കേരള കോണ്‍ഗ്രസ് തര്‍ക്കം; ജോസഫിന്റെ നിലപാട്‌ ഇന്നറിയാം; രാജിവയ്‌ക്കില്ലെന്നുറച്ച്‌ ജോസ്‌ കെ മാണി

യുഡിഎഫിന്റെ ആവശ്യം പരസ്യമായി തള്ളിയ ജോസ്‌ കെ മാണിക്കെതിരെ പി ജെ ജോസഫ്‌ എന്ത്‌ നിലപാടെടുക്കുമെന്ന്‌ ഇന്ന് അറിയാം.പാലാ മരിയ സദനത്തിൽ ജോസഫ്‌ വിഭാഗം സംഘടിപ്പിക്കുന്ന പാർടി സുവർണ ജൂബിലി സമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കും. ജോസഫ്‌ വിഭാഗത്തിലെ മുഴുവൻ നേതാക്കളും പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന‌ ആവശ്യം പരസ്യമായി തള്ളിയ ജോസ്‌ യുഡിഎഫിനെ വെല്ലുവിളിച്ചെന്നാണ്‌ ജോസഫ്‌ വിഭാഗത്തിന്റെ നിലപാട്‌. പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കവുമായി ജോസഫ്‌ മുന്നോട്ട്‌ പോകാനാണ്‌ സാധ്യത.

ആദ്യം പിന്തുണച്ച കോൺഗ്രസ്‌ പിൻവലിഞ്ഞതിനാൽ അങ്കലാപ്പിലായിരുന്നു ജോസഫ്‌‌ വിഭാഗം. കോൺഗ്രസ്‌ പിന്തുണയ്‌ക്കാതെ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാനാകില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസിനെതിരെ കോൺഗ്രസിന്റെ പിന്തുണ ആവശ്യപ്പെടാം‌. കോൺഗ്രസാകട്ടെ, ജോസിനെ പിണക്കാനും പിണക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ്‌.

രാജിവയ്‌ക്കില്ലെന്ന്‌ ജോസ്‌ കെ മാണി
കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന യുഡിഎഫ്‌ കൺവീനർ ബെന്നി ബഹ്‌നാന്റെ ആവശ്യം തള്ളി ജോസ്‌ കെ മാണി.കെ എം മാണിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ മാറ്റില്ലെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ പോലുള്ള നിർണായക ഘട്ടങ്ങളിൽ യുഡിഎഫിൽ കലഹം സൃഷ്ടിക്കുന്നത്‌ പി ജെ ജോസഫിന്റെ സ്ഥിരം പരിപാടിയാണ്‌. പാലായിലെ യുഡിഎഫ്‌ സ്ഥാനാർഥിയെ തള്ളണമെന്ന്‌ പറഞ്ഞു. ചിഹ്നവും നിഷേധിച്ചു. പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ പരിഹരിക്കണമെന്ന്‌ തന്നെയാണ്‌ തങ്ങളുടെ ആഗ്രഹമെന്നും ജോസ്‌ പാലായിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.മുൻ ധാരണപ്രകാരം ജോസ്‌ വിഭാഗം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണം.

അതിനുശേഷമാകാം മറ്റ്‌ ചർച്ചകളെന്നുമാണ്‌ യുഡിഎഫ്‌ കൺവീനർ കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്‌. എട്ടുമാസം ജോസ്‌ വിഭാഗത്തിനും ആറുമാസം ജോസഫ്‌ വിഭാഗത്തിനുമെന്നാണ്‌ ധാരണ. ഇത്‌ പാലിക്കാൻ ജോസ്‌ ബാധ്യസ്ഥനാണെന്നും‌ കത്തിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു കരാർ ഇല്ലെന്നും മാണിയുമായുണ്ടാക്കിയ കരാർ മാത്രമെ അംഗീകരിക്കൂവെന്നുമാണ്‌ ജോസ്‌ പക്ഷത്തിന്റെ നിലപാട്‌.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുസ്ഥാനം സംബന്ധിച്ച തർക്കത്തിൽ യുഡിഎഫിന്റേത്‌ യുക്തമായ തീരുമാനമെന്ന്‌ കേരള കോൺഗ്രസ്‌ എം വർക്കിങ്‌ ചെയർമാൻ പി ജെ ജോസഫ്‌.

യുഡിഎഫ്‌ തീരുമാനം അനുസരിക്കാൻ കക്ഷികൾക്ക്‌ ബാധ്യതയുണ്ട്‌. പ്രസിഡന്റ്‌ സ്ഥാനം കൈമാറണമെന്നതാണ്‌ ഞങ്ങളുടെ ആവശ്യം. ഈ ആവശ്യം ശരിയാണെന്ന്‌ ഇപ്പോൾ തെളിഞ്ഞു. ജോസ്‌ കെ മാണി വിഭാഗത്തിന്റേത്‌ ഗീബൽസിയൻ നയമാണ്‌. അവർ കരാർലംഘനം ആവർത്തിക്കുന്നു. തുടർനടപടികൾ യുഡിഎഫ്‌ തീരുമാനിക്കുമെന്നും ജോസഫ്‌ പ്രതികരിച്ചു.‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News