി രംഗത്തും മികവു തെളിയിച്ചു.

ബീഡി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ, ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സംഘടനകളുടെ ജില്ലാ ട്രഷറർ, 25വർഷം ട്രിച്ചൂർ കോട്ടൺമിൽ ലേബർ യൂണിയൻ സെക്രട്ടറി, ടെക്സ്റ്റൈൽ കോർപറേഷൻ ഭരണസമിതി അംഗം തുടങ്ങി തൊഴിലാളി യൂണിയൻ രംഗത്തെയും മികവുറ്റ നേതാവായിരുന്നു.

നാട്ടിക യുഗഭാവന കലാകേന്ദ്രം, വിശ്വദർശന ലൈബ്രറി എന്നിവയുടെ സ്ഥാപകരിൽ പ്രമുഖനും ഭാരവാഹിയുമായിരുന്ന അദ്ദേഹം മറ്റ് നിരവധി സാംസ്കാരിക സംഘടനകളുടേയും ഭാരവാഹിയായിരുന്നു. വോളിബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ വൈസ് ചെയർമാൻ, തൃപ്രയാർ നാടകോത്സവം, ജലോത്സവം സംഘാടകസമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

നാട്ടിക ഫർക്ക സഹ. റൂറൽ ബാങ്ക് റിട്ട. ജീവനക്കാരി സരസുവാണ് ഭാര്യ. മക്കൾ: ഗായത്രി (സെക്രട്ടറി, തൃശൂർ ജില്ലാ എൻആർഐ സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്ക്), അശ്വതി(നേഴ്സ്, കൊടുങ്ങല്ലൂർ താലൂക്കാശുപത്രി), ആരതി(ബിആർസി, കയ്പമംഗലം). മരുമക്കൾ: സുനിൽരാജ് (ഗൾഫ്), ശരത് (കേരള പൊലീസ്, വടക്കേകര സ്റ്റേഷൻ), ശ്രീനാഥ് (ഗൾഫ്). സഹോദരങ്ങൾ: രമണി, കമല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel