കോളേജുകളിൽ നാലു വർഷ ബിരുദ കോ‍ഴ്സ് തുടങ്ങാൻ ശുപാർശ

കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ. മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ്ങിയവയും ആരംഭിക്കാൻ സർക്കാരിന്‌ വിദഗ്‌ധസമിതിയുടെ ‌ശുപാർശ നൽകി.

കോളേജുകളിൽ ആരംഭിക്കാവുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ച പ്രൊഫ. സാബു തോമസ്‌ (എംജി വിസി) അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.

ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, കൊമേഴ്‌സ്‌ കോളേജുകളുടെ എണ്ണം വർധിച്ചെങ്കിലും നവീന കോഴ്‌സുകൾ കുറവാണെന്ന്‌ സമിതി വിലയിരുത്തി.

എൻജിനിയറിങ്‌ മേഖലയിൽ കൂടുതൽ തൊഴിലവസരമുള്ള ന്യൂജെൻ കോഴ്‌സുകൾ അനുവദിക്കണം. രാജ്യത്ത്‌ അപൂർവമായുള്ള കോഴ്‌സുകൾ കേരളത്തിലെ സർവകലാശാലകളിൽ തുടങ്ങണം. പരമ്പരാഗത കോഴ്‌സുകളിലൂന്നിയ സർവകലാശാലാ പ്രവർത്തനത്തിൽ മാറ്റംവരണം. നിലവിലെ കോഴ്‌സുകൾ അതുപോലെ തുടരാം.

പുതിയ കോഴ്‌സുകൾക്ക്‌ പുതിയ ഡിപ്പാർട്ടുമെന്റ്‌ ആരംഭിക്കണം. കോഴ്‌സുകളുടെ ഘടന, പരീക്ഷാനടത്തിപ്പ്‌ എന്നിവയിൽ സമഗ്ര പരിഷ്‌കാരമാണ്‌ സമിതി നിർദേശിച്ചത്‌‌.

ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, എൻജിനിയറിങ്‌, ശാസ്‌ത്ര വിഷയങ്ങൾക്കായി നൂറിലേറെ കോഴ്‌സും നിർദേശിച്ചിട്ടുണ്ട്‌. പുതിയ കോഴ്‌സുകൾ വിദേശ സർവകലാശാലകൾ കൂടി അംഗീകരിക്കുന്നതാകണം. മൂന്നു വർഷ ബിരുദ കോഴ്‌സുകളിൽ വിദേശങ്ങളിൽ തുടർപഠന സാധ്യത കുറവാണെന്നും സമിതി വിലയിരുത്തി.

പുതിയ കോഴ്‌സുകൾ ഈ അക്കാദമിക്‌ വർഷംതന്നെ ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി കെ ടി ജലിൽ പറഞ്ഞു‌.

വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. റിപ്പോർട്ട്‌ വിശദമായി പരിശോധിച്ചശേഷം പുതിയ കോഴ്‌സുകളും അവയുടെ ഘടനയും പരീക്ഷാരീതികളും തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here