മാറാരോഗികൾക്ക്‌ ശെെലജ ടീച്ചർ ആശ്വാസം, കൊവിഡ്‌ തിരക്കുകൾക്കിടയിലും വിളിക്കുന്നു; അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നുവെന്ന് സാമൂഹ്യപ്രവർത്തക സി ഡി സരസ്വതിയുടെ കുറിപ്പ്‌

ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചർക്കെതിരെയുള്ള പരാമർശ്ശങ്ങൾ പുരുഷമേധാവിത്വ രാഷ്ട്രീയത്തിന്റെ പ്രതിഫലനമെന്ന് വനിതാരത്ന പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ സി ഡി സരസ്വതി.പൊതുരംഗത്ത്‌ കഴിവ്‌ തെളിയിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ പ്രതിഷേധാർഹമാണെന്നും സരസ്വതി ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.

അരിവാൾ രോഗബാധിതർക്ക്‌ കൊവിഡ്‌ കാലത്തുൾപ്പെടെ നൽകിയ ആശ്വാസങ്ങൾക്ക്‌ ടീച്ചർക്ക്‌ നന്ദിപറയുന്നതായും അരിവാൾ രോഗബാധിതർക്കായി ജീവിതം മാറ്റിവെച്ച സരസ്വതി യുടെ കുറിപ്പിലുണ്ട്‌.

കുറിപ്പിന്റെ പൂർണ്ണരൂപം;

ശക്തമായി പ്രതിഷേധിക്കുന്നു.
____________________________
കേരളത്തിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പുകൾ കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്തും
തന്റെ വാക്കുകൾ കൊണ്ടും കരുതൽ കൊണ്ടും ഏവരുടെയും പ്രിയങ്കരിയായി മാറിയ ബഹുമാനപ്പെട്ട
മന്ത്രി ഷൈലജ ടീച്ചറുടെ പ്രാഗത്ഭ്യം ലോകമൊന്നാകെ ഹൃദയപൂർവ്വം അംഗീകരിച്ചതാണ്.

കേരളത്തിലാകട്ടെ
ടീച്ചറെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സുമനസുകൾ ഹൃദയത്തോട് ചേർത്തുനിർത്തുന്നു.

കേവലം പ്രാഗദ്‌ഭയായ ഒരു മന്ത്രി എന്ന നിലയിൽ മാത്രമല്ല ടീച്ചർ ജനങ്ങളുടെ അഭൂതപൂർവ്വമായ സ്നേഹാദരങ്ങൾക്ക് ഉടമയായത്.

ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല രോഗികൾക്കും മാറാ രോഗങ്ങളാൽ ആശയറ്റ അരിവാൾ കോശ രോഗികൾ
പോലുള്ള വിഭാഗങ്ങൾക്കും മാതൃതുല്യമായ കരുതലും ശ്രദ്ധയും നൽകാൻ അവർക്കു കഴിഞ്ഞത് ഒരു വ്യക്തി എന്ന നിലയിൽ സിദ്ധമായ ഉന്നതമായ മൂല്യങ്ങളുടെയും കരുണ തുളുമ്പുന്ന ഒരു ഹൃദയത്തിന്നുടമയായതിനാലുമാണ്.

മഹാമാരിക്കെതിരായ യുദ്ധത്തിൽ സമയ ബന്ധിതമായി ചെയ്തു തീർക്കേണ്ട ഭാരിച്ച ചുമതലകൾക്കിടയിലും
ഞാനുൾപ്പടെയുള്ള അരിവാൾ കോശ രോഗികളുടെ അവസ്ഥയിൽ ആശങ്ക പൂണ്ട് നിരവധി തവണ വിളിച്ചന്വേഷിക്കാനും വേണ്ട
ഉപദേശങ്ങൾ തന്ന് ധൈര്യപ്പെടുത്താനും അവർ സമയം കണ്ടെത്തിയത് ഞങ്ങൾക്ക് അത്ഭുതവും അതോടൊപ്പം ആശ്രയിക്കാൻ
ശക്തയായ ഒരു ഭരണാധികാരിയുണ്ടെന്ന പ്രതീക്ഷയും നൽകുകയുണ്ടായി.

എന്നാൽ പൊതു രംഗത്ത് ഉയർന്നുവരുന്നവരും കഴിവ് തെളിയിച്ചവരുമായ എല്ലാ സ്ത്രീകളും അനുഭവിക്കുന്നത് പോലെ ടീച്ചർ പലരിൽ നിന്നും നിരന്തരമായ വ്യക്തിഹത്യയും നേരിടേണ്ടി വരുന്നത് അത്യന്തം വേദനാജനമാമാണ്.

ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്ന കേരളത്തിലെ മുതിർന്ന നേതാക്കൾ സോഷ്യൽ മീഡിയയിൽ നിരന്തരം വിദ്വേഷ പ്രചാരണം മാത്രം തൊഴിലാക്കിയവരെ പോലെ നിലവാരമില്ലാത്ത അധിക്ഷേപങ്ങൾ ചൊരിയുന്നത് പുരുഷ മേധാവിത്തപരമായ മനോവ്യാപാരത്തിന്റെ പ്രതിഫലനമായേ കാണാൻ കഴിയുകയുള്ളൂ. ഇത്തരം വിവേചനപരമായ അധിഷേപങ്ങൾ പ്രതിഷേധാർഹമാണ്.

സി .ഡി .സരസ്വതി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News