ലോകമാകെ 90 ലക്ഷം ആളുകൾക്ക്‌‌ കൊവിഡ്; ദിവസം ഒന്നരലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ്

ലോകത്താകെ അനുദിനം കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിനു മുകളിൽ. ഇതുവരെ 90 ലക്ഷമാളുകൾക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു‌. 48 ലക്ഷം പേർ രോഗമുക്തരായി. 4,70,000 പേർ മരിച്ചു. 4,70,000

കൊവിഡ്‌ നിയന്ത്രണവിധേയമായ ചൈനയിലും ദക്ഷിണ കൊറിയയിലും വീണ്ടും രോഗവ്യാപനമുണ്ടാകുന്നത്‌ ആശങ്കയുണ്ടാക്കുന്നു. ചൈനയിൽ 25 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 22 പേർ ബീജിങ്ങിൽനിന്നും മൂന്നു പേർ ഹുബെ പ്രവിശ്യയിൽനിന്നുമാണ്‌. ബീജിങ്ങിൽ പുതിയതായി വൈറസ്‌ വ്യാപനമുണ്ടായതിനാൽ ഇതുവരെ 23 ലക്ഷം ആളുകളുടെ സ്രവം പരിശോധിച്ചു.

ദക്ഷിണ കൊറിയയിൽ 48 പേർക്കുകൂടി രോഗം. ഇതിൽ പകുതിയും തലസ്ഥാനമായ സിയോളിലാണ്‌. ദക്ഷിണാഫ്രിക്ക, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽ രോഗികൾ വർധിക്കുകയാണ്‌. ദക്ഷിണാഫ്രിക്കയിൽ ഒരു ദിവസം 4966 പുതിയ രോഗികൾ. ഒരു ദിവസത്തെ ഏറ്റവുമുയർന്ന കണക്കാണിത്‌. ആകെ മരണം 1900.

രോഗികൾ വർധിക്കുമ്പോഴും ലോക്‌ഡൗണിൽ ഇളവ്‌ പ്രഖ്യാപിക്കുകയാണ്‌ സിറിൽ റാമഫോസ സർക്കാർ. ബ്രസീലിൽ രോഗബാധിതർ പത്തു ലക്ഷം കവിഞ്ഞു. മൂന്നു മാസത്തിനുള്ളിൽ 50,000 മരണമുണ്ടായിട്ടും കോവിഡ്‌ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രസിഡന്റ്‌ ജെയർ ബോൾസനാരോ തയ്യാറാകുന്നില്ല.

പലസ്‌തീനിലെ വെസ്റ്റ്‌ ബാങ്കിൽ 86 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹിബ്രോണിലേക്ക്‌ ഗതാഗതസൗകര്യം നിർത്തി. അഞ്ചു ദിവസം കർഫ്യു ഏർപ്പെടുത്തി. നാബുലസ് നഗരം‌ രണ്ടു ദിവസത്തേക്ക്‌ നിരീക്ഷണത്തിലാക്കി.

ജർമനിയിൽ 687 രോഗികൾ കൂടി. ഒരു മാസത്തിനിടെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്‌. സ്‌പെയിനിൽ ബ്രിട്ടീഷ്‌ വിനോദസഞ്ചാരികൾക്ക്‌ ഏർപ്പെടുത്തിയ 14 ദിവസത്തെ നിരീക്ഷണ കാലയളവ്‌ നീക്കി. നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത്‌ അടുത്തയാഴ്ച അറിയിക്കുമെന്ന്‌ ബ്രിട്ടീഷ്‌‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ പറഞ്ഞു.

അമേരിക്കയിൽ കോവിഡ്‌ രോഗികൾ വർധിക്കുന്നതിനാൽ പരിശോധന കുറയ്ക്കാൻ നിർദേശിച്ചതായി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ലോകത്തെ മറ്റേത്‌ രാജ്യങ്ങളേക്കാൾ കൂടുതൽ പരിശോധന നടത്തി. ഇതിലെ പ്രതികൂല വിഷയം രോഗികൾ കൂടുന്നതാണ്‌ –- തുൾസയിൽ നടന്ന റാലിയിൽ ട്രംപ്‌ പറഞ്ഞു.

കൂടുതൽ പരിശോധന നടത്തുമ്പോൾ, കൂടുതൽ രോഗികളെ കണ്ടെത്താനാകും ഇതിനാലാണ്‌ പരിശോധന കുറയ്‌ക്കാൻ താൻ നിർദേശിച്ചത്‌–‌ തെരഞ്ഞെടുപ്പ്‌ റാലിയിൽ ട്രംപ്‌ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ റാലിയിൽ ചൈനയ്ക്ക്‌ എതിരെയും ട്രംപ്‌ ആരോപണമുയർത്തി. ലോകത്താകെ വൈറസ്‌ വ്യാപനമുണ്ടാക്കിയത്‌ ചൈനയാണെന്നാണ്‌ ആക്ഷേപം. കോവിഡിനെ കുങ്‌ഫ്ലൂ എന്നാണ്‌ ട്രംപ്‌ പ്രസംഗത്തിലുടനീളം അഭിസംബോധന ചെയ്തത്‌.അമേരിക്കയിൽ രണ്ടാഴ്ച മുമ്പ്‌‌ വരെ പ്രതിദിനം 21400 രോഗികളാണുണ്ടായിരുന്നത്‌. ഇതിപ്പോൾ 23200 ആയി. ജൂൺ മുതൽ അമേരിക്കയിലെ പ്രതിദിന മരണവും വർധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News