ഞണ്ടുകള്‍ ഇ‍ഴഞ്ഞുനീങ്ങിയ കാലത്തിന്‍റെ ഓര്‍മയ്ക്ക്; കാന്‍സര്‍ അതിജീവനത്തിന്‍റെ നാളുകളെ ഓര്‍ത്തെടുത്ത് ഒരു കുറിപ്പ്

#ഞണ്ടുകൾ_ഇഴഞ്ഞുനീങ്ങിയ_കാലത്തിന്റെ_ഓർമ്മയ്ക്ക്

കൃത്യം ഒരു വർഷം മുന്നേ, ഇതേപോലെ ഒരു രാവിലെ ഹമദ് ജനറൽ ആശുപത്രിയിലെ 502 നമ്പർ മുറിയിൽ നാലാമത്തെ കിടക്കയിൽ നിർവികാരനായി കിടക്കുന്ന സമയത്ത്, കിടക്കക്ക് സമീപത്തേക്ക് വന്ന സീനിയർ കോളോ രക്ടൽ സർജൻ ഡോക്ടർ അയ്മൻ വലതു കൈ അമർത്തി പിടിച്ചു പറഞ്ഞ വാക്കുകൾ മറക്കാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഈയുള്ളവൻ…
#ഒരു_കാലഘട്ടത്തിന്റെ_ആരംഭവും_മറ്റൊന്നിന്റെ_അവസാനവും_കുറിച്ച ആ നിമിഷങ്ങളെ സൂക്ഷിച്ച് വെക്കാൻ കഴിയാതെ പോകുന്നത് എങ്ങനെ?

ആ വാക്കുകളെ ഇങ്ങനെ സംഗ്രഹിക്കാം ” താങ്കളുടെ റക്ടൽ ഭാഗത്ത് നിന്നും ഒൻപത് സാമ്പിളുകൾ ഞങൾ ബയോപ്‌സി ചെയ്തു, അതിൽ ഒരു സാമ്പിൾ ബാഡ് ആണ്. അതായത് നിങ്ങളുടെ ശരീരത്തിൽ ക്യാൻസർ സന്നിധ്യം ഉണ്ട്. അത് സ്ഥിരീകരിച്ചിരിക്കുന്നു. ഒട്ടും ഭയപ്പടേണ്ടതില്ല പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.”

ഉള്ളിൽ ചില സെല്ലുകൾക്ക് ഭ്രാന്ത് പിടിപ്പിച്ചു എന്നറിഞ്ഞട്ടും, ഒട്ടും പതറാതെ ഒരു ചെറിയ പുഞ്ചിരിയോടെ സ്വീകരിച്ച ഒരു നിമിഷമുണ്ട് ജീവിതത്തിൽ! കാലുകൾ ഒന്നുകൂടെ മണ്ണിൽ അമർത്തിനിർത്തി പൊരുതാനുറച്ച നിമിഷം;
സ്വദവേ ദുർബലനായ നിനക്കെവിടെ നിന്നാണ് ഈ ആത്മധൈര്യം ലഭിച്ചതെന്നാണ് ചോദ്യമെങ്കിൽ, എനിക്കൊപ്പം കട്ടക്ക് നിന്ന കുറെ പേരുടെ കരുത്ത് പകർന്ന സാനിദ്ധ്യം തന്നെ…

ഒറ്റക്കല്ല എന്ന തോന്നൽ; കൂടെ നിൽക്കാൻ എന്തിനും തയ്യാറായി ചുറ്റിലും കുറേപ്പേർ ഉള്ളപ്പോൾ എന്തിന് ഭയക്കണം ഈയുള്ളവൻ? അവിടുന്ന് തുടങ്ങിയ യാത്ര പരീക്ഷണങ്ങളുടെ പുതിയ കാലമായിരുന്നു.

ഓർമ്മവെച്ച നാൾ മുതൽ ഒരു TT ഇഞ്ചക്ഷൻ പോലും എടുത്തിട്ടില്ലാത്ത, സിറിഞ്ചിനെയും നീഡിലെയും ഭയത്തോടെ മാത്രം കണ്ടിട്ടുള്ള, എന്തിനു സ്‌കൂളിൽ പഠിക്കുന്ന സമയത്ത് TT ക്യാമ്പയിൻ ഉണ്ട് എന്നറിഞ്ഞാൽ അന്നേക്ക് ലീവാക്കാൻ ആഗ്രഹിച്ച , അത്രയേറെ ഇതിനെയൊക്ക ഭയന്ന ഒരു ഒരാൾ !! , ഇരു കൈകളിലും ഐവി ക്യാനുല കുത്തിക്കയറ്റി ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നപ്പോൾ മാറിയത് വേദനയോടും സിറിഞ്ചിനോടുമുള്ള ഭയം കൂടെയായിരുന്നു.

8 ദിവസത്തെ ആശുപത്രി വാസം , പ്രവാസം എന്ത് തന്നു എന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം ഹൃദയം നിറയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച ഒരു പറ്റം മനുഷ്യരുടെ ആത്മബന്ധങ്ങൾ തന്നെ ഒരു പുഴപോലെ ശാന്തമായി ഒഴുകിയ പ്രവാസ ജീവിതത്തിൽ അപ്രതീക്ഷിതമായെത്തിയ ഒരു ചുഴി!! ആദ്യം ഒന്ന് പകച്ചുപോയെങ്കിലും, രക്തബന്ധം പോലെ ഊഷ്മളമായ സൗഹൃദത്തിന്റെ പ്രതീകമായവർ, അന്നോളം സൗഹൃദ ബന്ധങ്ങൾ മാത്രമായിരുന്ന ചില ബന്ധങ്ങൾ സംരക്ഷണത്തിന്റെ ചുറ്റു മതിൽ തീർത്തു ആത്മവിശ്വാസത്തിന്റെ കരുത്ത് പകർന്നു, സ്നേഹത്തിന്റെ പഞ്ഞിമെത്തയിൽ ഉറക്കിയവർ സ്വന്തം അമ്മയെപ്പോലെ, ചേച്ചിയേപോലെ, ഏട്ടനെപ്പോലെ, അനിയനേപോലെ ആ ബന്ധങ്ങൾ പരിവർത്തനം ചെയ്തത് എത്ര വേഗത്തിലാണെന്നോ.!!

കൂട്ടായ്മയുടെ നടുവിൽ ജീവിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്, അത് പകർന്ന ആത്മ വിശ്വാസത്തിന്റെ കരുത്തിൽ, അകപ്പെട്ടുപോയ ചുഴിയിൽ നിന്ന് വലിയ പ്രയാസമില്ലാതെ ജീവിതത്തിലേക്ക് തിരികെ നടന്ന ഒരാൾക്കു രക്തബന്ധങ്ങളെപ്പോലെ ദൃഢമായ സൗഹൃദങ്ങൾ!!.. പ്രവാസം നൽകിയ ഏറ്റവും അമൂല്യമായത്‌ ഈ ബന്ധങ്ങൾ അല്ലാതെ മറ്റെന്തു…

കടലിനും കടന്ന്, ആയിരക്കണക്കിന് കിലോമീറ്റർ ഇപ്പുറത്ത് ഖത്തർ എന്ന കൊച്ചു രാജ്യത്ത് ഹമദ് മെഡിക്കൽ കോപ്പർപറേഷനിലെ 502 നമ്പർ റൂമിൽ മരുന്നും ചികിത്സയുമായി കഴിയുന്ന എന്നെ ഒന്ന് കാണാൻ കഴിയാത്തതിന്റെ വേവലാതികൾ അവശേഷിപ്പിച്ചു നാട്ടിലെ പ്രിയപ്പെട്ടവർ. ആത്മവിശ്വാസം പകർന്ന വാക്കുകളിലൂടെയും ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയിലൂടെയും വീഡിയോ കോളിലൂടെയും അവരുടെ ആശങ്കകൾക്ക് ഒരു പരിധിവരെ ആശ്വാസം കൊടുക്കാൻ സാധിച്ചു. എന്തിനെയും നേരിടാൻ ഈയുള്ളവൻ ഒരുക്കമാണെന്ന തോന്നലിൽ നിന്നും അവർക്ക് കിട്ടിയ പോസിറ്റിവ് ഊർജ്ജം കുറെയൊക്കെ എനിക്ക് തന്നെ തിരിച്ചു കിട്ടി. ബയോപ്സി റിസൾട്ട് വരുന്നവരെ അൾസറിന്റെയും, അസിഡിറ്റിയുടെയും കഥകൾ പറഞ്ഞു അവരെ സമാധാനിപ്പിച്ചു. ഒരിക്കൽ പോലും ഫോണിന് മുന്നിൽ കരയാൻ അനുവദിച്ചിട്ടില്ല അത്രയ്ക്ക് സന്തോഷത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ ആ ദിവസങ്ങളിൽ ….

സംഭവബഹുലമായ 8 ആശുപത്രി ദിനങ്ങൾ… അപ്പോഴേക്കും എന്തിനെയും നേരിടാനുള്ള മനഃസാന്നിധ്യം സ്വന്തമാക്കി ഈ ഞാനും . അവിടെ തുടങ്ങുന്നു അതിജീവനത്തിന്റെ , ആത്മധൈര്യത്തിന്റെ ഏടുകൾ, തോൽക്കാൻ മനസ്സില്ലെന്നു ഉറപ്പിച്ച ദിവസങ്ങൾ, ഒട്ടുമേ ആശങ്കപെടുത്തതെ, ഒപ്പമുണ്ടെന്ന് ഓർമിപ്പിച്ച സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പകർന്ന ആത്മവിശ്വാസത്തിന്റെ ആദ്യമരുന്നിൽ തുടങ്ങിയ പോരാട്ടം .

ഞാൻ പോലും അറിയാതെ, സെല്ലുകൾക്ക് ഭ്രാന്ത്പിടിച്ചു ; ഒരു സൂചനപോലും തരാതെ അവൻ വളർന്നു, പിന്നെ പതിയെ പടരാൻ തുടങ്ങി, വയറ്റിലെ ഒരു കോണിൽ നിന്നും ലിവറിലേക്ക് ഭ്രാന്തൻ യാത്രകൾ അവൻ തുടങ്ങിക്കഴിഞ്ഞു. എന്നിട്ടും ഒരിക്കൽ പോലും ഒരു ചെറിയ സൂചനയെങ്കിലും താരമായിരുന്നില്ലേയെന്ന് പിന്നീട് പലയാവർത്തി ഞാനവനോട് ചോദിച്ചു. ഭ്രാന്താമായ ഒരു ചിരി ; നിന്നെ ഞാൻ കീഴടക്കുമെന്ന ധ്വനി… പക്ഷെ നമുക്ക് തോൽക്കാൻ കഴിയില്ലലോ ; കാത്തിരിക്കുന്ന കുറെ കണ്ണുകൾ മനസ്സിൽ തെളിയുമ്പോൾ തോൽക്കുന്നതെങ്ങനെ !!?

വർഷം ഒന്ന് കഴിഞു ഈ പോരാട്ടം തുടങ്ങിയിട്ട് , അതിനിടയിൽ കടന്നു പോയത് ഒൻപത് കീമോ തെറാപ്പി, ഇരുപത്തി ഒൻപത് കീമോ റേഡിയേഷൻ , ലിവറിൽ രണ്ടു ഘട്ടമായി സർജറികൾ , പിന്നീട് റെക്ടൽ സർജറി , ഇനി ഒരു കീമോ തെറാപ്പി ബാക്കിയുണ്ട്, സ്റ്റോമ ബാഗ് റിമൂവ് ചെയ്യാൻ ഒരു കൊളോൺ റിവേഴ്‌സ് സർജറി ബാക്കിയുണ്ട് അതും കഴിഞ്ഞാൽ ട്രീറ്റ്മെന്റ് പൂർണ്ണമാകും. അവസാനമായി എടുത്ത എല്ലാ ബയോപ്സി സാംപിളുകളും നെഗറ്റിവ് ആണ്, എല്ലാ ഇമേജിങ്ങ് റിപ്പോർട്ടുകളും വളരെ നല്ല റിസൾട്ട് ആണ് തന്നത്. ക്യാൻസർ സെല്ലുകൾ പൂർണ്ണമായും ഇല്ലാതാക്കി.

ലിവറിലേക്ക് പടർന്ന കോളോ-റെക്ടൽ ക്യാൻസറിൽ നിന്നും ഒരു നൂലിട വ്യതാസത്തിൽ ജീവിതത്തിലേക്ക് തിരിച്ചു നടന്ന എനിക്ക്, എന്റെ പ്രിയപ്പെട്ടവരോട് പറയാൻ ഇത്രയേ ഉള്ളൂ…മരുന്നിനെ, ഡോക്ടർമാരെ പൂർണ്ണമായും വിശ്വസിച്ചു ആത്മവിശ്വാസത്തോടെ നേരിട്ടതിന്റെ സംതൃപ്തി മനസ്സിൽ ബാക്കിയുണ്ട്..
ഇപ്പോഴും ഭയത്തോടെ, വല്ലാത്തൊരു ആധിയോടെ ക്യാൻസർ എന്ന രോഗത്തെ സമീപിക്കുന്നവർക്ക് വേണ്ടി. നേരിടാൻ കരുത്തില്ലതെ മനസ്സിൽ മൂടി വെക്കുന്നവർക്ക് വേണ്ടി, ചികിത്സയെ ഭയന്ന് കുറുക്കു വഴികൾ തേടി അലയുന്നവർക്ക് വേണ്ടി, പനിപോലെ തലവേദനപോലെ, ഭയമില്ലാതെ. ക്യാൻസറിനെ സമീപിക്കുന്ന ഒരു സമൂഹത്തെ സ്വപ്നം കാണുന്നുണ്ട് ഈയുള്ളവൻ.

#ജയിക്കുമെന്ന്_ഉറപ്പുള്ള_ഒരു_പോരാട്ടവും_ഇന്നേവരെ_ഉണ്ടായിട്ടില്ല.. പക്ഷേ, ധീരർ പോരാടി ജയിച്ച ചരിത്രമേ നമുക്ക് മുന്നില്ലുള്ളൂ… അവരിൽ ഒരാളാകാൻ ഓരോ ക്യാൻസർ പോരാളികൾക്കും കഴിയട്ടെ ; ആശംസകൾ..

✍️ സ്നേഹത്തോടെ സുഹാസ്‌❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News