മൂലമ്പിള്ളി-പിഴല പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലുടെ നിര്‍വഹിച്ചു. 80 കോടിയോളം രൂപ ചെലവഴിച്ചാണ് 608 മീറ്റര്‍ നീളവും 9.6 മീറ്റര്‍ വീതിയുമുള്ള മൂലമ്പിള്ളി-പിഴല പാലം നിര്‍മിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്.

മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാര്‍പാടം-ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണ് മൂലമ്പിള്ളി-ചാത്തനാട് റോഡ് പദ്ധതി. പ്രധാന കരയുമായി കാര്യമായ ഗതാഗത ബന്ധമില്ലാതെ കിടക്കുന്ന കടമക്കുടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൂലമ്പിള്ളി, പിഴല, വലിയകടമക്കുടി എന്നീ ദ്വീപുകളിലെ നിവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇതിന്റെ ആദ്യഘട്ടമായ മൂലമ്പിള്ളി-പിഴല പാലവും കണക്ടിവിറ്റി പാലവുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പിഴല-വലിയകടമക്കുടി, വലിയകടമക്കുടി-ചാത്തനാട് എന്നീ രണ്ട് വലിയ പാലങ്ങളും രണ്ട് ബോക്‌സ് കള്‍വെര്‍ട്ടുകളുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അതിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2013ലാണ് പാലം നിര്‍മാണം തുടങ്ങിയതെങ്കിലും പലവിധ കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. ഈ സര്‍ക്കാര്‍ വന്നശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.

സ്ഥലം ലഭ്യമാകുന്നതിനുണ്ടായ കാലതാമസം, മഹാപ്രളയം, കോവിഡ് മൂലമുണ്ടായ ലോക്ഡൗണ്‍ തുടങ്ങിയ പ്രതിസന്ധികളാണ് നിര്‍മാണ പ്രവൃത്തികള്‍ വൈകാന്‍ കാരണമായത്. അതെല്ലാം തരണം ചെയ്ത് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനായിരുന്നു. കലക്ടര്‍ എസ്. സുഹാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെ ജനപ്രതിനിധികള്‍ സംസാരിച്ചു. എസ്. ശര്‍മ എം.എല്‍.എ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here