കെ സുരേന്ദ്രന്‍റെ മരണത്തില്‍ പാര്‍ട്ടിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്; മരണം സൈബര്‍ ആക്രമണത്തില്‍ ഹൃദയം പൊട്ടി; പിന്നില്‍ പാര്‍ട്ടിയിലെ ചിലരെന്നും ആരോപണം

മേയറാകാൻ ചരടുവലിക്കുന്നു എന്ന മട്ടിൽ പാർട്ടിയിലെ ചിലർ നടത്തിയ വ്യക്തിഹത്യയാണ്‌ കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ പെട്ടെന്നുള്ള മരണത്തിനിടയാക്കിയതെന്ന് കെപിസിസി അംഗം കെ പ്രമോദ്.

പ്രവാസിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ദീവേഷ് ചേനോളി ഫേസ്‌ബുക്കിലൂടെ നടത്തിയ ആക്രമണം മൂലം അദ്ദേഹം ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നു പ്രമോദ് പറയുന്നു. സുരേന്ദ്രനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ് പ്രമോദ്.

”തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബർ അക്രമണം നടന്നത്. അത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി.

ഇന്നലെ സുരേന്ദ്രേട്ടൻ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ എന്താത്മാർത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത് ..” പ്രമോദ് ഫേസ് ബുക്ക് പോസ്റ്റിൽ ചോദിയ്ക്കുന്നു.

കെപിസിസി ജനറൽ സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രൻ ഞായറാഴ്‌ചയാണ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ചത്‌.

പാർട്ടിയിലെ ചില ഉന്നതർ ഇതിനു പിന്നിലുണ്ടെന്ന സൂചനയും പ്രമോദ് നൽകുന്നു.”വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്പുന്ന ഒരു സൈബർ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നിൽ പാർട്ടിയിൽ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളർത്തി.

കണ്ണൂർ മേയർ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്നൊക്കെ ഒരു സൈബർ ക്രിമിനലിനെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.

കണ്ണൂർ മേയർ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയിൽ ആ പാവം മനുഷ്യനെ തകർക്കാൻ സൈബർ ക്വട്ടേഷൻ കൊടുത്തവൻ , അവനോടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് ഞാനടക്കമുള്ള പ്രവർത്തകർക്കില്ല എന്ന് ആദ്യമേ പറയട്ടെ.”-പ്രമോദ് പറയുന്നു.

ദീവേഷ് ചെനോലിയ്ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും പ്രമോദ് ആവശ്യപ്പെടുന്നു. ”നിയമ നടപടിയാണ് ആദ്യം വേണ്ടത്. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോൺഗ്രസും ഐ എൻ ടി യു സി യുമൊക്കെ ഇത് ഗൗരവത്തോടെ കാണണം.

നമ്മുടെ സുരേന്ദ്രേട്ടനെ കൊന്നവർ, അതിന് ഗൂഢാലോചന നടത്തിയവർ.. അവരെ ഇനിയും തോളിലേറ്റി നടക്കാനാണ് ഭാവമെങ്കിൽ അതൊന്നും പൊറുക്കാൻ സുരേന്ദ്രേട്ടനെ സ്നേഹിക്കുന്ന പ്രവർത്തകർ തയ്യാറാകില്ല..സുരേന്ദ്രേട്ടന് നീതി വേണം .. കൊലക്കുറ്റത്തിനു തന്നെ ഈ സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുപ്പിക്കണം.. ഇനിയൊരു മനുഷ്യനും ഈ ഗതിയുണ്ടാവരുതെന്ന പ്രാർത്ഥനയോടെ”-എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

കെ സുരേന്ദ്രന്റെ മരണത്തിനു തൊട്ടുമുമ്പ് ജൂൺ 17 നാണ് ദീവേഷി ന്റെ ഫേസ് ബുക്ക് പേജിൽ നിന്ന് സുരേന്ദ്രനെതിരെ തുടർച്ചയായ ആരോപണങ്ങൾ വന്നത്. സുരേന്ദ്രന്റെ ചിത്രം ചേർത്തതായിരുന്നു ആരോപണങ്ങൾ.

സിപിഐ എം നേതാക്കളുമായി ബന്ധം പുലർത്തുന്നു,ഭൂമി ഇടപാട് നടത്തി മേയറാകാൻ കുപ്പായം തയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങൾ പോസ്റ്റിലുണ്ട്. മോശപ്പെട്ട ഭാഷയിലാണ് പലതും.കള്ള കറപ്പാച്ചി,വിഡ്ഢിത്തം വിളമ്പുന്ന കോമാളി എന്നെല്ലാം പോസ്റ്റിൽ വിശേഷിപ്പിക്കുന്നു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രൊഫൈൽ ചിത്രമുള്ള ദീവേഷിന്റെ ഫേസ് ബുക്ക് അക്കൊണ്ടിൽ താൻ ആരാണെന്നു പരിചയപ്പെടുത്തുന്നത് ഇങ്ങനെ:” കണ്ണൂരുകാരനാണ് മൂവർണ്ണത്തെ സ്നേഹിക്കുന്നവനാണ് കറ കളഞ്ഞ കോൺഗ്രസ്സുകാരനാണ് .ശ്രീ P K Ragesh ആണ് നേതാവ”.

കൂറുമാറി യുഡിഎഫിലെത്തി മേയർസ്ഥാനത്തിനായി ഒരുങ്ങുന്ന നേതാവാണ് രാഗേഷ്.

പ്രമോദിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌:

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News