കൊറോണക്കാലത്തെ പഠനം; സി രവീന്ദ്രനാഥ്‌ എഴുതുന്നു

ലോകം മുഴുവൻ ഭീതിയും ആശങ്കയും ഒരുപോലെ നിലനിൽക്കുന്ന കൊറോണ പ്രതിരോധത്തിന്റെ ഈ കാലഘട്ടം ചരിത്രത്തിൽ വേദനയോടെ രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട കാലയളവാണ്. അപകടകാരികളായ നിരവധി സൂക്ഷ്മജീവികളെ ചെറുത്തുതോൽപ്പിച്ച സുവർണചരിത്രം നമുക്കുണ്ട് എന്നതും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ വിജയപാതയിലൂടെ കുതിക്കുന്നു എന്നതും ശുഭപ്രതീക്ഷ നൽകുന്നു. പൊതു ആരോഗ്യസംവിധാനങ്ങളുള്ള കേരളം അടക്കമുള്ള പ്രദേശങ്ങളിൽ പ്രതിരോധം ശക്തവും മാതൃകാപരവുമാണ്. പ്രതിരോധരീതികൾ കേവലം ശാസ്ത്രീയം മാത്രമല്ല, സാമൂഹ്യവും കൂടിയാണ്. സമൂഹത്തിന്റെ ഗുണപരമായ ചലനങ്ങൾ പ്രതിരോധത്തിന് ശക്തി പകരും. സമൂഹമനസ്സിന്റെ സൂക്ഷ്മചലനാവസ്ഥപോലും പ്രതിരോധത്തെ സ്വാധീനിക്കും.

മറ്റെല്ലാ മേഖലയിലുമെന്നപോലെ വിദ്യാഭ്യാസമേഖലയിലും ഗുരുതരമായ പ്രതിസന്ധികളുണ്ടായി. പൊതുപരീക്ഷകൾ പൂർത്തീകരിക്കുന്നതിനുമുമ്പുതന്നെ കൊറോണപ്രശ്നം രൂക്ഷമായി. അതോടെ പൊതുപരീക്ഷകൾ മാറ്റിവയ്ക്കേണ്ടി വന്നു. പാഠപുസ്തക അച്ചടി പൂർത്തീകരിക്കുന്നതിനുമുമ്പുതന്നെ ലോക്ഡൗൺ നടപ്പാക്കി. വിതരണം തടസ്സപ്പെട്ടു. അഡ്മിഷൻ നടപടികളും താളം തെറ്റി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടായി.

കൊറോണ ഭീതിയോടൊപ്പം മക്കളുടെ വിദ്യാഭ്യാസപ്രശ്നങ്ങളും കൂടിയായപ്പോൾ കുടുംബങ്ങളിൽ ആശങ്ക വർധിച്ചു. ആരോഗ്യവകുപ്പിന്റെ ഇടപെടലിനൊപ്പം മറ്റ് വകുപ്പുകളും ചേർന്നുകൊണ്ട് ഗുണപരമായ മാറ്റങ്ങൾക്ക് ശ്രമിച്ചു എന്നത് സ്വാഗതാർഹമാണ്. ഈ പശ്ചാത്തലത്തിലാണ് ചില സുപ്രധാന തീരുമാനങ്ങളെടുത്തത്. കുട്ടിയുടെ മനസ്സിലെ ആശങ്കകൾ അകറ്റി കുടുംബമനസ്സിനെ അർഥപൂർണമായി സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. കുട്ടിയുടെ സർഗ, കായിക, ബൗദ്ധിക ശേഷികൾ പരമാവധി വളർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളുണ്ടാക്കാനുള്ള ചിന്തകൾ ഇങ്ങനെയാണ് ഉണ്ടായത്.

അക്ഷരവൃക്ഷം പദ്ധതി

പാഠാനുഭവങ്ങൾ പരീക്ഷയ്‌ക്കുവേണ്ടിമാത്രം ചിട്ടപ്പെടുത്തിയിരുന്ന കാലം മാഞ്ഞുപോയി. പഠനത്തെ അർഥപൂർണമായ ജീവിതാനുഭവമാക്കി മാറ്റാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സൂക്ഷ്മജീവികളെക്കുറിച്ചും പ്രത്യേകിച്ച് വൈറസുകളെക്കുറിച്ച് പാഠങ്ങളിൽ പഠിച്ചത് വർത്തമാനകാല ജീവിതാനുഭവവുമായി ബന്ധപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തിയത്. ഈ നവാനുഭവം കുട്ടിയുടെ സർഗശേഷിയുമായി ബന്ധപ്പെടുത്തിയാൽ പുതിയൊരു സംസ്കാരത്തിന് വഴിയൊരുക്കാം എന്ന് തിരിച്ചറിഞ്ഞതിന്റെ ഭാഗമായിട്ടാണ് “അക്ഷരവൃക്ഷം’ പദ്ധതി ആവിഷ്കരിച്ചത്.

കഥ, കവിത, ലേഖനം, ചിത്രം എന്നീ സർഗസൃഷ്ടികൾ സ്വയം രചിച്ച് അധ്യാപകരുടെ സഹായത്തോടെ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ടാക്കി. 56280 കലാസൃഷ്ടി ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു. മികച്ച കലാസൃഷ്ടികൾ നമുക്ക് ലഭിച്ചു. അവയെല്ലാം ക്രോഡീകരിച്ച്‌ എസ്‌സിഇആർടി 30 പുസ്തകം പ്രസിദ്ധീകരിച്ചു. ഈ സർഗരചനയും അതിന്റെ പ്രസിദ്ധീകരണവും കുടുംബങ്ങളിലുണ്ടാക്കിയ ഗുണപരമായ മാനസികമാറ്റം ചരിത്രമാകും. അക്ഷരവൃക്ഷം നൽകിയ ആവേശം സാംസ്കാരിക മണ്ഡലത്തിന്റെ വളർച്ചയുടെ സുവർണഭൂമിക കൂടിയായിരിക്കും.

അവധിക്കാല സന്തോഷങ്ങൾ

കുട്ടികളുടെ സാങ്കേതിക കഴിവുകളെ, പ്രത്യേകിച്ച് ഐടി രംഗത്തുള്ളത്, നിർജീവമാകാവുന്ന ഘട്ടത്തിലാണ് “അവധിക്കാല സന്തോഷങ്ങൾ’ എന്ന പദ്ധതി ആവിഷ്കരിച്ചത്. സർഗശേഷിയും സാങ്കേതിക മികവും ഭാവനയും ഒരുമിച്ച് ചേർക്കാനുള്ള ഇടപെടലാണിത്. ഭയന്നിരിക്കുന്ന മനസ്സിനെ ആശയുടെ ദിശയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു ഇത്. കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ പദ്ധതി വളരെയധികം ശ്രദ്ധയാകർഷിച്ചു. കളികളിലൂടെ മനസ്സിനെ ഉല്ലാസഭരിതമാക്കുക എന്ന ലക്ഷ്യം കുറെയൊക്കെ നേടാൻ കഴിഞ്ഞു. പ്രതിരോധത്തിലേക്ക് ഒരു ചുവടുകൂടി.

പത്താംക്ലാസ് പഠനത്തിനുശേഷം തുടർപഠനം എങ്ങനെയായിരിക്കണമെന്ന് കുട്ടികൾക്ക്‌ ദിശാബോധം നൽകുന്ന “ദിശ’ പദ്ധതി, ഹയർസെക്കൻഡറി വിഭാഗവും സംശയങ്ങൾ ദൂരീകരിക്കാൻ “ഹൗ ആർ യു’എന്ന പദ്ധതി വൊക്കേഷണൽ ഹയർസെക്കൻഡറിയും നടപ്പാക്കിയിരുന്നു. പഠനാനന്തരമുണ്ടാകുന്ന ആശങ്കയകറ്റാൻ ഇതിലൂടെ കഴിഞ്ഞു.

പരീക്ഷകൾ അതീവശ്രദ്ധയോടെ

ഇനിയും പരീക്ഷ പൂർത്തിയാകാനുണ്ട് എന്ന തോന്നൽ കുട്ടികളിൽ അരക്ഷിതബോധമുണ്ടാക്കും. ഈ അവസ്ഥ തുടർന്നുനടക്കേണ്ട എൻട്രൻസ് പോലുള്ള പരീക്ഷകൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് ബുദ്ധിമുട്ടിലാക്കും. ചുരുക്കത്തിൽ, പൂർണമാകാതെ നീണ്ടുപോകുന്ന പരീക്ഷകൾ കുട്ടികളിലും കുടുംബത്തിലും അസ്വസ്ഥത സൃഷ്ടിക്കും. പരീക്ഷകൾ വേണ്ടെന്നുവച്ചാൽ പരീക്ഷ നടത്താതെ പാസായ കുട്ടികൾ എന്ന ദുഷ്‌പേര് കുട്ടികൾക്കുണ്ടാകും. ഈ ദുരവസ്ഥ ഒഴിവാക്കാൻപോലും ശ്രദ്ധിച്ചുകൊണ്ടാണ് മേയിൽത്തന്നെ അതീവ ശ്രദ്ധയോടെ പരീക്ഷകൾ നടത്തിയത്.

അതുകൊണ്ട് ഏറ്റവും അനുയോജ്യമായ സമയത്ത് പരീക്ഷ നടത്താനും കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക പിരിമുറുക്കം നല്ലതുപോലെ കുറയ്ക്കാനും കഴിഞ്ഞു. മെയ് 30നുമുമ്പുതന്നെ പരീക്ഷകൾ നടത്തി. ജൂണിൽ വരാൻ സാധ്യതയുള്ള പേമാരി, കൊറോണയുടെ സാമൂഹ്യവ്യാപന സാധ്യതകൾ, വർഷകാലത്തെ രോഗങ്ങളും സഞ്ചാരസൗകര്യ പ്രശ്നങ്ങളും എല്ലാം തടസ്സമാകും എന്നായിരുന്നു കണക്കുകൂട്ടൽ. 99.95 ശതമാനം കുട്ടികൾ സുരക്ഷിതമായി പരീക്ഷയെഴുതി.

സുരക്ഷിതമായി മൂല്യനിർണയ ക്യാമ്പുകളും സംഘടിപ്പിക്കാൻ കഴിഞ്ഞു. പരീക്ഷയുടെ വിജയകരമായ പൂർത്തീകരണം കുടുംബങ്ങളിലുണ്ടാക്കിയ സ്വസ്ഥത കൊറോണ പ്രതിരോധത്തിന് എന്തെന്ത് നേട്ടങ്ങളുണ്ടാക്കിയെന്ന് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. പരീക്ഷയുടെ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്.

ഓൺലൈൻ പ്രവേശനം

അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക് ഓൺലൈൻ സംവിധാനമേർപ്പെടുത്തി. പ്രവേശനത്തിനോ ടിസി വാങ്ങുന്നതിനോ കുട്ടികൾ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. അഡ്മിഷൻ എങ്ങനെ ലഭിക്കും എന്ന മാതാപിതാക്കളുടെ ഭയം ഇല്ലാതാക്കാൻ ഇതിലൂടെ കഴിഞ്ഞു. ഒരു കുടുംബത്തിലുണ്ടാകുന്ന ഓരോ ചെറിയ പ്രശ്നംപോലും വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിച്ചിരുന്നു എന്നർഥം.

മാർച്ച് 31നുമുമ്പ്‌ പാഠപുസ്തകങ്ങൾ എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. അക്കാലത്ത് പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഗതാഗത തടസ്സവും പ്രസ് അടച്ചുപൂട്ടലും ഉണ്ടായി. ഇത് പുസ്തകവിതരണത്തെ തടസ്സപ്പെടുത്തി. പക്ഷേ, ചരിത്രത്തിലാദ്യമായി ഏപ്രിൽ 14നുതന്നെ എല്ലാ പുസ്തകവും ഓൺലൈനിൽ ലഭ്യമാക്കി.അധ്യാപകർക്കുള്ള അവധിക്കാല പരിശീലന പരിപാടികളും ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കി. അധ്യാപകർക്ക് ഈ പരിശീലനം പുതിയൊരു അനുഭവമായി. ലോക്ഡൗണായാലും പരിശീലനം ലഭിക്കുന്നതിൽ കുറവു വന്നില്ല എന്ന ആത്മവിശ്വാസമുണ്ടായി. ആധുനിക പാഠ്യപദ്ധതിയായ ടെക്നോ പെഡഗോജിയുടെ രീതിശാസ്ത്രം പകർന്നു നൽകാൻ കഴിഞ്ഞു.

എസ്‌എസ്‌കെയുടെ പഠനത്തെത്തുടർന്ന് ട്രയൽ നടത്തിക്കൊണ്ടുപോലും സൂക്ഷ്മമായി പഠിച്ചുമാത്രമേ ഓൺലൈൻ പഠനം ആരംഭിച്ചിട്ടുള്ളൂ. വിദ്യാഭ്യാസം ജനകീയമായി എന്നത് തെളിയിച്ചുകൊണ്ടാണ് 2.5 ലക്ഷം കുട്ടികൾക്കുള്ള പഠനസൗകര്യങ്ങൾ രണ്ടാഴ്ചകൊണ്ട് കേരള ജനത ജനകീയമായി സൃഷ്ടിച്ചത്. അധ്യാപകരും അനധ്യാപകരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും നിസ്തുലമായ പങ്കുവഹിച്ചു.

ധനവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റെല്ലാ വകുപ്പുകളും പിന്തുണ നൽകി. വിദ്യാഭ്യാസം ജനകീയമായി എന്നത് വീണ്ടും തെളിയിക്കുന്ന പരിപാടിയായി ഓൺലൈൻ പഠനം മാറി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറുമടക്കം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും എസ്‌എസ്‌കെ പ്രവർത്തകരും കുട്ടികളുടെ വീടുകളിലെത്തിപ്പോലുമാണ് പദ്ധതി വിജയിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

ആരോഗ്യവകുപ്പിന്റെ പ്രതിരോധ ശൈലിയോടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഐക്യദാർഢ്യവും ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യവുമാണിത്. ഈ ജനകീയ വിദ്യാഭ്യാസത്തെ കൂടുതൽ പുഷ്കലമാക്കി ഭാവിതലമുറയ്‌ക്ക് ആധുനികവിദ്യാഭ്യാസം നൽകാൻ നമുക്ക് ഒന്നിക്കാം. പാർശ്വവൽക്കരിക്കപ്പെടാത്ത ജനതയുടെ സൃഷ്ടിയാണ് വികസനം എന്ന ആശയം ജനകീയമായി പ്രാവർത്തികമാക്കാം.

ഓൺലൈൻ പഠനം

സാധാരണ നിലയിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന് ലോക്ഡൗൺ നിയമങ്ങൾ തടസ്സമാണെന്ന് ബോധ്യപ്പെട്ടവർക്കെല്ലാം അടുത്ത അക്കാദമിക വർഷത്തെക്കുറിച്ച് വലിയ ആശങ്കയായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ മാനസികമായി തളർത്തുന്ന ഒരു ആശങ്കയായിരുന്നു ഇത്. ഈ ആശങ്കയും അകറ്റണം എന്നതുകൊണ്ടാണ് ഓൺലൈൻ പഠനം ആരംഭിച്ചത്.

ജൂൺ ഒന്നിനുതന്നെ അക്കാദമിക വർഷം ആരംഭിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സമൂഹത്തിനാകെ ആശ്വാസവും ആത്മവിശ്വാസവും നൽകി. അന്ന് കുട്ടികൾക്ക് സ്കൂളിൽ എത്താൻ പറ്റുമായിരുന്നുവെങ്കിൽ ഓൺലൈൻ പഠനം ആവശ്യമായി വരുമായിരുന്നില്ല. സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യത്തിൽ വീട്ടിലിരുത്തിത്തന്നെ അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇത് സാമ്പ്രദായിക ക്ലാസുകൾക്ക് ബദലല്ല. മാത്രമല്ല, സാധാരണ ക്ലാസുകൾ ആരംഭിക്കാൻ അവസരമുണ്ടായാൽ ഇന്നത്തെ രീതിയിലുള്ള ഓൺലൈൻ പഠനം ഒഴിവാക്കും.

ക്ലാസിലുണ്ടാകുമായിരുന്ന ജൈവബന്ധം നിലനിർത്താൻ ഇപ്പോഴത്തെ ഓൺലൈൻ പഠനത്തിൽ സാധ്യമല്ല. അതുകൊണ്ട് ക്ലാസിന്റെ നൈസർഗികമായ ജൈവബന്ധത്തിലേക്ക് പിന്നീട് നയിക്കാവുന്ന പുതിയൊരു ജൈവബന്ധം കൊറോണ കാലഘട്ടത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തുടർന്ന്, സ്കൂളുകളിൽത്തന്നെ ശരിയായ ക്ലാസ് തുടങ്ങുമ്പോൾ അക്കാദമിക പിന്തള്ളൽ ഉണ്ടാകുകയുമില്ല. ഗൃഹബന്ധം എന്ന പുതിയൊരു പഠന ജൈവബന്ധം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് കാലഘട്ടത്തിന്റെ പ്രധാന നേട്ടമാണ്. ഈ അനുഭവം പകർന്ന പഠനാനുഭവങ്ങൾ ചർച്ച ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ.

കുട്ടിയോടൊപ്പം ക്ലാസിലിരിക്കാൻ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല. ഇപ്പോൾ അതും സാധ്യമാണ്. അതുണ്ടാക്കുന്ന കുടുംബാന്തരീക്ഷം സന്തോഷവും ആവേശവും നിറഞ്ഞതാണ്. ഇത് പ്രതിരോധത്തിന് ഊന്നൽ നൽകും എന്നത് ശ്രദ്ധേയമാണ്. ഓൺലൈൻ പഠനശൈലി കുട്ടിയുടെ അക്കാദമിക സജീവതയ്‌ക്കുള്ള പുതിയൊരു രീതിയാണ്. “ഓൺലൈൻ പഠനം’ എന്ന നിലവിലുള്ള രീതിയിൽനിന്ന്‌ വ്യത്യസ്തമാണ് കേരളത്തിന്റെ ഓൺലൈൻ. ഇവിടെ അധ്യാപകനെ മാറ്റിനിർത്തിക്കൊണ്ടല്ല ആശയാവതരണങ്ങൾ മുന്നോട്ടുപോകുന്നത്. ക്ലാസുകൾക്കൊപ്പം അധ്യാപകരും മാതാപിതാക്കളുമുണ്ട്. കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിട്ടാണ് കാണുന്നത്. വ്യത്യസ്തവും അനന്യവുമായ പരിശീലനമാണ് കേരളത്തിൽ നാം വികസിപ്പിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here