കേന്ദ്രത്തിന്‍റെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ ബെഫി; ബുധനാ‍ഴ്ച പൊതുമേഖലാ സംരക്ഷണ ദിനം; കേരളത്തില്‍ 1000 കേന്ദ്രങ്ങളില്‍ പ്രകടനം

കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നയത്തില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ബുധനാഴ്ച പൊതുമേഖലാ സംരക്ഷണ ദിനമായി ആചരിക്കും.

ലോകമാകെ ഒരു മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്. നമ്മുടെ രാജ്യവും ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തകര്‍ന്നു കൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്ഘടന സമ്പൂര്‍ണ ലോക്ഡൗണിലൂടെ കൂടുതല്‍ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ സാധാരണക്കാരന്റെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിച്ച് സമ്പദ്‌മേഖലക്ക് ഉണര്‍വേകുക എന്നതിലായിരിക്കണം ഒരു ജനാധിപത്യ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അതിനുള്ള തുടക്കമെന്ന നിലയിലാണ് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ പദ്ധതി പ്രഖ്യാപനത്തെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ വീക്ഷിച്ചത്.

രാജ്യത്തെ ജി.ഡി.പി.യുടെ പത്ത് ശതമാനം, ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജാണ്, പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ തുടര്‍ന്ന് ധനകാര്യ മന്ത്രിയുടെ പാക്കേജ് വിതരണത്തെക്കുറിച്ച ഒരാഴ്ച നീണ്ട പ്രഖ്യാപനങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഖജനാവിന് ആകെ ചിലവ് രണ്ട് ലക്ഷത്തിനടുത്ത് എന്ന നിലയിലായി.

പ്രഖ്യാപനത്തിലെ 12 ലക്ഷം കോടിയും ബാങ്കു വായ്പകളിലൂടെ നല്‍കണമെന്നതായിരുന്നു നിര്‍ദ്ദേശം. പാക്കേജ് പ്രഖ്യാപന വേളയില്‍ രാജ്യത്തെ നിലവിലുള്ള പൊതുമേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നിലപാടും പ്രഖ്യാപിക്കപ്പെട്ടു.

സ്ട്രാറ്റജിക് മേഖലയില്‍ ഏറിയാല്‍ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നാണ് ധനമന്ത്രി പറഞ്ഞത്. തന്ത്രപ്രധാന മേഖലകള്‍ പോലും സ്വകാര്യ വിദേശ കുത്തകകള്‍ക്ക് തീറെഴുതാനാണ് തീരുമാനം.

കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളമായി ദിനംപ്രതി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ അനുവദിച്ചു കൊണ്ട് തങ്ങളുടെ കുത്തക പ്രീണനനയം അരക്കിട്ടുറപ്പിച്ചിരിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍.

കൊറോണ വ്യാപന ഭീതിയുടെ തുടക്കകാലത്താണ്, 2020 ഏപ്രില്‍ 1 ന്, മെഗാ ബാങ്ക് നയങ്ങള്‍ തിടുക്കത്തില്‍ നടപ്പിലാക്കിയത്. അതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. ലയിച്ച് വലുതായ ആറു ബാങ്കുളും ലയനം നടക്കാത്ത ആറു ബാങ്കുകളും. ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് വായ്പകള്‍ ഈ പൊതുമേഖലാ ബാങ്കുകളിലൂടെയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

എന്നാല്‍ സ്വകാര്യവല്‍ക്കരണ പ്രഖ്യാപനത്തെ തുടര്‍ന്ന് മൂന്നു ബാങ്കുകള്‍, പഞ്ചാബ് & സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എന്നിവ ഉടന്‍ സ്വകാര്യവല്‍ക്കരിക്കുന്നു എന്ന പത്ര വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

കേന്ദ്ര ഭരണാധികാരികള്‍ നിര്‍ദ്ദേശിക്കുന്നത് പ്രകാരം വന്‍കിട കുത്തകകള്‍ക്ക് നല്‍കിയ വായ്പകളില്‍ സിംഹഭാഗവും കിട്ടാക്കടമായ പശ്ചാത്തലത്തില്‍ പ്രവര്‍ത്തന ലാഭമുള്ള പല ബാങ്കുകളും അറ്റ നഷ്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വന്‍ തുക വായ്പയെടുത്ത വന്‍കിട കുത്തക മുതലാളിമാര്‍ക്ക് അതേ പൊതുമേഖലാ ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈമാറുകയാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യം ലോക്ഡൗണില്‍ കഴിയുന്ന വേളയില്‍ നടക്കുന്ന വന്‍ പകല്‍കൊള്ളയാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട സമ്പൂര്‍ണ പൊതുമേഖലാ സ്വകാര്യവല്‍ക്കരണം.

കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രചരണ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് 2020 ജൂണ്‍ 24 ന് ബി.ഇ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി സംസ്ഥാനത്താകെ 1000 കേന്ദ്രങ്ങളില്‍, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്, പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്.

പൊതുമേഖലാ സംരക്ഷണ ദിനം വിജയിപ്പിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരുടെയും മറ്റ് ട്രേഡ് യൂണിയന്‍ വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും സഹകരണം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ബെഫി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News