‘കൈകോര്‍ത്ത് കൈരളി’; പ്രവാസികളുമായി കൈരളിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ യുഎഇയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളുമായി ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം തിരുവനന്തപുരത്ത് എത്തി. 215 പ്രവാസി മലയാളികളാണ് വിമാനത്തില്‍ നാട്ടിലെത്തിയത്.

വിദേശത്ത് കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെ പൂര്‍ണ്ണമായും സൗജന്യമായി നാട്ടിലേക്ക് എത്തിക്കുന്ന ആദ്യത്തെ ചാര്‍ട്ടേഡ് വിമാനമാണ് കൈരളി ടിവിയുടെത്.

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി ഒരുക്കിയ കൈ കോര്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് ചാര്‍ട്ടേഡ് വിമാനം. നാട്ടിലേക്ക് മടങ്ങാന്‍ പോലും വഴിയില്ലാതെ സാമ്പത്തികമായി പ്രയാസപ്പെടുന്ന അര്‍ഹരായ ആളുകളെയാണ് ഈ വിമാനത്തില്‍ നാട്ടിലെത്തിച്ചത്.

ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയില്‍ എത്തി വിദേശത്ത് കുടുങ്ങിയവര്‍, പ്രായാധിക്യവും മറ്റു അസുഖങ്ങളും മൂലവും പ്രയാസപ്പെടുന്നവര്‍, ഗര്‍ഭിണികള്‍, തുടങ്ങിയവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തത്.

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മുട്ടിയുടെയും മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്റെയും നേതൃത്വത്തില്‍ രൂപം നല്‍കിയ പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്ന കൈകോര്‍ത്ത് കൈരളി എന്ന ഉദ്യമത്തോട് സഹകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സുമനസുകള്‍ ആണ് മുന്നോട്ടു വന്നത്.

ആയിരത്തിലേറെ പേരെയാണ് കൈരളി ടിവിയുടെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി നാട്ടിലെത്തിക്കുക. 2005 ലെ യു എ ഇ യിലെ പൊതു മാപ്പ് സമയത്തും കൈരളി ടിവി സൗജന്യമായി പ്രവാസി മലയാളികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു.

കൈരളി ടിവിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന പ്രവാസി ജനതയോട് ഈ പ്രതിസന്ധി കാലത്ത് സാന്ത്വനമായി കൂടെ ചേര്‍ന്ന് നില്‍ക്കുകയാണ് ഞങ്ങള്‍. സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തിയുള്ള കൈരളി ടിവിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്ത് പരക്കെ പ്രശംസിക്കപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News