അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ

അതിര്‍ത്തിയില്‍ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏപ്രിലില്‍ ഉണ്ടായ സ്ഥിതി പുനഃസ്ഥാപിക്കാന്‍ തീരുമാനം.കമാണ്ടര്‍ തല ചര്‍ച്ചയിലാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാക്കുന്ന ധാരണയിലേക്ക് എത്തിയത്.

ജൂണ്‍ 15ലെ രക്ത രൂക്ഷിതമായ ഏറ്റുമുട്ടലിന് ശേഷം കിഴക്കന്‍ ലഡാക്കില്‍ നിന്നും വരുന്ന ഏറ്റവും ശുഭകരമായ റിപ്പോര്‍ട്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏപ്രിലില്‍ ഉണ്ടായ സ്ഥിതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ധാരണ ആയിരിക്കുന്നു. ഇതിന് ഉതകും വിധം സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും സമ്മതം അറിയിച്ചു.

ജൂണ് ആറിനും സമാനമായ ധാരണ ഉണ്ടായിരുന്നെങ്കിലും ചൈന ഇത് ഏകപക്ഷീയമായി ലംഘിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി ഒരുക്കിയത്.അതുകൊണ്ട് ഈ ധാരണ ചൈന പാലിക്കുമോ എന്ന് കാത്തിരുന്ന് കാണണം. അതിര്‍ത്തിയില്‍ ആശങ്ക കെട്ടടങ്ങാതെ തുടരവെയാണ് കരസേനാ മേധാവിയുടെ കിഴക്കന്‍ ലഡാക്ക് സന്ദര്‍ശനം.

രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. മേഖലയിലെ സേനാ വിന്യാസവും പരിശോധിക്കും.സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് പോകാനിടയില്ല.

പരുക്കേറ്റ് ലേ യിലെ സൈനിക ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ പട്ടാളക്കാരെ അദ്ദേഹം സന്ദര്‍ശിക്കാനിടയുണ്ട്. ലേ ലഡാക്ക് മേഖലയിലെ സൈനിക ഉദ്യോഗസ്ഥരുമായി കരസേനാ മേധാവി ചര്‍ച്ച നടത്തും.

കരസേനാ മേധാവിക്ക് സൈനിക തല ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേരിട്ട് വിശദീകരിക്കേണ്ടതിനാല്‍ ഇന്ത്യ ചൈന കമാണ്ടര്‍ തല ചര്‍ച്ച ഇന്നുണ്ടായില്ല. ഇതിനിടെ 40 ചൈനീസ് സൈനികര്‍ മരിച്ചെന്ന വാദം പൂര്‍ണമായും തെറ്റെന്ന് ചൈന അവകാശപ്പെട്ടു.

വ്യാജ വാര്‍ത്തയെന്നാണ് ചൈനീസ് വിദേശ കാര്യ വക്താവിന്റെ പ്രതികരണം. ഇന്ത്യ ചൈനാ ബന്ധം വഷളായി തുടരവെ റഷ്യ, ഇന്ത്യ, ചൈന വിദേശ കാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. വീഡിയോ കോണ്ഫറന്‍സ് വഴി ആയിരുന്നു യോഗം.

അന്താരാഷ്ട്ര സുരക്ഷ, സാമ്പത്തിക സ്ഥിരത, കൊവിഡ് പ്രതിസന്ധി തുടങ്ങിയവയായിരുന്നു അജണ്ടകള്‍. ഇന്ത്യാ – ചൈന സംഘര്‍ഷം പരിഗണനാ വിഷയമായി എടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News